
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വികസന മന്ത്രവുമായി അതിവേഗം മുന്നേറുകയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ. നാലര പതിറ്റാണ്ട് പിന്നിടുന്ന പൊതുജീവിതത്തിലെ അനുഭവസമ്പത്തും ജനപക്ഷ ചിന്തകളുടെ രാഷ്ട്രീയ സമീപനവുമാണ് ഈ മുന്നണിയുടെ നേതാവിനെ വ്യത്യസ്തനാക്കുന്നത്. സമകാലിക സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ മനസ് തൊട്ടറിയാനുള്ള കരുത്താണ് ഭരണാധികാരിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകത. ഒരു ജനതക്കുമുന്നിലേക്ക് വികസനവും കരുതലും എന്ന ആശയം വെച്ചുനീട്ടുമ്പോള്‍തന്നെ വേഗത്തെ "അതിവേഗ'മാക്കുന്ന മാന്ത്രിക തത്വമാണ് സര്‍ക്കാറിന്റെ തലവനെ സര്‍വസമ്മതനാക്കുന്നത്. നൂറുദിന കര്‍മപരിപാടി കേരളത്തെ നൂറുമേനിയിലേക്ക് കൈ പിടിച്ചുയര്‍ത്തി എന്ന സംതൃപ്തിയോടെയാണ് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ വെച്ച് അദ്ദേഹം മനസുതുറന്നത്.
ഒട്ടേറെ സ്വപ്നങ്ങളുമായി വികസനത്തിന്റെ തേരുതെളിക്കുന്ന മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ സംഗ്രഹം ഇങ്ങനെ:
നൂറ് ദിവസം കൊണ്ട് ഒരു സര്‍ക്കാറിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. പക്ഷേ സര്‍ക്കാറിന്റെ ലക്ഷ്യമെന്താണ്, സര്‍ക്കാര്‍ ഏത് വഴിക്ക് നീങ്ങുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം ഒരു മനസോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നൂഎന്നതാണ്. കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് തുടക്കം മുതല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും മുന്നണിയിലും പ്രകടമായ തമ്മിലടിയായിരുന്നു. ഒരു കാര്യത്തിലും യോജിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു പ്രശ്നമില്ല. 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി സര്‍ക്കാര്‍തലത്തിലെടുത്ത ഒരു തീരുമാനത്തിനും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ട ഭരണകര്‍ത്താക്കള്‍ തമ്മിലടിക്കുന്നതാണ് ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്തത്.
യു.ഡി.എഫിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് പതിവ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രേരക ശക്തിയാകുന്നത് ജനങ്ങളാണ്. പാര്‍ട്ടികള്‍ തമ്മിലുള്ള സങ്കുചിതമായ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. അവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന റിസള്‍ട്ട് കിട്ടണം. മൂലമ്പള്ളി, ചെങ്ങറ, അട്ടപ്പാടി തുടങ്ങിയ ഇടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞത് ഇത്തരമൊരു കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരിഞ്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത വിഴിഞ്ഞം, കൊച്ചി മെട്രോ,
കണ്ണൂര്‍ എയര്‍പോര്‍ട്ട്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളിലെല്ലാം വേഗത്തില്‍ തീരുമാനെടുക്കാന്‍ യു.ഡി.എഫ്. സര്‍ക്കാറിന് കഴിഞ്ഞത് 100 ദിനത്തിലെ നേട്ടങ്ങളാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.






