Random Posts

Friday, September 30, 2011

പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ ആസ്പത്രികള്‍ക്ക് അനുമതി

പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് കണക്കിലെടുത്ത് മരുന്ന് വേണ്ടത്ര സ്റ്റോക്കില്ലാത്ത സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പുറത്തുനിന്നു വാങ്ങാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
നടപടികളനുസരിച്ച് മരുന്ന് എത്തിക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കുന്നതിനാണിത്. ഏതൊക്കെ ആസ്പത്രികളിലാണ് മരുന്ന് ഇല്ലാത്തതെന്ന് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അറിയിച്ചാല്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മരുന്നുണ്ടെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് വിശദീകരണം തേടും. ആസ്പത്രികളില്‍ മരുന്നുണ്ടായിട്ടും പുറത്ത് നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ഗുരുതരമായ കുറ്റമാണ്. ഈ രീതിയില്‍ പുറത്തുനിന്ന് മരുന്ന് വാങ്ങിയവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. പനിബാധിച്ച് മരിച്ചവര്‍ക്ക് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ ധനസഹായം നല്‍കും. ആസ്പത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തും. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഡി.എം.ഒ മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പി.എസ്.സി ലിസ്റ്റില്‍ നിന്ന് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.എം.ഒ മാരുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പകര്‍ച്ചവ്യാധി സെല്ലുകള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ ആസ്പത്രികളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചു. 2011 ജനുവരി മുതല്‍ സപ്തംബര്‍ 27 വരെ 179 പേര്‍ പകര്‍ച്ചവ്യാധിമൂലം മരിച്ചതായി മന്ത്രി വ്യക്തമാക്കി.
പകര്‍ച്ച വ്യാധിസെല്ലിന്റെ പ്രവര്‍ത്തനം മരവിച്ച നിലയിലാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തോമസ് എെസക് പറഞ്ഞു. പകര്‍ച്ച വ്യാധി മൂലമുണ്ടാകുന്ന മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞുവരികയായിരുന്നു. ഇപ്പോള്‍ ആസ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം കേരളത്തെ പ്രതിസന്ധിയിലാക്കിയെന്നും എെസക് കുറ്റപ്പെടുത്തി.