Random Posts

Saturday, September 24, 2011

മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം: കേരളം റെക്കോഡിലേക്ക്

കണ്ണൂര്‍: മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം എത്തിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോഡ് കേരളത്തിന് സ്വന്തമാവുന്നു. സപ്തംബര്‍ 30ന് ഇതിന്റെ പ്രഖ്യാപനം നടക്കും. ഇടുക്കി ജില്ലയിലെ വിദൂര ഗ്രാമങ്ങളായ ആനവിരട്ടിയിലും കാന്തിപ്പാറയിലുംവരെ ഇനി ബാങ്കിങ് സേവനം കൈയെത്തുംദൂരത്ത് ലഭിക്കും. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ടെന്ന നേട്ടം 2007ല്‍ത്തന്നെ കേരളം കൈവരിച്ചിരുന്നു. ഹരിയാണയോടൊപ്പമാണ് കേരളം ഈ ബഹുമതി പങ്കിട്ടത്.

ബാങ്ക് ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ സമീപ ശാഖകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് അക്കൗണ്ടുകള്‍ തുറന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വാഭിമാന്‍ പദ്ധതിയുടെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം ലഭ്യമാക്കുന്നത്. രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ ഇതില്‍ക്കുറവ് ജനസംഖ്യയുള്ള ഗ്രാമങ്ങളിലും പദ്ധതി നടപ്പാക്കി. 2012 മാര്‍ച്ച് 31ന് മുമ്പ് ഈ ലക്ഷ്യം കൈവരിക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടതെങ്കിലും കേരളം അതിനുമുമ്പേ ഈ നേട്ടത്തിലെത്തി.

സംസ്ഥാനത്ത് രണ്ടായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 120 ഗ്രാമങ്ങളിലും ഇതില്‍ക്കുറവ് ജനസംഖ്യയുള്ള ഏഴ് ഗ്രാമങ്ങളിലുമാണ് ബാങ്ക് ശാഖകള്‍ ഇല്ലാതിരുന്നത്. ഇവിടങ്ങളിലെല്ലാം പുതിയ ബാങ്ക് ശാഖകളോ സാറ്റലൈറ്റ് ശാഖകളോ സ്ഥാപിച്ചും ബിസിനസ് കറസ്‌പോണ്ടന്‍റ് മാതൃക പ്രയോജനപ്പെടുത്തിയുമാണ് ബാങ്കിങ് സേവനം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചതെന്ന് റിസര്‍വ് ബാങ്ക് എ.ജി.എം. കെ.ഡി.ജോസഫ് പറഞ്ഞു. വിദൂര ഗ്രാമങ്ങളിലാണ് ബാങ്കിങ് കറസ്‌പോണ്ടന്‍റ് മാതൃക നടപ്പാക്കിയത്. ബാങ്ക് ചുമതലപ്പടുത്തുന്ന ഏജന്‍സികള്‍ മുഖേന ബാങ്കിങ് സേവനം ലഭ്യമാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതുവഴി പുതിയ ശാഖകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി.

സംസ്ഥാനത്ത് പാലക്കാട് ജില്ലയിലായിരുന്നു ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങള്‍ കൂടുതല്‍. ഇവിടെ 28 ഗ്രാമങ്ങളാണ് ഈ വിഭാഗത്തിലുള്‍പ്പെട്ടിരുന്നത്. കുറവ്, തൃശ്ശൂര്‍ ജില്ലയിലും- ഒരു ഗ്രാമം മാത്രം. കണ്ണൂര്‍ ജില്ലയില്‍ ആറ് ഗ്രാമങ്ങളാണുണ്ടായിരുന്നത്. കാസര്‍കോട് ജില്ലയില്‍ പത്ത് ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമായിരുന്നില്ല. തൊഴിലുറപ്പു പദ്ധതിയിലും മറ്റും കൂലി ബാങ്ക് അക്കൗണ്ട് വഴിയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ബാങ്കിങ് സേവനം ഗ്രാമങ്ങളിലേക്കെത്തിക്കുന്നത്. സാധാരണക്കാര്‍ക്കുകൂടി ബാങ്കിങ് സേവനം ലഭ്യമാക്കുകയുംസ്വകാര്യ പണമിടപാടുകാരുടെ പിടിയില്‍നിന്ന് അവരെ മോചിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്