Random Posts

Sunday, September 25, 2011

പാമോയില്‍ ; പി സി ജോര്‍ജിന്റെ ഔദ്യോഗിക വിശദീകരണം


ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇച്ഛയും സ്വാതന്ത്ര്യവുമാണ് ഏറ്റവും വലുതെന്ന വിശ്വാസത്തോടെ ആണ് എക്കാലവും ഞാന്‍ വിഷയങ്ങളെ സമീപിച്ചിട്ടുള്ളത്. ഭരണഘടനാനുസൃതമായ നമ്മുടെ വ്യവസ്ഥിതിയില്‍ അവസാന വിജയം സത്യത്തിനും നീതിക്കുമായിരിക്കുമെന്ന അടിയുറച്ച വിശ്വാസമാണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി 2011 ആഗസ്ത് 8-ന് പുറപ്പെടുവിച്ച വിധിയിലെ അപാകങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് 2011 സപ്തംബര്‍ ആറിന് കത്തയച്ചത്. ഒരു പൗരന്‍ എന്ന നിലയില്‍ ഒരു ജഡ്ജിയുടെ വിധിന്യായത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ എനിക്കുള്ള അവകാശം യു.ഡി.എഫിലെ ഘടകകക്ഷികളും ജനങ്ങളും ഇതിനോടകം അംഗീകരിച്ചു എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബി.ജെ.പി. പ്രസിഡന്റും ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള എന്റെ രാജി ആവശ്യപ്പെടുകയുണ്ടായി.

''ഏതോ ഉപദേശകര്‍ നല്‍കിയ തെറ്റായ ഉപദേശം കേട്ട്'' ഞാന്‍ ചെയ്ത 'മഠയത്തര'മാണ് രാഷ്ട്രപതിക്ക് കത്തെഴുതിയ എന്റെ നടപടിയെന്നും ഇത് 'ബുദ്ധികെട്ട അതിസാമര്‍ഥ്യ'മാണ് എന്നും പ്രതിപക്ഷനേതാവ് വി.എസ്. വ്യക്തമാക്കുകയുണ്ടായി. ഞാന്‍ ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണെന്നും അച്യുതാനന്ദന്‍ പറയുകയുണ്ടായി. അച്യുതാനന്ദന്‍ ജുഡീഷ്യറിയെ വെല്ലുവിളിച്ചതിന്റെ ഒന്നിലേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി സിരിജഗന്‍, സര്‍ക്കാറിനെതിരെ ഒരു വിധി പ്രഖ്യാപിച്ചപ്പോള്‍, ആ ജഡ്ജിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. ജഡ്ജി സിരിജഗന്റെ ഓഫീസ് നിക്ഷിപ്തതാത്പര്യക്കാരുമായി ഒത്തുകളിക്കുന്നുവെന്ന ധ്വനിവരുന്ന പ്രസ്താവനയാണ് അന്ന് അച്യുതാനന്ദന്‍ നടത്തിയത്. അതിനുമുമ്പ് പാമോയില്‍ ഇറക്കുമതി അനുവദിക്കണം എന്ന വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകളും ആരും മറന്നിട്ടില്ല. ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന വിധി പ്രഖ്യാപിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. ബാലിയെ സുപ്രീംകോടതി ജഡ്ജി ആക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗികമായി കത്തെഴുതിയ ആളാണ് അച്യുതാനന്ദന്‍.

രാഷ്ട്രപതിക്ക് കത്തയച്ച എന്റെ നടപടി 'ഭരണഘടനാ വിരുദ്ധവും', 'ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കവും' ആണെന്ന ആരോപണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാതെ വയ്യ. എന്റെ നടപടി എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നതെന്ന് വിശദീകരിക്കാന്‍ ഇക്കാര്യം ഉന്നയിച്ചവര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ''ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്'' എന്റെ നടപടിയെന്ന ചിലരുടെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കാനാഗ്രഹിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ കോടതികള്‍, സി.എ.ജി., ഗവര്‍ണര്‍ എന്നിവയെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നാണ് എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ മേല്‍പ്പറഞ്ഞ ഭരണഘടനാ സ്ഥാപനങ്ങളെ തുടര്‍ച്ചയായി വെല്ലുവിളിച്ചുവരുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.

എന്നാല്‍ എന്റെ നടപടിയെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയായി കാണുന്നവര്‍ പക്ഷേ, എങ്ങനെയാണ് ഞാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നില്ല. ജുഡീഷ്യറിയെ നവീകരിക്കാനുള്ള നടപടികള്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി നടന്നുവരികയാണ്. അഴിമതിയാരോപണങ്ങള്‍ നേരിട്ട സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന പി.ടി. ദിനകരന്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുമ്പായി രാജിവെച്ചു. 2011 ആഗസ്ത് ഒന്നിന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നും അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രാജിവെക്കുകയുണ്ടായി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ബന്ധുക്കള്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉന്നതതലത്തില്‍ നടക്കുമെന്നാണ് വിശ്വസിക്കുന്നത്. ജുഡീഷ്യറിയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ജുഡീഷ്യല്‍ സ്റ്റാന്റേര്‍ഡ്‌സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലിന് 2010 ഒക്ടോബര്‍ 5ന്തന്നെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നു. ഈ ബില്ലിന് 2011 ആഗസ്ത് 24 ന് കേന്ദ്ര നിയമകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകാരം നല്കുകയുണ്ടായി.

