Random Posts

Friday, September 16, 2011

വൈദ്യുതി സര്‍ചാര്‍ജ് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും - മന്ത്രി ആര്യാടന്‍

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതുസംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിക്കുന്നതെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ആഗസ്ത് ഒന്നുമുതല്‍ ആറ് മാസത്തേക്ക് യൂണിറ്റിന് 25 പൈസ നിരക്കില്‍ ഉപഭോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് പിരിക്കാനായിരുന്നു നിര്‍ദേശം.
വൈദ്യുതോര്‍ജത്തിന്റെ പുതിയ സ്രോതസുകള്‍ കണ്ടെത്താനായില്ലെങ്കില്‍ സമീപകാലത്തുതന്നെ കേരളം വലിയ പ്രതിസന്ധി നേരിടേണ്ടിവരും. നിലവില്‍ നമ്മുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 41 ശതമാനം മാത്രമാണ് നമ്മുടെ ഉത്പാദനം. 59 ശതമാനം പുറത്തുനിന്നും ലഭ്യമാക്കുന്നതാണ്. 2020 ആകുമ്പോഴേക്കും കേരളത്തിന് 6000 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതിന്റെ അടുത്തൊന്നും നമ്മുടെ ഉത്പാദനം എത്തില്ല. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും ആയിരക്കണക്കിന് മെഗാവാട്ട് ഉത്പാദനശേഷിയുള്ള പദ്ധതികളുമായി നീങ്ങുമ്പോള്‍ കേരളത്തില്‍ പുതുതായി ആരംഭിച്ചിട്ടുള്ള പദ്ധതികളുടെ ശേഷി 157 മെഗാവാട്ട് മാത്രമാണെന്നും മന്ത്രി ആര്യാടന്‍ പറഞ്ഞു.
പുതിയ വൈദ്യുതി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകാത്തതിന് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ കുറ്റംപറയാനാകില്ല. അതിരപ്പിള്ളി പദ്ധതിക്ക് മുമ്പ് പിണറായി വിജയനും എ.കെ. ബാലനും താനും മന്ത്രിമാരായിരുന്നപ്പോള്‍ കേന്ദ്രാനുമതി ലഭിച്ചതാണ്. പക്ഷേ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍മൂലം പദ്ധതി നടന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.
കാറ്റില്‍നിന്നും 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍.ടി.പി.സി.യുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതില്‍ 40 മെഗാവാട്ടിന്റെ പദ്ധതികളുടെ ഉത്പാദനം രാമക്കല്‍മേട്ടില്‍ ഉടന്‍ തുടങ്ങും. ഈ പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ആദിവാസികളുടെ ഭൂമിയാണെങ്കില്‍ പാട്ടമായിരിക്കും. ആദിവാസി ഭൂമി ഏറ്റെടുത്താല്‍ വരുമാനത്തില്‍ അഞ്ച് ശതമാനം അവര്‍ക്ക് നല്‍കും. ഒരു യൂണിറ്റിന് 20 പൈസ ആദിവാസികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി ആര്യാടന്‍ പറഞ്ഞു.