Random Posts

Thursday, September 8, 2011

സംസ്ഥാനത്തെ റോഡ് നന്നാക്കാന്‍ ആയിരം കോടി

സംസ്ഥാനത്ത് മഴക്കാലത്ത് തകര്‍ന്ന റോഡ് നന്നാക്കാന്‍ അടിയന്തരമായി ആയിരം കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മഴക്കാലത്ത് വന്‍ നാശനഷ്ടമാണ് റോഡുകള്‍ക്ക് സംഭവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് റോഡിന്റെ അറ്റകുറ്റപ്പണി അസാധ്യമാവുകയാണ്. പ്രകൃതി ദുരന്തത്തിന്റെ കണക്കില്‍പ്പെടുത്തി ആയിരം കോടി രൂപയെങ്കിലും സംസ്ഥാനത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ പോകുമ്പോള്‍ താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ജില്ലാപഞ്ചായത്തിന് കൊടുത്ത 8517 കി.മി റോഡ് തിരിച്ചെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശീയപാതയില്‍ ടെന്‍ഡര്‍ ചെയ്തിട്ടുള്ള 20.69 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കും. ഈ തുക പിന്നീട് ദേശീയപാത അതോറിറ്റിയില്‍ നിന്ന് വാങ്ങും. തിരുവനന്തപുരം, കൊച്ചി എന്നീ നഗരസഭകളുടെ പരിധിയില്‍ വരുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ 74.4 കോടി രൂപയുടെ അടങ്കല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ തുക പാസ്സാക്കും. കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് നഗരസഭകളുടെ മരാമത്ത് പണികളുടെ കാര്യം 14 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി അടിയന്തരമായി റോഡുപണി ഏറ്റെടുത്ത് നടത്താന്‍ 314.51 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.