Random Posts

Wednesday, September 21, 2011

കായംകുളം-വൈപ്പിന്‍ വാതക പൈപ്പ് ലൈനിന് കേന്ദ്രാനുമതി

കായംകുളം വൈദ്യുതി നിലയത്തിന് ആവശ്യമായ പ്രകൃതി വാതകം വൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് കൊണ്ടുപോകുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ചോര്‍ച്ചയുണ്ടായാല്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കുമെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. കായംകുളത്തുള്ള താപവൈദ്യുതി നിലയം പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (ഗെയ്ല്‍) വൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് ദ്രവീകൃത വാതകം കൊണ്ടുപാകുന്നതിനുള്ള പ്രവൃത്തി ഏറ്റെടുത്തിരുന്നത്്. 1050 മെഗാവാട്ട് വൈദ്യുതി ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാമെന്നായിരുന്നു എന്‍.ടി.പി.സിയുടെ കണക്കുകുട്ടല്‍. കടലും കായലും വഴി വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാനുള്ള പാരിസ്ഥിതിക അനുമതിക്ക് ‘ഗെയ്ല്‍’ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. എന്നാല്‍ പരിസ്ഥിതി വിരുദ്ധ പദ്ധതിയാണെന്നാരോപിച്ച് മത്സ്യതൊഴിലാളികള്‍ അടക്കമുള്ള പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. വാതകപൈപ്പ് ലൈനില്‍ വല്ല ചോര്‍ച്ചയും സംഭവിച്ചാലുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എങ്ങിനെ നേരിടുമെന്ന് ‘ഗെയില്‍’ വ്യക്തമാക്കണമെന്ന് മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി നോട്ടീസ് നല്‍കി.ഈ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ചോര്‍ച്ചയുണ്ടാകുന്ന പക്ഷം പദ്ധതിയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലൂടെ തത്സമയം അത് കണ്ടുപിടിക്കുമെന്നും ചോര്‍ച്ച തടയാന്‍ ഉടന്‍ സംവിധാനമൊരുക്കുമെന്നും ‘ഗെയ്ല്‍’ വിദഗ്ധ സമിതിയെ അറിയിച്ചു. ഇത് കൂടാതെ അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് പൈപ്പ്ലൈന്‍ കൊണ്ടുപോകുന്ന ഭാഗങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്ക് ബോധവല്‍കരണം നല്‍കുമെന്നും ഗെയ്ല്‍ സമിതിക്ക് മറുപടി നല്‍കി. ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വിദഗ്ധ സമിതി അനുമതി നല്‍കിയത്.