Random Posts

Friday, September 16, 2011

കൊച്ചി മെട്രോക്ക് ആസൂത്രണ കമ്മീഷന്റെ അനുമതി

കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്ത്വത്തില്‍ അനുമതി നല്‍കി. പദ്ധതിക്ക് അനുമതി നല്‍കിയതായി കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. പദ്ധതി സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കായി സാമ്പത്തിക സംഘടനാ പഠന സമിതിക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഏതു മാതൃകയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായാണ് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ സാമ്പത്തിക സംഘടനാ പഠന സമിതിക്ക് വിട്ടിരിക്കുന്നത്. പദ്ധതിയുടെ മാതൃക സംബന്ധിച്ചായിരിക്കും സമിതി പ്രധാനമായും പഠനം നടത്തുക. പദ്ധതിക്ക് ആസൂത്രണ കമ്മീഷന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹി, ചെന്നൈ മെട്രോ മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന നിലപാടാണ് ആസൂത്രണ കമ്മീഷനിലെ ചിലര്‍ പ്രകടിപ്പിച്ചത്്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും അലുവാലിയ പറഞ്ഞു. അടുത്തയാഴ്ച ഡല്‍ഹി സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ചയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുക.
മെട്രോ പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം എത്രയെന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണ് ആസൂത്രണ കമ്മീഷന്റെ അനുമതിക്ക് തടസമുണ്ടായത്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ധാരണയായിട്ടുണ്ട്്. കേന്ദ്ര, സംസ്ഥാന നിക്ഷേപത്തിന് പുറമെ ജാപ്പനീസ് ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കി പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചും ധാരണയായി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ പദ്ധതി നടപ്പാക്കുന്നതിന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടന്നുവരുന്നത്. എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്ന് അലുവാലിയ രണ്ടാഴ്ച മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് കമ്മീഷനില്‍ നടന്ന ചില ചര്‍ച്ചകളെ തുടര്‍ന്ന് പദ്ധതിക്ക് അനുമതി വൈകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.