Random Posts

Saturday, September 24, 2011

കേരളത്തിന് ഐ.ഐ.ടി

  • വിഴിഞ്ഞം പദ്ധതി അനുമതി ഉടന്‍

  • ഇടുക്കി ക്ഷീരജില്ലയാക്കും

  • ആദിവാസിപുനരധിവാസത്തിന് പദ്ധതി



ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഉള്‍പ്പെടെ കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒട്ടേറെ വികസന പദ്ധതികള്‍ക്ക് അനുമതിയും സഹായവും നല്‍കാമെന്ന് കേന്ദ്രസര്‍ക്കാറിന്റെ ഉറപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കേരളത്തിന് ഐ.ഐ.ടി. അടുത്ത വര്‍ഷം ലഭിക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഐ.ഐ.ടി. പരിഗണിക്കാമെന്നാണ് ലഭിച്ചിട്ടുള്ള ഉറപ്പ്. പ്രധാനമന്ത്രി നേരത്തേ നല്‍കിയ വാഗ്ദാനത്തിന്റെ തുടര്‍നടപടിയെന്ന നിലയ്ക്കാണ് കേന്ദ്ര മാനവശേഷി വികസനസഹമന്ത്രി ഇ. അഹമ്മദ് ഐ.ഐ.ടി. ഉറപ്പു നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ സ്ഥലത്താണ് ഐ.ഐ.ടി. സ്ഥാപിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതിനായി 300-600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും ഇ. അഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായുള്ള സുരക്ഷാ അനുമതി എത്രയും വേഗം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന മന്ത്രിസംഘത്തിന് ഉറപ്പു നല്‍കി. ഒന്നില്‍ക്കൂടുതല്‍ മന്ത്രാലയങ്ങളുടെ പരിഗണന ആവശ്യമുള്ളതിനാല്‍ അവയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കും.

വയനാട്ടിലെ നിബിഡവനത്തില്‍ താമസിക്കുന്ന ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഉറപ്പു നല്‍കിയതും സംസ്ഥാനത്തിന് നേട്ടമാകും. ഇവിടെ 800 ആദിവാസികള്‍ താമസിക്കുന്നുണ്ട്. 80 കോടി രൂപയുടെ ധനസഹായം കേരളം ചോദിച്ചിരുന്നു. പ്രായപൂര്‍ത്തിയായ ഓരോ ആദിവാസിക്കും പുനരധിവാസത്തിനായി പത്തു ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നതാണ് പദ്ധതി.

ആദിവാസിക്ഷേമ വകുപ്പിന്റെ അംഗീകാരത്തോടെ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് ജയന്തി നടരാജന്‍ അറിയിച്ചു. വയനാട്-കര്‍ണാടക റൂട്ടിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെങ്കിലും ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍, കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി അടിയന്തരസമ്മേളനം വിളിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഇടുക്കിയില്‍ ഒരു ലക്ഷം പശുക്കളെക്കൂടി കൂടുതലായി വളര്‍ത്താന്‍ ക്ഷീരകര്‍ഷകര്‍ക്ക് സൗകര്യം നല്‍കുന്ന പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ മന്ത്രിതലസംഘത്തെ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രപദ്ധതികളുടെ ആനുകൂല്യം ലഭിക്കാനായി ബി. പി.എല്‍.-എ.പി.എല്‍. എന്നിങ്ങനെ തിരിക്കരുതെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം പവാര്‍ അംഗീകരിച്ചു.

കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത കുട്ടികള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയെ സഹായിക്കാമെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി മുകുള്‍ വാസ്‌നിക് ഉറപ്പു നല്‍കി. ഒരു കുട്ടിക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കും. എ.പി.എല്‍. അരിവിഹിതം 15 കിലോഗ്രാമാക്കി വര്‍ധിപ്പിക്കാമെന്നതാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുടെ ഉറപ്പ്. ചെങ്ങന്നൂര്‍, ആരക്കുളം, മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണുകള്‍ക്കായി ഉടന്‍ സ്ഥലം കണ്ടെത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെ അറിയിച്ചു.

കെ.എസ്.ഐ.ഡി.സി.യുടെ പങ്കാളിത്തത്തോടെ കളമശ്ശേരി എച്ച്.എം.ടി. യൂണിറ്റിന്റെ ശേഷി കൂട്ടാനുള്ള പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന കാര്യം ആലോചിക്കണമെന്ന് കേന്ദ്ര വന്‍കിട വ്യവസായമന്ത്രി പ്രഫുല്‍ പട്ടേല്‍ നിര്‍ദേശിച്ചു.
കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായുള്ള കൂടിക്കാഴ്ചയില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഉന്നയിച്ചു. കേന്ദ്രത്തിന്റെ ചില സംശയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വിശദീകരണം നല്‍കും. ചെന്നൈ മാതൃകയില്‍ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തത്തോടെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാവും.

നഗരങ്ങളിലെ ചേരി നിര്‍മാര്‍ജനത്തിനുള്ള പദ്ധതിയായ രാജീവ് ആവാസ് യോജനയില്‍ അഞ്ചു കോര്‍പ്പറേഷനുകളെയും കണ്ണൂര്‍ നഗരത്തെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കമല്‍നാഥ് അറിയിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കായംകുളം മുതല്‍ തിരുവനന്തപുരം വരെ നീട്ടാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി സമ്മതിച്ചു. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ കുറവിലങ്ങാട്ടോ വള്ളിച്ചിറയിലോ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) സ്ഥാപിക്കും. അമ്പതേക്കര്‍ സ്ഥലത്ത് 128 കോടി രൂപ മുതല്‍മുടക്കിലാണ് ഈ കേന്ദ്രം.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്ഥാപിക്കും. മലപ്പുറം ജില്ലയില്‍ മോഡല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാമെന്നും ഏറ്റിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഡല്‍ഹിയില്‍ 15 കേന്ദ്രമന്ത്രിമാരുമായി വിവിധ വികസനപദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി. നിറഞ്ഞ മനസ്സോടെയാണ് തിരിച്ചു പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.