Random Posts

Saturday, September 24, 2011

പൊതുമുതല്‍ നശിപ്പിക്കുന്നവരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി വരുന്നു

പൊതുമുതല്‍ നശിപ്പിക്കുന്നവരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍. ഇതിനായി സംസ്ഥാന തൊഴില്‍വകുപ്പ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. രാഷ്ട്രീയ സമരങ്ങളും അക്രമങ്ങളും തൊഴിലാളി സമരങ്ങളായി ചിത്രീകരിച്ച് വ്യവസായ സംരംഭകരെ അകറ്റുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കേരളത്തിലെ തൊഴിലാളികളുടെ സല്‍പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പോലും കേരളത്തിലെ സമരങ്ങളെ ഭയക്കുന്നു. ഇതിന് തടയിട്ടില്ലെങ്കില്‍ സംസ്ഥാനത്തിന്റെ മികച്ച ഭാവിക്ക് ദോഷം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചതുള്‍പെടെ പൊതുമുതല്‍ നശിപ്പിച്ച് വന്‍ നഷ്ടമാണുണ്ടാക്കിയത്. കല്ലെറിയാതെയും കത്തിക്കാതെയും നേതാക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിലേക്ക് കേരളം മാറി ചിന്തിക്കണം. ഇതിനാണ് പ്രത്യേക കോടതികള്‍ എന്ന ആശയം തൊഴില്‍വകുപ്പ് മുന്നോട്ടുവെച്ചത്. ഇക്കാര്യം നിയമമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. യു.ഡി.എഫില്‍കൂടി ആലോചിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും.
തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാനും വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കാനും കണ്‍സ്ട്രക്ഷന്‍ അക്കാദമിയും എഞ്ചിനീയറിംഗ് എയര്‍കണ്ടീഷനിംഗ് തുടങ്ങിയവ ഉള്‍പെടുത്തി മറ്റൊരു അക്കാദമിയും ആരംഭിക്കും. കണ്‍സ്ട്രക്ഷന്‍ അക്കാദമിയില്‍ മേസന്‍ മുതല്‍ സിവില്‍ എഞ്ചിനീയര്‍മാരെ വരെ പരിശീലിപ്പിക്കും. ഇതിനായി വിവിധ രാഷ്ട്രങ്ങളിലെ നിലവിലുള്ള മാതൃകകള്‍ പരിശോധിച്ചുവരികയാണ്. സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നവിധത്തില്‍ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
യാതൊരു വൈദഗ്ധ്യവുമില്ലാത്തവരെ സെക്യൂരിറ്റി ജീവനക്കാരായി ഉപയോഗിക്കുന്നത് പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരാകുന്നവരെ പരിശീലിപ്പിക്കാന്‍ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് എന്നൊരു സംവിധാനവും നടപ്പിലാക്കും. ഇതനുസരിച്ച് ഇവര്‍ക്ക് പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും പരിഗണിക്കും. ഹോംനഴ്സുമാര്‍ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതും ഹോംനഴ്സുമാരെന്ന വ്യാജേന തട്ടിപ്പുകള്‍ നടക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹോംനഴ്സുമാരെ പരിശീലിപ്പിക്കുന്ന അക്കാദമിയും ആലോചിക്കുന്നുണ്ട്.
തൊഴില്‍ നഷ്ടമായ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിശോധിച്ചുവരികയാണ്. ആന തടിപിടിക്കുന്നതിനാലും ജെ.സി.ബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കാരണം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കും. ഇതു പരിശോധിക്കാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ ചെയര്‍മാനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയെന്നും ഇതുവരെ 14,000 കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.