Random Posts

Saturday, September 3, 2011

മുഴുവന്‍ റോഡുകളും ഒരുമാസത്തിനകം ഗതാഗതയോഗ്യമാക്കും-മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുമാസത്തിനകം ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. റോഡുകള്‍ മൂന്നാഴ്ചക്കകം നന്നാക്കണമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇക്കാര്യത്തില്‍ വീഴ്ച വരുത്തില്ലെന്നും അദ്ദേഹം 'മാധ്യമ' ത്തോട് പറഞ്ഞു.

റോഡുകള്‍ നന്നാക്കാന്‍ പദ്ധതിയിതര ഫണ്ടില്‍ അവശേഷിച്ച 470 കോടിയില്‍ 450 കോടിയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് കൈമാറി. ഒരാഴ്ചക്കകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുഴുവന്‍ റോഡുകളുെടയും പണി നട തുറക്കുന്ന നവംബര്‍ 17നുമുമ്പ് പൂര്‍ത്തിയാക്കും. നിര്‍മാണം നവംബര്‍ 14ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് കരാറുകാരോട് നിര്‍ദേശിച്ചു. കരാറില്‍ ഇക്കാര്യം ഉറപ്പുവരുത്തി. പണി ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കോട്ടയത്തും പത്തനംതിട്ടയിലും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

അടൂര്‍-പത്തനംതിട്ട, പന്തളം-പത്തനംതിട്ട, പുനലൂര്‍- പത്തനാപുരം- കോന്നി- പത്തനംതിട്ട, പത്തനംതിട്ട-പമ്പ, കോട്ടയം-പമ്പ, തൊടുപുഴ- ഈരാറ്റുപേട്ട-പമ്പ എന്നീ റോഡുകളുടെ ജോലികളാണ് നവംബര്‍ 14നു മുമ്പ് പൂര്‍ത്തിയാക്കുക.പുറമെ ഇടറോഡുകളും സഞ്ചാരയോഗ്യമാക്കും.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേരും. തൃശൂര്‍-പാലക്കാട്, എറണാകുളം-തൃശൂര്‍, തിരുവനന്തപുരം-എറണാകുളം ദേശീയ പാതകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. ദേശീയപാത വികസന അതോറിറ്റിക്കാണ് ദേശീയ പാതകളുടെ നിര്‍മാണച്ചുമതലയെങ്കിലും ഫണ്ട് ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചെലവില്‍ തന്നെ നിര്‍മാണം നടത്തുകയാണ്. ഫണ്ട് പിന്നീട് നല്‍കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് തൃശൂരില്‍ ട്രെയിനിറങ്ങിയ മന്ത്രി പാലക്കാട്ടേക്ക് കാര്‍ മാര്‍ഗം പോയി റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. പദ്ധതി വിഹിതമായി പൊതുമരാമത്ത് വകുപ്പിന് 80 കോടിയാണ് ലഭിച്ചത്. ഇത് മതിയാകാത്ത സാഹചര്യത്തിലാണ് പദ്ധതിയിതര ഫണ്ടില്‍നിന്ന് തുക ലഭ്യമാക്കിയത്.

കോടതി മൂന്നാഴ്ചയാണ് സമയം അനുവദിച്ചതെങ്കിലും കേസ് പരിഗണിക്കാന്‍ ഒരുമാസം ഉള്ളതിനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തന്റെ മേല്‍നോട്ടത്തില്‍ തന്നെ റോഡ്ുപണി നടത്തും. പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിക്ക് രൂപം നല്‍കും.

കൊച്ചി നഗരത്തിലെ റോഡുകളുടെ നിര്‍മാണച്ചുമതല കോര്‍പറേഷനാണ്. റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോര്‍പറേഷനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനാലാണ് റോഡുകളുടെ അറ്റകുറ്റപ്പണി വൈകിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റോഡുകള്‍ നന്നാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണെന്ന് വ്യാഴാഴ്ച കോടതി കുറ്റപ്പെടുത്തിയിരുന്നു.