Random Posts

Friday, September 16, 2011

പാചകവാതകത്തിന് നിയന്ത്രണം; മന്ത്രിസഭാ സമിതി ഇന്ന്

പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേരും. ഒരു കുടുംബത്തിന് സബ്‌സിഡി നിരക്കിലുള്ള സിലിണ്ടര്‍ വര്‍ഷം നാലു മുതല്‍ ആറു വരെ എന്ന തരത്തില്‍ നിജപ്പെടുത്താനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അതില്‍ കൂടുതല്‍ വേണ്ടവര്‍ സിലിണ്ടറിന് കമ്പോള വില നല്‍കണം.

ആദായ നികുതി അടയ്ക്കുന്നവര്‍ കമ്പോള വില നല്‍കണമെന്ന നിര്‍ദേശവും ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. അതേസമയം, പാചകവാതകത്തിന് നൂറു ശതമാനം വില വര്‍ധനയ്ക്കുള്ള നിര്‍ദേശവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. സിലിണ്ടറിന് 395.33 രൂപയാണ് ഡല്‍ഹിയിലെ സബ്‌സിഡി നിരക്ക്. കമ്പോള വില 666 രൂപയും. കഴിഞ്ഞ ആഗസ്ത് ഒമ്പതിന് സമിതി യോഗം ചേര്‍ന്നിരുന്നുവെങ്കിലും ഈ വിഷയത്തില്‍ തീരുമാനം മാറ്റിയിരുന്നു.

14.2 കിലോയുള്ള സിലിണ്ടര്‍ 45 മുതല്‍ 60 ദിവസം വരെ ഉപയോഗിക്കാം. ഈ കണക്കിന് ഒരു കുടുംബത്തിന് വര്‍ഷം പരമാവധി ആറു സിലിണ്ടര്‍ മതിയാകും. എന്നാല്‍, എണ്ണക്കമ്പനികളുടെ കണക്കുകള്‍ പ്രകാരം പലരും 20 മുതല്‍ 30 വരെ സിലിണ്ടറുകള്‍ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ സിലിണ്ടറുകള്‍ കൈമാറ്റുന്നുവെന്ന സംശയമാണുള്ളത്. ദിവസം 63 കോടി രൂപയാണ് എണ്ണക്കമ്പനികള്‍ക്കു പാചകവാതക വില്‍പ്പനയില്‍ നഷ്ടം.