Random Posts

Friday, September 2, 2011

കോഴിക്കോട്-ദല്‍ഹി വിമാനം ഉടന്‍ -വയലാര്‍ രവി

ഒരേയൊരു സ്‌റ്റോപ്പ് ഓഫറുമായി കോഴിക്കോട്-ദല്‍ഹി വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. നിലവില്‍ ദല്‍ഹിയില്‍നിന്ന് കോഴിക്കോട്ടെത്താന്‍ പല വിമാനത്താവളങ്ങള്‍ ചുറ്റണം. ഈ ബുദ്ധിമുട്ട് നേരില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് തീരുമാനം. പി.വി. സാമി മെമ്മോറിയല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പി.വി. സാമി പുരസ്‌കാരം പ്രമുഖ വിദേശ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായം-വിദ്യാഭ്യാസം-ആതുരസേവനം തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ പി.വി. സാമി സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണെന്ന് വയലാര്‍ രവി അനുസ്മരിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.

ഗള്‍ഫാര്‍ മുഹമ്മദലിയെ പുരസ്‌കാര കമ്മിറ്റി മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രന്‍ പൊന്നാടയണിയിച്ചു. ട്രസ്റ്റി പി.വി. ഗംഗാധരന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി എം.പി.എം. മുബഷിര്‍, പി.വി. നിധീഷ്, ഉപേന്ദ്ര റാം, ഡോ. ടി.കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു. ഗള്‍ഫാര്‍ മുഹമ്മദലി മറുപടി പറഞ്ഞു.

രാവിലെ നടന്ന അനുസ്മരണ സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി അഡ്വ. പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി എ.സി. ഷണ്‍മുഖദാസ്, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. മായിന്‍ഹാജി, പ്രസ്‌ക്ലബ് പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍, അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. എം. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. 'പൊതുസമൂഹം ജനാധിപത്യത്തിനും ഇന്ത്യന്‍ ഭരണഘടനക്കും അതീതമോ' എന്ന വിഷയത്തില്‍ സെമിനാറും നടന്നു.