ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായാല്‍ പിന്നെ മലങ്കര വിശ്വാസികള്‍ക്കെല്ലാം ഇരട്ട ഉത്സാഹമാണ്. അത്രയും കാലം മറന്നുകിടന്ന സഭാതര്‍ക്കവും പള്ളികള്‍ക്ക് മേലുള്ള അവകാശവാദവും എല്ലാമായി പിന്നെ അവര്‍ ആഘോഷമാക്കിക്കളയും. ഇത്തവണയും അതിനു മാത്രം മാറ്റമില്ല. കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഞായറാഴ്ച രാവിലെയാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചത് . ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഉപരോധം. വീട്ടില്‍ ഈ സമയം മുഖ്യമന്ത്രി ഉണ്ടായിരുന്നു. നൂറോളം വിശ്വാസികളാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്. ശക്തമായ സുരക്ഷ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് ഒരുക്കിയിട്ടുണ്ട്.
കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുസഭകള്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യ സമ്പ്രദായത്തില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പാക്കത്തില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന വിഭാഗം രാവിലെ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചിരുന്നു. ഇതിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ അഞ്ച് വര്‍ഷവും കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിന് ഇത്രയും ആവേശം ഇല്ലാതിരുന്ന ഇരു വിഭാഗവും ഇപ്പോള്‍ എന്നും പ്രാര്‍ത്ഥന നടത്തണം എന്ന വാശയിലാണ്. കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഇരുവിഭാഗങ്ങളെയും ഇന്നു രാവിലെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടി ഇടവകയായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ യുവജനവിഭാഗമാണ് ഇപ്പോള്‍ വീട് ഉപരോധിക്കുന്നത്. കോലഞ്ചേരി പള്ളിയുടെ അവകാശതര്‍ക്കവും കോടതിവിധിയുമായി ബന്ധപ്പെട്ട് മലങ്കര സഭയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് പരിഹരിക്കപ്പെടാതെ പോകുന്നത് ഇരു വിഭാഗത്തിന്റെയും പിടിവാശി മൂലമാണ്.
സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഹൈക്കോടതി മീഡിയേഷന്‍ സെന്റര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നപരിഹാരം വൈകിക്കുന്നത്. നിരാഹാരസമരവും പ്രാര്‍ത്ഥനാ യജ്ഞവും ഇരുവിഭാഗങ്ങളും തുടരുകയാണ്. സമരമുഖത്തുള്ള സഭാപിതാക്കന്മാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ട് ഇരുവിഭാഗത്തിലെയും നൂറുകണക്കിനു വിശ്വാസികളാണ് ദിവസവും കോലഞ്ചേരിയിലേക്കെത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് ബന്തവസ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചകളില്‍ ഏതാണ്ട് തീരുമാനമായെന്ന അവസ്ഥയില്‍ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഇരുസഭകളുടെയും നേതാക്കള്‍ പറയുന്നു. ഇത്തരം ഒരു വാര്‍ത്ത വന്നതിന്റെ പേരില്‍ ഒരു ചാനലിന്റെ ക്യാമറാമാനും ലേഖകനും നേരെ കൈയേറ്റശ്രമം വരെ ഉണ്ടായി.
1934ലെ സഭാഭരണഘടനപ്രകാരം കോലഞ്ചേരി പള്ളി ഭരിക്കപ്പെടണമെന്ന കോടതി വിധി അംഗീകരിച്ചു നടപ്പിലാക്കി കിട്ടുവാനാണ് ഓര്‍ത്തഡോക്‌സ് പക്ഷം ശ്രമിക്കുന്നതെങ്കില്‍ ഇടവകയില്‍ ഭൂരിപക്ഷം വരുന്ന യാക്കോബായക്കാരുടെ ആവശ്യം, ആരാധനാ സ്വാതന്ത്രമാണ്. കോടതിവിധിക്ക് പുറത്താണ് വിശ്വാസവും ആരാധനാ സ്വാതന്ത്രവും എന്നവര്‍ കരുതുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്നു. കോടതി വിധി കോലഞ്ചേരി പള്ളിയെ മാത്രം സംബന്ധിച്ചാണെങ്കിലും ഇരുസഭകളും ഇതു മലങ്കര അടിസ്ഥാനത്തിലാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിക്കുന്നതും. നിലവില്‍ തര്‍ക്കമുള്ള പള്ളികളിലുള്‍പ്പെടെ വരുംനാളുകളില്‍ മലങ്കരസഭയില്‍ തങ്ങളുടെ അവകാശ അധികാരങ്ങളുടെ അളവുകോലായാണ് കോലഞ്ചേരിയിലെ വിധി നടത്തിപ്പിനെ യാക്കോബായ ഓര്‍ത്തഡോക്‌സ് പക്ഷങ്ങള്‍ കരുതുന്നത്.