സീനിയര്‍ ജഡ്ജിമാര്‍ക്ക് എതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രസ്തുത ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട 'നാഷണല്‍ ജുഡീഷ്യല്‍ ഓവര്‍സൈറ്റ് കമ്മിറ്റി'യില്‍ രണ്ട് 'നോണ്‍ ജുഡീഷ്യല്‍' അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നുവരെ പാര്‍ലമെന്ററി സ്റ്റാാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സോഷ്യല്‍ വാച്ച്'പോലുള്ള സന്നദ്ധ സംഘടനകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ജുഡീഷ്യറിയെ നവീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കിവരുന്നുണ്ട്. ഇതൊന്നും ഭരണഘടനാവിരുദ്ധമായി ആരുംതന്നെ വിലയിരുത്തിയിട്ടില്ല. ഈ ശ്രമങ്ങള്‍ക്ക് സമാന്തരമായി ജുഡീഷ്യറിയെ നവീകരിക്കാനും ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്താനുമുള്ള ഒരു എളിയ ശ്രമമാണ് ഉത്തരവാദിത്വബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത്.

വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കത്തയയ്ക്കാനുള്ള എന്റെ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതുവരെ പൊതുമണ്ഡലത്തില്‍ നടന്നത്. എന്നാല്‍ കത്തില്‍ ഞാന്‍ പരാമര്‍ശിച്ച വിഷയത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നത് എന്നെ വേദനിപ്പിക്കുന്നു. അക്കാര്യത്തെക്കുറിച്ചുകൂടി ചില വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാമോയില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ 2011 ആഗസ്ത് 8 ലെ ഉത്തരവിലെ ഗുരുതരമായ അപാകങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് തികച്ചും ഭരണപരമായ പരിഹാരം തേടിയാണ് ഞാന്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.

സുപ്രീംകോടതി, ഹൈക്കോടതി എന്നിവയുടെ വിധിന്യായങ്ങള്‍ക്കെതിരെയാണ് മേല്‍പ്പറഞ്ഞ ജഡ്ജിയുടെ വിധിന്യായം എന്നാണ് ഞാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 1990-ല്‍ അലഹാബാദ് ഹൈക്കോടതി ശ്യാമചരണും സ്റ്റേറ്റ് ഓഫ് യു.പി.യും തമ്മില്‍ നടന്ന കേസില്‍ പുറപ്പെടുവിച്ച വിധിന്യായം രണ്‍ധീര്‍സിങ് റാണ 1997 (1) എസ്.സി.സി. 36, റീത്താ നാഗ് 2009 (9) എസ്.സി.സി. 129 എന്നീ വിധിന്യായങ്ങള്‍. സുപ്രീംകോടതിയുടെ കിഷന്‍ലാലും ധര്‍മേന്ദ്ര ബാഫ്‌നയും തമ്മില്‍ 2009 (7) എസ്.സി.സി. 685 എന്ന വിധിന്യായം സുപ്രീംകോടതി ബാബുഭായ് 2010 (12)എസ്.സി.സി. 254 എന്നീ വിധിന്യായങ്ങള്‍ക്കെതിരാണ് പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജി വി.കെ. ഹനീഫയുടെ വിധിന്യായം എന്നതാണ് എന്റെ വാദം. എന്റെ കത്ത് കോടതി വിധിന്യായത്തിനെതിരായ അപ്പീല്‍ തേടലല്ല, മറിച്ച് ജുഡീഷ്യറിയുടെ സമീപനത്തിനെതിരായ അച്ചടക്കവുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികള്‍ക്ക് വേണ്ടിയാണ്. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളിലൂടെ ബന്ധപ്പെട്ട ജഡ്ജിമാര്‍ മുന്നോട്ടുവെച്ച പ്രധാന നിരീക്ഷണങ്ങളെ ഇപ്രകാരം ചുരുക്കാം.

(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം (/ഹൃമാഹറള്‍) ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

(ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍ മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ.

(സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല.

(ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍ മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ.

മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനം ചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്. ജഡ്ജി ഈ ഉത്തരവിലൂടെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോെളടുക്കുകയും അതുവഴി കേസിലെ 23-ാം സാക്ഷിയായ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്തില്ല എങ്കില്‍ താന്‍ ഇനിയും തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടിരിക്കും എന്ന അദൃശ്യസന്ദേശം നല്കുകയുമാണ് ചെയ്തത് എന്നതാണ് പൗരനെന്ന നിലയിലുള്ള എന്റെ വാദം. മാത്രമല്ല, 2011 ആഗസ്ത് 8ലെ വിധിപ്രഖ്യാപനത്തിനുശേഷം പ്രസ്തുത ജഡ്ജി തന്റെ വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ സ്വന്തം ചേംബറില്‍ വിളിച്ച് വിശദീകരിച്ചതായി എനിക്ക് വിവരം ലഭിച്ച കാര്യവും ഞാന്‍ എന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.നിരന്തര നിരീക്ഷണങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാകുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി.

മേല്‍പ്പറഞ്ഞ വാദങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി ജഡ്ജി വി.കെ. ഹനീഫയുടെ വിധി തിരുത്തപ്പെടേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്കാര്യം ഇന്ത്യയുടെ രാഷ്ട്രപതിയെ അറിയിക്കേണ്ടത് എന്റെ ചുമതലയാണെന്ന് ഞാന്‍ കരുതുന്നു. ഉത്തരവാദിത്വബോധമുള്ള ഒരു പൗരനെന്ന നിലയില്‍ ആ കടമ നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. പൗരധര്‍മം അരക്കിട്ടുറപ്പിക്കാനുള്ള എന്റെ പോരാട്ടത്തെ എല്ലാ ജനങ്ങളും പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതുന്നു