Random Posts

Monday, September 12, 2011

എല്‍.ഡി.എഫ് ഭരണകാലത്ത് ആരോഗ്യവകുപ്പ് കോടികള്‍ പാഴാക്കി

എല്‍.ഡി.എഫ് ഭരണകാലത്ത് ആരോഗ്യവകുപ്പ് കോടികളുടെ നഷ്ടമുണ്ടാക്കിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 38.15 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ചീഫ് കണ്‍ട്രോളിംഗ് ഓഫീസറുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിത്തുക ചെലവഴിക്കുന്നതിലും മരുന്നും ഉപകരണങ്ങളും വാങ്ങിയതിലുമാണ് സംസ്ഥാന ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയത്. 2007 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോഴാണ് പദ്ധതിത്തുക വിനിയോഗിക്കുന്നതില്‍ മാത്രം 33.22 കോടി രൂപ പാഴാക്കിയതായി കണ്ടെത്തിയത്. സെന്‍ട്രല്‍ പര്‍ച്ചേസ് കമ്മിറ്റിവഴി വാങ്ങിയ മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ അതു വിതരണം ചെയ്ത കമ്പനികളില്‍നിന്നും നഷ്ടം ഈടാക്കണമെന്ന നിബന്ധനയും വകുപ്പ് കാറ്റില്‍പ്പറത്തി. ഇതനുസരിച്ച് 35 കമ്പനികളില്‍ നിന്നായി 1.37 കോടി രൂപയാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം നഷ്ടമായത്.
മരുന്നുവിതരണത്തിനായി 2005 മുതല്‍ 2008 വരെ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ 12.56 കോടിരൂപ തവണകളായി നല്‍കിയെങ്കിലും 2008 മാര്‍ച്ചുവരെ 10.42 കോടി രൂപയുടെ മരുന്നുകള്‍ മാത്രമാണ് വിതരണം ചെയ്തത്. പിന്നീട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നിലവില്‍ വന്നതിനാല്‍ മരുന്നു വിതരണം നടത്തേണ്ടി വന്നില്ല. എന്നാല്‍ 2008 മാര്‍ച്ചിന് ശേഷവും 2.06 കോടി രൂപ കൂടി ആരോഗ്യവകുപ്പ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിനു നല്‍കി. ഈ തുകക്ക് മരുന്നുവാങ്ങിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു തിരിച്ചെടുക്കാനോ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു തുക മാറ്റിനല്‍കാനോ ശ്രമിക്കാതിരുന്നത് നഷ്ടത്തിന്റെ അളവ് വര്‍ധിക്കാന്‍ ഇടയായി. അധികൃതരുടെ അറിവോടെയാണ് ഈ തിരിമറിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ആസ്പത്രികളുടെ യഥാര്‍ത്ഥ ആവശ്യം മനസിലാക്കാതെ ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 1.43 കോടി രൂപ നഷ്ടപ്പെടുത്തി. വകുപ്പധികൃതരുടെ അനാസ്ഥയും ഏകോപനത്തിലുണ്ടായ വീഴ്ചയുമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ചീഫ് കണ്‍ട്രോളിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ മരുന്നുകള്‍ സൂക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചവരുത്തിയതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആസ്പത്രികളിലും മരുന്നുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് ഇടതുസര്‍ക്കാര്‍ പല ആസ്പത്രികളെയും ജനറല്‍ ആസ്പത്രി പദവിയിലേക്ക് ഉയര്‍ത്തിയത്. എെ.വി ഫ്ളൂയിഡ് അടക്കമുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ സൂക്ഷിക്കുന്നത് ബ്ലീച്ചിംഗ് പൗഡര്‍, ഫിനൈയില്‍ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന സ്റ്റോര്‍ മുറികളിലാണ്. മരുന്ന് സൂക്ഷിക്കുന്ന സ്റ്റോര്‍ മുറികള്‍ ചോര്‍ന്നൊലിക്കുന്നു. കിടത്തി ചികിത്സയുള്ളയിടങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരെയോ മറ്റു ജീവനക്കാരെയോ നിയമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.