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി 1995ല്‍ സുപ്രീംകോടതി വിധി വന്നുവെങ്കിലും നാളിതു വരെ അതു നടപ്പിലാക്കി കിട്ടിയിട്ടില്ല. അതിനു വേണ്ടി കേരള ഹൈക്കോടതിയില്‍ വിധി നടത്തിപ്പ് ഹര്‍ജി ഫയല്‍ ചെയ്തിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു. അനുകൂലമോ പ്രതികൂലമോ ആയ യാതൊരു തീരുമാനവും വരാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആഹ്ലാദിക്കാന്‍ കിട്ടിയ അവസരമാണ് കോലഞ്ചേരി പള്ളിയില്‍ 1934ലെ ഭരണഘടന സാധുവാണെന്ന കോടതിവിധി. ഈ പള്ളിയിലെങ്കിലും എതിര്‍പ്പില്ലാതെ വിധി നടപ്പിലാക്കി എടുക്കാനായാല്‍ വരുംനാളുകളില്‍ കോടതിയുടെ പരിഗണനയിലുള്ള മറ്റെല്ലാ പള്ളിക്കേസുകളിലും കോലഞ്ചേരിയില്‍ നടപ്പിലാക്കിയ 1934ലെ ഭരണഘടനയും അവിടെത്തെ സംവിധാനങ്ങളും ചൂണ്ടിക്കാണിച്ച് അനുകൂല വിധി നേടിയെടുക്കാമെന്നും അതിലൂടെ മലങ്കരയിലെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് മേല്‍ക്കോയ്മയും 1934ലെ ഭരണഘടനയും പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാമെന്നും ഓര്‍ത്തഡോക്‌സ് നേതൃത്വം കരുതുന്നു.
കോലഞ്ചേരിയില്‍ 1934ലെ ഭരണഘടനപ്രകാരം പള്ളി ഭരണം സാധുവായാല്‍ ഇനിയുള്ള പള്ളികേസുകളിലും കോടതി ഇതു തന്നെ പിന്തുടരാനുള്ള സാധ്യത ഏറെയാണ്. അതൊഴിവാക്കാനാണ് യാക്കോബായ പക്ഷത്തിന്റെ ശ്രമം. 1995ലെ സുപ്രീംകോടതി വിധി ഇനിയും നടപ്പിലാക്കി എടുക്കുവാന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കഴിയാത്തത് ഇടവക ജനങ്ങളില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷം കൊണ്ടും ആ അടിസ്ഥാനത്തില്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം കൊണ്ടുമാണെന്ന് യാക്കോബായ സഭ കരുതുന്നു. ആരാധനാ സ്വാതന്ത്രത്തിനായി കോലഞ്ചേരിയിലും സഭ പുറത്തെടുക്കുന്ന തന്ത്രം ഇതു തന്നെ.
യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ വഴക്കില്‍ മനം നൊന്ത് കൂട്ടായ്മകളിലേക്ക് കുടിയേറിയ ഇടവകക്കാരുടെ എണ്ണം വിരലെണ്ണാവുന്നതിലുമപ്പുറമാണെങ്കിലും രണ്ടായിരത്തോളം വരുന്ന ഇടവക്കാരില്‍ 1600ഓളം പേര്‍ ഇപ്പോഴും യാക്കോബായ വിശ്വാസത്തിലുണ്ടെന്നാണ് സഭാ നേതൃത്വത്തിന്റെ കണക്ക്. ഈ മൃഗീയഭൂരിപക്ഷത്തിന്റെ ശക്തിയില്‍ തന്നെയാണ് കോലഞ്ചേരി പള്ളി യാതൊരു കാരണവശാലും ഓര്‍ത്തഡോക്‌സ് പക്ഷത്തിനു തീറുകൊടുക്കില്ലെന്നും ഭരണപരമായ അവകാശം കിട്ടിയില്ലെങ്കില്‍ തന്നെയും തങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്രം കൂടിയേ തീരൂവെന്നും യാക്കോബായക്കാര്‍ പറയുന്നത്. ശക്തിപ്രകടനത്തിലൂടെയും മറ്റും സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കോടതിക്കു പുറത്തുള്ള ഒരു അനുരഞ്ജനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് യാക്കോബായ സഭ ശ്രമിക്കുന്നത്. ഇതു നേടാനായാല്‍ തര്‍ക്കമുള്ള മറ്റുപള്ളികളുടെ കേസുകളിലും കോലഞ്ചേരി മാതൃകയാക്കി പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന് അവര്‍ കരുതുന്നു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സഭകള്‍ തമ്മിലുള്ള തര്‍ക്കം തെരുവു യുദ്ധമായി മാറി ക്രമസമാധാനം നഷ്ടപ്പെടരുതെന്ന ആവശ്യമാണ് ഉള്ളത്. കോടതി വിധി അംഗീകരിക്കാന്‍ ഭൂരിപക്ഷം വരുന്നവര്‍ മടിക്കുന്ന സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങളിലൂടെ അവരെ അനുനയിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതു മനസിലാക്കിയിട്ട് തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം അവരുടെ വാത്സല്യഭാജനമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പടവാളെടുത്ത് മുദ്രാവാക്യം മുഴക്കുന്നത്. പ്രശ്‌നം എത്രവഷളായാലും അതിന്റെ പഴി ഇരുസഭകള്‍ക്കും ഒപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂടി താങ്ങേണ്ടി വരും. അതു കൊണ്ട് തന്നെ പ്രശ്‌നപരിഹാരത്തിനു സഭകളേക്കാള്‍ ഉത്ഹാസം സര്‍ക്കാരിനുണ്ട്. അതു വിജയം കണ്ടാല്‍ മലങ്കരയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് സംഘര്‍ഷത്തിനു തെല്ലു അയവു വരുന്നതിനൊപ്പം ഭാവിയിലെ തര്‍ക്കങ്ങള്‍ക്ക് ഒരു മാതൃകാ പരിഹാരം കൂടിയാകുമത്






