Random Posts

Saturday, September 10, 2011

ഡല്‍ഹി സ്‌ഫോടനം: ഇമെയില്‍ അയച്ചയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി പരിസരത്ത് കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റുകൊണ്ട് കശ്മീരില്‍ നിന്ന് ഇമെയില്‍ സന്ദേശമയച്ചയാള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി പി.ചിദംബരം അറിയിച്ചു. മുഹമ്മദ് സയ്യിദ് എന്ന ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഭീകര സംഘടനയായ ഹുജിയുടെ പേരിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് ഇമെയില്‍ സന്ദേശം വന്നത്. 

സന്ദേശത്തിന്റെ ഉറവിടം കശ്മീരിലെ കിസ്ത്വറിലുള്ള ഗ്ലോബല്‍ ഇന്റര്‍നെറ്റ് കഫെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.ഇന്റര്‍നെറ്റ് കഫേ ഉടമകളായ രണ്ടു പേരേയും മറ്റ് രണ്ട് ബിരുദ വിദ്യാര്‍ത്ഥികളേയും മുഹമ്മദ് സയ്യിദിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും നൈട്രേറ്റാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രേദേശില്‍ നിന്ന് രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അജ്മീര്‍ സ്വദേശിയായ ലഖ്മാ റാം, ബെലാ സ്വദേശിയായ ഷഹ്‌സാദ് എന്നിവരാണ് അറസ്റ്റിലായത്. 

സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള ചില നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ.) അവകാശപ്പെട്ടു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായകവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.