
അറ്റകുറ്റപ്പണി നവംബര്‍ 30-നകം തീര്‍ക്കും
സംസ്ഥാനത്തെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 5100 കോടി രൂപയുടെ പദ്ധതി. കേരളത്തിലെ ആയിരം കിലോമീറ്റര്‍ റോഡുകളാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തി വികസിപ്പിക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു രൂപ പോലും ടോള്‍ നല്‍കാതെ സഞ്ചരിക്കാവുന്നവയായിരിക്കും ഈ റോഡുകളെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിക്ക് കുറച്ച് തുക ബജറ്റ് വിഹിതമായും മറ്റും ലഭിച്ചിട്ടുണ്ട്. ബാക്കി തുക വായ്പയുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ സമാഹരിക്കും. ശോചനീയാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടു ദിവസത്തിനകം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ 30-നകം ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ 8570 കിലോമീറ്റര്‍ റോഡുകള്‍ ത്രിതല പഞ്ചായത്തുകളില്‍ നിന്ന് ഏറ്റെടുത്ത് അറ്റകുറ്റപ്പണികള്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നീ അഞ്ച് കോര്‍പറേഷനുകളിലെ പ്രധാന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് അറ്റകുറ്റപ്പണി നടത്തും. സംസ്ഥാനത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനായി 20 കോടി രൂപ മന്ത്രിസഭ അധികമായി അനുവദിച്ചിട്ടുണ്ട്. എന്‍.എച്ച്. 47-ല്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ബൈപ്പാസ്, എന്‍.എച്ച്. 17-ലെ കോഴിക്കോട് ബൈപ്പാസ് എന്നിവ ബിഒടി അടിസ്ഥാനത്തില്‍ നാലുവരിയായി വികസിപ്പിക്കും.
ഇതിനുവേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കും. ദേശീയപാതകളുടെ വികസനത്തിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൂര്‍ണ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ നയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവാകുന്ന തുക അനുവദിച്ച് തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതുകൊണ്ട് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിച്ചില്ല. മഴ മൂലം റോഡുകള്‍ ഇത്രയും തകരാന്‍ കാരണമിതാണ്. അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ച 470 കോടി രൂപയ്ക്ക് പുറമെ 314.51 കോടി രൂപ അധികമായും അനുവദിച്ചിട്ടുണ്ട്.
റോഡ് പണികളുടെ നിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കും. റോഡ് നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും പുത്തന്‍ സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് മൂന്നു ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മനോജ് ജോഷി, ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ് എന്നിവരും പങ്കെടുത്തു.






