Random Posts

Friday, September 30, 2011

മരുന്ന് കമ്പനികളുടെ കൊള്ള അനുവദിക്കില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് മരുന്ന് വിലയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ജനങ്ങളെ ചൂഷണം ചെയ്യുന്ന മേഖലയായി മരുന്ന് മേഖല മാറിയിരിക്കുകയാണ്. മരുന്നുകളുടെ വില വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ യോഗത്തില്‍ പങ്കെടുക്കാന്‍ മരുന്ന് വ്യാപാരികളെ അനുവദിക്കില്ലെന്ന വാര്‍ത്തയാണ് വന്നത്. ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍െറ സാന്നിധ്യവും പങ്കാളിത്തവും ഈ മേഖലയില്‍ വര്‍ധിപ്പിക്കുമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മരുന്ന് ഉല്‍പാദകരുമായി ചര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശും അറിയിച്ചു. മരുന്ന് വില നിയന്ത്രിക്കാന്‍ വാണിജ്യാടിസ്ഥാനത്തില്‍ വിലകൂടിയതും ബ്രാന്‍ഡഡ് ഇനത്തിലുമുള്ള മരുന്നുകള്‍ മിതമായ വിലക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 621 ഇനം മരുന്ന് സംഭരണ വിതരണം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഏറ്റെടുക്കും. ഇതുവഴി ഏറെക്കുറെ മരുന്ന് കമ്പനികളെ നിയന്ത്രിക്കാനാകും. ഇതിന്റെ ആദ്യപടിയായി കാന്‍സര്‍ രോഗത്തിന് പുറമെ 840 ഇനം മരുന്നുകളില്‍ 31 ഇനം മരുന്നുകള്‍ പ്രമേഹ വിഭാഗത്തിനായും 78 ഇനം മരുന്നുകള്‍ ഹൃദ്രോഗ വിഭാഗത്തിനും 32 ഇനം മരുന്നുകള്‍ വൃക്കരോഗ വിഭാഗത്തിനും 12 ഇനം മരുന്നുകള്‍ സംഭരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇ.കെ. വിജയന്‍, മുല്ലക്കര രത്നാകരന്‍, പി. ഉബൈദുല്ല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.