> നാലുമാസത്തിനകം രണ്ടാമത്തെ വന്‍വര്‍ധന
ന്യൂഡല്‍ഹി: പെട്രോള്‍ വില 3.14 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവു കൂടിയതിനാലാണ് വില കൂട്ടിയതെന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ അവകാശപ്പെട്ടു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ രണ്ടാമത്തെ വന്‍ നിരക്കു വര്‍ധനയാണിത്. കഴിഞ്ഞ മെയ് 15-ന് പെട്രോളിന് അഞ്ചു രൂപ കൂട്ടിയിരുന്നു.
വിദേശ-ആഭ്യന്തര വിലയിലെ അന്തരം കാരണം ദിവസം 15 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കൂടിയതു കാരണം ലിറ്ററിന് 2.61 രൂപയാണ് നഷ്ടമെന്നുംഎണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കൊല്ലം ജൂണിലാണ് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയത്. അതിനു ശേഷം ഇതുവരെയായി ആറു തവണ വില കൂട്ടിയിട്ടുണ്ട്.
എണ്ണക്കമ്പനികള്‍ക്ക് ഇക്കൊല്ലം 2,450 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വില കൂട്ടിയില്ലെങ്കില്‍ 2,850 കോടി രൂപ കൂടി നഷ്ടമുണ്ടാകുമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. പാചകവാതകവും ഡീസലും സബ്‌സിഡി നിരക്കില്‍ നല്‍കുന്നതുകാരണം ദിവസം 263 കോടി രൂപയാണ് നഷ്ടമെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂണില്‍ ഡീസലിന് മൂന്നു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും പാചകവാതകത്തിന് 50 രൂപയും സര്‍ക്കാര്‍ കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ 66.84 രൂപയും മുംബൈയില്‍ 71.76 രൂപയും കൊല്‍ക്കത്തയില്‍ 71.15 രൂപയും ചെന്നൈയില്‍ 70.64 രൂപയുമായിരിക്കും പുതുക്കിയ വില.






