വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപകമായി ക്രമക്കേടും അഴിമതിയും. ഇന്നലെ വൈകിട്ട് വരെ12 വകുപ്പുകളിലുടെ 70 ഓളം ഓഫീസുകളില്‍ നടന്ന റെയ്ഡിലാണ് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
പല ഓഫീസുകളും അനധികൃത മണല്‍- കല്ല് കടത്തുകാരില്‍ നിന്ന് ഫൈന്‍ കുറച്ചുകാണിച്ചും സര്‍ക്കാരിന് നഷ്ടംവരുത്തിയതായും കണ്ടെത്തി. ഇതാദ്യമായാണു വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സംയുക്തമായി പരിശോധന നടത്തുന്നത്. ഉപഭോക്താക്കളുടെ നിരവധി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചതായി കണ്ടെത്തി. 'ഓപ്പറേഷന്‍ അവിയല്‍' എന്ന പേരില്‍ നടന്ന റെയ്ഡിന് വിജിലന്‍സ് എ.ഡി.ജി.പി ശങ്കര്‍റെഡ്ഡിയാണ് നേതൃത്വം നല്‍കിയത്. ആര്‍.ടി.ഒ, താലൂക്ക് സപ്ലൈ, വില്ലേജ്, പഞ്ചായത്ത്- മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍, മൈനിങ് ആന്റ് ജിയോളജി, ടൗണ്‍ പ്ലാനിങ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യൂ.ഡി എന്നീ വകുപ്പുകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. നിരവധി പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ കെട്ടിടാനുമതിക്കും വില്ലേജുകളില്‍ ജാതി- മരണ സെര്‍ട്ടിഫിക്കറ്റിനും ആര്‍.ടി ഓഫീസുകളില്‍ വാഹനപെര്‍മിറ്റ്- ഡ്രൈവിങ് ലൈസന്‍സിനുമുള്ള നൂറുകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. വടകര ആര്‍.ടി ഓഫീസില്‍ പെര്‍മിറ്റിനുള്ള 232 ഉം ഡ്രൈവിങ് ലൈസന്‍സിനുള്ള 276 ഉം അപേക്ഷകളില്‍ തീരുമാനമുണ്ടായില്ല. നികുതി നീക്കംചെയ്യാന്‍ നിരത്തിലിറക്കാത്ത വാഹനങ്ങളുടെ കണക്കെടുപ്പിനുള്ള 286 അപേക്ഷകളിലും നടപടിയുണ്ടായില്ല. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡിനുള്ള 497 ഉം കാര്‍ഡ് തിരുത്തലിനായുള്ള 411 ഉം അപേക്ഷകളില്‍ നടപടിയില്ല.
കോട്ടയം കുറവിലങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 4000 രൂപ, കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് 18,832 രൂപ, മുത്തങ്ങ കൊമേഴ്‌സ്യല്‍ ചെക്‌പോസ്റ്റില്‍ നിന്ന് 470 രൂപ, പത്തനംതിട്ട കോയിപ്പുറം വില്ലേജ് ഓഫീസില്‍ നിന്നു 975 രൂപ, വടകര മുനിസിപ്പാലിറ്റിയിലെ ക്ലര്‍ക്കില്‍നിന്ന് 1065 രൂപ, പത്തനംതിട്ട വില്ലേജ് ഓഫീസ് ഓഫിസില്‍ 1350 രൂപയുടെ നികുതിവെട്ടിപ്പ് എന്നിവ കണ്ടെത്തി. മലപ്പുറം ആര്‍.ടി.ഓഫീസില്‍ ആറുകോടി 33 ലക്ഷംരൂപയുടെ നികുതികുടിശ്ശിക പിരിക്കാന്‍ നടപടിയെടുത്തിട്ടില്ല.കണ്ണൂര്‍ ആര്‍.ടി.ഓഫീസിനു കീഴില്‍ 2008ന് ശേഷം പുതുക്കാത്ത 41 മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. വടകര മുനിസിപ്പാലിറ്റിയിലെ യു.ഡി ക്ലാര്‍ക്കിനെ മദ്യപിച്ചനിലയില്‍ പിടികൂടി. ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ മുട്ടലോറികളില്‍ നിന്ന് 50 രൂപവീതം പടിപറ്റുന്നതായുള്ള പരാതിയിലും പരിശോധനയുണ്ടായി. അനധികൃത ക്വാറികളെക്കുറിച്ച പരാതികളില്‍ തൃശൂര്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നടപടിയെടുത്തില്ല. ഇരിട്ടി ചെക്‌പോസ്റ്റില്‍ മുന്‍കൂര്‍ നികുതിയടക്കാത്ത രണ്ട് ടൈല്‍സ് ലോറികളെ കേസെടുക്കാതെ നിര്‍ത്തിയിട്ടതായും മഞ്ചേശ്വരത്ത് ബീഡി, മരംലോറികളെ കൈക്കൂലിക്കായി പിടിച്ചിട്ടതായും ആര്യങ്കാവില്‍ അമിതലോഡ് കയറ്റിയ ലോറിയിലെ ബില്ലില്‍ കൃത്രിമംകാണിച്ചിട്ടും മൂടിവച്ചതായും റെയ്ഡില്‍ വ്യക്തമായി. കൊച്ചി മറൈന്‍ ഡ്രൈവില്‍ പഴകിയ ഭക്ഷണംപിടികൂടിയതുമായി ബന്ധപ്പെട്ട് പൂട്ടേണ്ട ഹോട്ടലിന് 5000 രൂപ ഫൈന്‍ ചുമത്തിയതിലും ക്രമക്കേട് നടന്നതായി കണ്ടെത്തി







