സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം, തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ജലത്തില്‍ ഇറങ്ങുന്ന ചെറുവിമാനങ്ങളും (ആംഫീബിയന്‍ പ്ലെയിന്‍) ഹെലികോപ്റ്ററുകള്‍ക്കൊപ്പം ഉപയോഗിക്കും. വിവിധ ജില്ലകളിലെ 60 ഹെലിപ്പാഡുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിച്ചു പദ്ധതി നടപ്പാക്കും. നിലവിലുള്ള മൂന്നു വിമാനത്താവളങ്ങള്‍ ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ക്കുള്ള ഹബ്ബായും ഉപയോഗിക്കാവുന്ന രീതിയിലാണ് ആഭ്യന്തര ആകാശ സര്‍വീസുകള്‍ വിഭാവനം ചെയ്യുന്നത്.
ആകാശഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ സംസ്ഥാന വ്യോമയാന പദ്ധതി തയാറാക്കണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു സംസ്ഥാന ഗതാഗത സെക്രട്ടറി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി സംസ്ഥാന വ്യോമയാന പദ്ധതിയെക്കുറിച്ചുള്ള ധാരണകളും കാഴ്ചപ്പാടും രൂപപ്പെടുത്തിക്കഴിഞ്ഞു.






