Random Posts

Wednesday, September 21, 2011

മെഡിക്കല്‍ കോളജുകളില്‍ കോമണ്‍ ഐ.സി.യു ആരംഭിക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ ഏകോപിപ്പിച്ച് കോമണ്‍ ഐ.സി.യൂനിറ്റുകള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിന് ക്രാഷ്കാര്‍ട്ട് സംവിധാനവും തുടങ്ങും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒഡിഷ സ്വദേശി ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍,പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നത്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.ബി. ഗണേഷ്കുമാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. മെഡിക്കല്‍ കോളജുകളിലെ തീവ്രപരിചരണ വിഭാഗത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കാലതാമസം കൂടാതെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് യോഗശേഷം മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രാഷ് കാര്‍ട്ടില്‍ അത്യാവശ്യം വേണ്ട മരുന്നുകളും ഉപകരണങ്ങളുമുണ്ടാകും. ഈ സൗകര്യം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്. ആര്‍.എസ്.ബി.വൈ തുടങ്ങിയ പദ്ധതികളിലൂടെ മരുന്നുകള്‍ വാങ്ങാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്കുള്ള സാമ്പത്തിക അധികാരം വര്‍ധിപ്പിക്കും. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ ചികില്‍സ നിരീക്ഷിക്കാന്‍ സി.സി.ടി.വി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. കോമണ്‍ ഐ.സി.യൂനിറ്റുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ മെഡിക്കല്‍ കോളജുകളില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയും.കോട്ടയം മെഡിക്കല്‍ കോളജില്‍ ഒഡിഷ സ്വദേശിക്ക് ചികില്‍സ കിട്ടാത്ത ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറാമാന്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.