Random Posts

Tuesday, September 6, 2011

പെന്‍ഷന്‍, നോര്‍ക്കയ്ക്ക് പുതിയ ഓഫീസ്, എംബസികളില്‍ മലയാളി ജീവനക്കാര്‍; ഒടുവില്‍ പ്രവാസികള്‍ക്ക് പ്രയോജനമുള്ള മന്ത്രിസഭ


തിരുവനന്തപുരം: ഒടുവില്‍ കേരളത്തില്‍ പ്രവാസികള്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്കാനാണ് ‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭയുടെ കര്‍മപദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്കു പെന്‍ഷന്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി സ്ഥാപിച്ച നോര്‍ക്ക സെന്റര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ പ്രവാസി ക്ഷേമനിധിയില്‍ നിന്നു നല്‍കും. വിദേശത്തു നിന്നു മടങ്ങി വരുന്ന എല്ലാ പ്രവാസികളെയും പ്രവാസി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തു കേസില്‍പ്പെടുന്നവര്‍ക്കു സഹായമെത്തിക്കാന്‍ ലീഗല്‍ സെല്‍ സ്ഥാപിക്കും. ഇക്കാര്യത്തില്‍ മലയാളി സംഘടനകളുടെ സഹകരണം ഉറപ്പാക്കും.

തൊഴില്‍ തേടി വിദേശങ്ങളിലേക്കു പോകുന്നവര്‍ പലരും അജ്ഞത കൊണ്ട് അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ട്. അത്തരക്കാര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടി കുറേക്കൂടി വിപുലീകരിച്ചു നടപ്പാക്കും. വിദേശ രാജ്യങ്ങളിലെ നിയമങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തും. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവരെ തിരിച്ചെത്തിക്കാന്‍ മുന്‍കൈ എടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി എംബസികളില്‍ മലയാളം അറിയാവുനനവരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സമയത്തിന്റെ മൂന്നോ നാലോ ഇരട്ടി സമയമെടുക്കുന്നതാണു കേരളത്തിന്റെ ശാപം. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട നോര്‍ക്കാ സെന്ററിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ആറു വര്‍ഷത്തോളം വേണ്ടി വന്നു. ഇത് അതിജീവിച്ചാല്‍ മാത്രമേ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിനും എത്താന്‍ സാധിക്കൂ. പദ്ധതികള്‍ സുതാര്യവും അഴിമതി രഹിതവും വിവാദങ്ങള്‍ക്കതീതവും സമയബന്ധിതവുമാകണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തും.

വിദേശ മലയാളികള്‍ക്കു പരമാവധി സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെയാണു നോര്‍ക്ക വകുപ്പ് രൂപീകരിച്ചത്. വിദേശ മലയാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനുള്ള കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ട മര്യാദകളും പഠിപ്പിക്കുന്നതിന് ഓറിയന്റേഷന്‍ പ്രോഗ്രാമുകളില്‍ പ്രത്യേക സംവിധാനമുണ്ടാക്കും. പൊതുമാപ്പ് നല്‍കി തിരിച്ചയക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സഹായം വിദേശത്തെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ഉറപ്പാക്കും. വിദേശത്തെ എംബസികളില്‍ മലയാളഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എംബസികളിലുള്ള ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മലയാളഭാഷ അറിയാതെ വരുന്നതിനാല്‍ മലയാളികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉദ്ഘാടനത്തില്‍ പങ്കാളിയാകുമ്പോള്‍ തനിക്ക് ഒരുപോലെ സന്തോഷവും ദു:ഖവുമുണ്ട്. പ്രവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്ന വേളയില്‍ അതില്‍ പങ്കാളിയാകാന്‍ കഴിയുന്നതിലാണ് സന്തോഷം. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് തറക്കല്ലിട്ട നോര്‍ക്കാ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ ആറുവര്‍ഷം വേണ്ടിവന്നുവെന്നതാണ് ദു:ഖിപ്പിക്കുന്നത്. ഏത് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാലും അതിലെല്ലാം ഓരോരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞാലേ വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാകൂ. സുതാര്യമായി, അഴിമതിരഹിതമായി, വിവാദങ്ങള്‍ക്ക് അതീതമായി, സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദേശമലയാളികള്‍ക്കിടയില്‍ നോര്‍ക്ക വലിയ പ്രതീക്ഷയാണുയര്‍ത്തുന്നത്. പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പ് രൂപീകരിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. അതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവാസികാര്യവകുപ്പിന് രൂപം നല്‍കിയത്. ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതേ മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രവാസികള്‍ക്ക് പരമാവധി സഹായം എത്തിക്കുകയെന്നതാണ് നോര്‍ക്ക വകുപ്പ് ലക്ഷ്യമിടുന്നത്.

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ നോര്‍ക്കയുടെ സെക്രട്ടറി മനോജ്കുമാറിനെ സര്‍ക്കാര്‍ സൗദിയിലേക്ക് അയക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി സംഘടനകളുമായി ബന്ധപ്പെടുകയും ചെയ്തു. അന്ന് സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്തു. ആ സമയത്ത് പ്രവാസികള്‍ ഉന്നയിച്ച ആവശ്യമായിരുന്നു കേരളത്തില്‍ കോള്‍ സെന്റര്‍ ആരംഭിക്കണമെന്നത്. വിദേശമലയാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ കോള്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ നോര്‍ക്കാ വകുപ്പ് മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ മലയാളികള്‍ക്ക് അത്താണിയും വഴികാട്ടിയുമായി നോര്‍ക്കാ സെന്റര്‍ മാറും. പ്രവാസികളുടെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രവാസികളുടെ പുനരധിവാസമടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എം മാണി, ഗതാഗത മന്ത്രി വി.എസ് ശിവകുമാര്‍, മുന്‍മന്ത്രി എം.എം ഹസന്‍, മേയര്‍ കെ. ചന്ദ്രിക, നോര്‍ക്ക ഡയറക്ടര്‍മാരായ പത്മശ്രീ സി.കെ മേനോന്‍, ഡോ. എം അനിരുദ്ധന്‍, കൗണ്‍സിലര്‍ ജി മാധവദാസ്, നോര്‍ക്ക സെക്രട്ടറി ടി.കെ മനോജ്കുമാര്‍, ഡയറക്ടര്‍ ആന്റ് സി.ഇ.ഒ നോയല്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസികള്‍ക്ക് വിവരം നല്‍കുന്നതിനുള്ള കോള്‍ സെന്റര്‍, പുതിയ അറ്റസ്‌റ്റേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും പ്രവാസികളുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു