Random Posts

Thursday, September 8, 2011

പാര്‍പ്പിടനയത്തിന് കരടായി: 12 ലക്ഷം വീടുകള്‍ നിര്‍മിക്കും

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി കാലയളവില്‍ 12 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന പാര്‍പ്പിട നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇതില്‍ പുനര്‍നിര്‍മാണം ആവശ്യമായ 5.5 ലക്ഷം വീടുകളും ജനസംഖ്യാവളര്‍ച്ച വഴി അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആവശ്യമായിവരുന്ന 6.5 ലക്ഷം വീടുകളും ഉള്‍പ്പെടും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിക്കേണ്ട 7.2 ലക്ഷം വീടുകള്‍ക്ക് ഏകദേശം 15,000 കോടി രൂപ മുതല്‍മുടക്ക് വേണ്ടിവരും. ഭവനനിര്‍മാണവകുപ്പ് രൂപം നല്‍കിയ കരട് പാര്‍പ്പിടനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി കെ.എം.മാണി അറിയിച്ചു.

സുരക്ഷിത ഭവനം പൗരന്റെ അവകാശം എന്നതാണ് പാര്‍പ്പിടനയത്തിന്റെ സമീപനം. ദുര്‍ബല വിഭാഗക്കാരുടെ ഭവനനിര്‍മാണത്തിന് മുന്‍തൂക്കം നല്‍കും.

കുടിവെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന ആവശ്യങ്ങളും വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യക്ഷേമം തുടങ്ങിയവയും മാലിന്യനിര്‍മാര്‍ജന പരിപാടികളും സംയോജിപ്പിക്കും.

പ്രവാസികളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ നേരിടാന്‍ കര്‍മപദ്ധതി ഉണ്ടാക്കും.

ഭവനനിര്‍മാണ-അടിസ്ഥാന സൗകര്യവികസന കാര്യങ്ങളില്‍, പൊതു-സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഒപ്പം പൊതു-സ്വകാര്യ-പഞ്ചായത്ത് പങ്കാളിത്തത്തോടെയുള്ള വികസന സാമ്പത്തിക മാതൃകകള്‍ക്കും രൂപം നല്‍കും. അന്തര്‍ദേശീയ, ദേശീയ സ്ഥാപനങ്ങള്‍, പ്രവാസി ഇന്ത്യാക്കാര്‍, ഇന്ത്യന്‍ വംശജര്‍ എന്നിവരില്‍നിന്നും ഭവനനിര്‍മാണമേഖലയില്‍ മതിയായ ധനം ലഭ്യമാക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് ഹൗസിങ് ഡെവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിക്കും.

ദുര്‍ബലവിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ആവശ്യത്തിനു വേണ്ട ധനം ലഭ്യമാക്കുന്നതിനുവേണ്ടി ഒരു ഷെല്‍ട്ടര്‍ ഫണ്ട് രൂപവത്കരിക്കും. ഈ വിഭാഗത്തിലുള്ളവരുടെ വായ്പയുടെ തിരിച്ചടവാവശ്യങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ ഒരു ഹൗസിങ് റിസ്‌ക്ഫണ്ടിന് രൂപംകൊടുക്കും. കൂടാതെ കെട്ടിടനിര്‍മാണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി നൂതന പരീക്ഷണങ്ങള്‍ നടത്തുന്നതിന് ടെക്‌നോളജി ഇന്നൊവേഷന്‍ഫണ്ട് രൂപവത്കരിക്കും.

ഫ്ലാറ്റ് മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വീട്ടുടമസ്ഥരുടെ ആവലാതികള്‍ പരിഹരിക്കുന്നതിനും ഹൗസിങ് സെക്ടര്‍ റഗുലേറ്ററി അതോറിട്ടി രൂപവത്കരിക്കും.

കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍, നടപടികളിലെ കാലതാമസം ഒഴിവാക്കല്‍ എന്നിവ ഉപഭോക്തൃ സൗഹൃദമായി നടത്തും. കേരള ബില്‍ഡിങ്‌സ് (ലീസ് ആന്‍ഡ് റെന്‍റ് കണ്‍ട്രോള്‍) ആക്ട്, അപ്പാര്‍ട്ടുമെന്‍റ് ഓണര്‍ഷിപ്പ് ആക്ട് എന്നിവ പരിഷ്‌കരിക്കും.

ഭവനനിര്‍മാണ പദ്ധതികളും സാമൂഹ്യ അടിസ്ഥാനസൗകര്യവികസന പദ്ധതികളും ഏറ്റെടുക്കുന്നതിനായി സംസ്ഥാന ഭവനനിര്‍മാണബോര്‍ഡ് പുനഃസംഘടിപ്പിക്കും.

കെട്ടിടനിര്‍മാണ രംഗത്തെ നൂതന സാങ്കേതിക വിദ്യാവികസനത്തിനും ചെലവുകുറഞ്ഞ നിര്‍മാണത്തിനും തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കര്‍മപദ്ധതി സംസ്ഥാന നിര്‍മിതികേന്ദ്രം മുഖേന നടപ്പിലാക്കും.

പാരിസ്ഥിതിക സൗഹൃദഭവനനിര്‍മാണം പ്രോത്സാഹിപ്പിച്ച് ഹാബിറ്റാറ്റ് ടൂറിസം വികസിപ്പിക്കും.