Random Posts

Saturday, September 3, 2011

60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ -മുഖ്യമന്ത്രി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 60 വയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡിലൂടെയാണ് ഇത് നല്‍കുക. തിരിച്ചുവരുന്ന മുഴുവന്‍ പ്രവാസികളെയും ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. തൈക്കാട് നിര്‍മിച്ച നോര്‍ക്ക സെന്റര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോര്‍ക്കയുടെ കീഴില്‍ ലീഗല്‍ സെല്‍ ആരംഭിക്കും. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന നിരവധി പേര്‍ അവിടങ്ങളിലെ നിയമം അറിയാതെ ജയിലില്‍ അകപ്പെടുന്നുണ്ട്. ഇവരുടെ മോചനത്തിന് അതാത് രാജ്യങ്ങളിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് ലീഗല്‍ സെല്‍ രൂപവത്കരിക്കുന്നത്. അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ ലംഘിച്ചവരെ വെറുതെവിടണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. എന്നാല്‍, അജ്ഞതമൂലം സംഭവിച്ച തെറ്റാണെങ്കില്‍ ഇടപെടാന്‍ കഴിയും.

പോലീസിലെ എന്‍.ആര്‍.ഐ സെല്‍ വിപുലീകരിക്കുകയും തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള ഓറിയന്‍േറഷന്‍ കോഴ്‌സ് കാര്യക്ഷമമാക്കുകയും ചെയ്യും. പൊതുമാപ്പ് പ്രഖ്യാപിക്കുന്ന വേളകളില്‍ കേരളത്തില്‍നിന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അയച്ച് മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരും. വിദേശങ്ങളിലെ എംബസികളില്‍ മലയാളികളായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ആദ്യമായി പ്രവാസികള്‍ക്കായി മന്ത്രിയെ വെച്ചത് കേരളത്തിലാണ്. പിന്നീടാണ് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും മന്ത്രിമാരെ നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് അധ്യക്ഷത വഹിച്ച മ്രന്തി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി,വി.എസ്. ശിവകുമാര്‍ എന്നിവര്‍ ധനസഹായങ്ങള്‍ വിതരണം ചെയ്തു