Random Posts

Friday, September 23, 2011

എം.സി.റോഡിലെ അപകടങ്ങള്‍: എം.പി. മന്ത്രിയുമായി ചര്‍ച്ച നടത്തി

ആലപ്പുഴ: കെ.എസ്.ടി.പി. നിര്‍മാണം പൂര്‍ത്തീകരിച്ച എം.സി.റോഡില്‍ ഏനാത്ത് മുതല്‍ ആയൂര്‍വരെയുള്ള ഭാഗത്തുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്തിയുമായി നടന്ന ചര്‍ച്ചയിലാണ് എം.പി. ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.എസ്.ടി.പി.യുടെ നിര്‍മാണം പൂര്‍ത്തിയായതിനുശേഷം ഏനാത്തുമുതല്‍ ആയൂര്‍ വരെയുള്ള ഭാഗത്ത് 65ഓളം ആളുകള്‍ അപകടങ്ങളില്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയെ്തന്ന് എം.പി. ചൂണ്ടിക്കാട്ടി.

അപകടങ്ങള്‍ കുറയ്ക്കാന്‍ കെ.എസ്.ടി.പി. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എം.സി.റോഡിലേക്ക് വന്നുചേരുന്ന ഉപറോഡുകളിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ക്ക് അപകടമുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകളോ ലൈറ്റുകളോ സ്ഥാപിക്കാത്തത് കെ.എസ്.ടി.പി.യുടെ അനാസ്ഥയാണെന്ന് എം.പി. മന്ത്രിയെ ധരിപ്പിച്ചു. ചെങ്ങന്നൂര്‍മുതല്‍ കോട്ടയം വരെയുള്ള എം.സി.റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെങ്ങന്നൂരിനും കല്ലിശ്ശേരിക്കും ഇടയിലുള്ള ഇറപ്പുഴ പാലം പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എം.സി.റോഡിലെ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെ.എസ്.ടി.പി. അധികൃതര്‍ക്ക് നിര്‍ദേശം നല്കി.