Random Posts

Thursday, September 15, 2011

ഹൗസിംഗ് പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം പാവപ്പെട്ടവര്‍ക്ക്: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

നഗരവികസനത്തിന്റെ ഭാഗമായി ഹൗസിംഗ് പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ 20 25 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് നീക്കിവെക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. 100 ദിന കര്‍മപരിപാടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ഇതിന്റെ കരട് തയാറാക്കാന്‍ ചീഫ് ടൗണ്‍പ്ലാനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമം നിലവിലുണ്ടെന്നും കേരളത്തില്‍ ഇത് നടപ്പിലാകുന്നതോടെ രാജീവ് ആവാസ് യോജന പോലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 100 ദിന കര്‍മപരിപാടിയില്‍ നഗരകാര്യവകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ കോര്‍പറേഷനുകള്‍ അടക്കമുള്ള എല്ലാ നഗരസഭകളിലും മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി, ചങ്ങനാശേരി, വൈക്കം, പരവൂര്‍ എന്നീ നഗരങ്ങളുടെ കരട് മാസ്റ്റര്‍പ്ലാന്‍ തയാറായിട്ടുണ്ട്. ബാക്കിയുള്ള 28 നഗരങ്ങളുടെ കരട് മാസ്റ്റര്‍പ്ലാന്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകും. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പെടെ 32 മാസ്റ്റര്‍പ്ലാനുകള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരുമായി ചര്‍ച്ചചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.
തദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വികേന്ദ്രീകരണ മാലിന്യസംസ്കരണത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ബോധവല്‍കരണം നടത്തുകയും അതോടൊപ്പം മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമംമൂലമുള്ള നടപടി സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡമ്പിംഗ് ഇല്ലാതെതന്നെ മാലിന്യസംസ്കരണം നടത്താനുള്ള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ലോകത്ത് ഇന്നു ലഭ്യമായ നിരവധി സാങ്കേതികവിദ്യകള്‍ ഇതിനകം പരിശോധിച്ചുകഴിഞ്ഞു. പത്തിലേറെ തവണ ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പില്‍വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ പൈലറ്റ് പ്രോജക്ടിനായി തിരുവനന്തപുരം നഗരത്തെ തെരഞ്ഞെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാറില്‍നിന്നുള്ള സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്രപദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്ലാനിംഗ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ 100 ദിന കര്‍മപരിപാടിയില്‍ തീരുമാനമെടുത്തിട്ടുണ്ട്. പദ്ധതി രൂപീകരണം ഫണ്ട് വിനിയോഗവും സുതാര്യമാക്കാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. രാജീവ് ആവാസ് യോജന പദ്ധതിപ്രകാരം കൊല്ലം കോര്‍പറേഷനില്‍ ചേരികളെ തെരഞ്ഞെടുത്തു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഏജന്‍സിയെ നിയമിച്ചു. തൃശൂര്‍ കോര്‍പറേഷനില്‍ ചേരികളുടെ അതിര്‍ത്തിയും വിസ്തീര്‍ണവും നിശ്ചയിക്കുന്ന നടപടികള്‍ തുടരുകയാണ്.
ചെറുഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖരമാലിന്യ സംസ്കരണത്തിനും കുടിവെള്ള വിതരണത്തിനുമായി 25 നഗരസഭകളില്‍ പദ്ധതി നടപ്പിലാക്കിവരുന്നു. നഗരകാര്യവകുപ്പിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേക്കും ആശ്രയ പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് മികച്ച നേട്ടമാണ്. അംഗനവാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും തദേശസ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് നിയമനിര്‍മാണം നടത്തും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നു. സെക്രട്ടറിയേറ്റിലെ തദ്ദേശഭരണ നഗരകാര്യവകുപ്പുകളില്‍ കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിതലത്തില്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.