കേരള രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസമായി മാറുകയും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ എന്ന് വാഴ്ത്തപ്പെടുകയും ചെയ്ത ലീഡര്‍ കെ.കരുണാകരന്‍ കര്‍മ്മരംഗത്തുനിന്ന് നിഷ്‌ക്രമിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.
ഇന്ത്യയിലെ 'രാഷ്ട്രീയപരീക്ഷണശാല' എന്ന് രാഷ്ട്രീയചിന്തകര്‍ വിശേഷിപ്പിച്ച കേരളത്തിലെ സങ്കീര്‍ണത നിറഞ്ഞ സംഭവവികാസങ്ങള്‍കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്ന ഒരു കാലഘട്ടത്തില്‍ ജനാധിപത്യച്ചേരിയുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നേറിയ തന്ത്രശാലിയും ദീര്‍ഘദര്‍ശിയും കരുത്തനുമായിരുന്ന കെ.കരുണാകരന്റെ തിരോധാനത്തോടെ ഉളവായ ശൂന്യത ഭാവിയില്‍ നികത്തപ്പെടുമെന്ന പ്രതീക്ഷ വച്ചു പുലര്‍ത്തിയിട്ടു കാര്യമില്ല. കെ.കരുണാകരന്റെ ഗുണവിശേഷങ്ങളുള്ള ഒരു നേതാവിനെ ഇനി നമുക്കു കിട്ടാന്‍ പോകുന്നില്ല.
കേരള രാഷ്ട്രീയത്തിന് കെ.കരുണാകരന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന കമ്യൂണിസ്റ്റാധിപത്യത്തിനെതിരെ, ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരുള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുകയും അങ്ങനെ ജനാധിപത്യത്തെ രക്ഷിക്കുകയും ചെയ്യുന്നതിന് മുന്‍കൈയെടുത്തു എന്നുള്ളതാണ്. അപ്രതീക്ഷിതമായിട്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം അരങ്ങേറുന്നത്. അതാകട്ടെ, ജനാധിപത്യച്ചേരിക്ക് കെട്ടുറപ്പില്ലാത്തതുകൊണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത ഒരു സ്ഥിതി വളരെപ്പെട്ടെന്ന് കേരളത്തില്‍ സംജാതമായി. പൊലീസ്, പാര്‍ട്ടിയുടെ പിണിയാളായി. നിയമവാഴ്ചപോലും തകര്‍ന്നു. കോടതിയുടെ ചുമതലകള്‍ പാര്‍ട്ടി സെല്ലുകള്‍ ഏറ്റെടുത്ത് വിചാരണ നടത്തി വിധി പ്രസ്താവിക്കാന്‍ തുടങ്ങി. ജനതയോടും സംസ്‌കാരത്തോടും ഇഴുകിച്ചേരാന്‍ കഴിയാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വിപ്ലവത്തിനായുള്ള കളമൊരുക്കലായിരുന്നു അന്നു കേരളത്തില്‍ നടന്നത്. ഇതുമനസ്സിലാക്കി ജനങ്ങള്‍തന്നെ ഈ ഭരണത്തെ തൂത്തെറിഞ്ഞു.
ഈ പരീക്ഷണത്തിനുശേഷം കേരളത്തില്‍ ജനാധിപത്യം വീണ്ടും തിരികെവന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ 'കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായി ഏതു ചെകുത്താനുമായും കൂട്ടുകൂടും' എന്നു പ്രഖ്യാപിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് രംഗത്തിറങ്ങി. ആശയപരമായ യാതൊരു യോജിപ്പുമില്ലാത്ത രാഷ്ട്രീയകക്ഷികളുടെ ആ കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ വിജയം നേടി. ഈ മുന്നണി സര്‍ക്കാരും തെറ്റായ വഴിയിലൂടെയാണ് മുന്നോട്ടു നീങ്ങിയത്. അന്ന് ഒമ്പതു പേരുടെ നേതാവായിരുന്ന കെ.കരുണാകരന്റെ മൂര്‍ച്ചയേറിയ നാവും, തന്ത്രങ്ങളും ഇ.എം.എസിന്റെ സപ്തകക്ഷിമുന്നണിയില്‍ വിള്ളലുണ്ടാക്കി. 1969 നവംബറില്‍ മന്ത്രിസഭ രാജിവക്കുകയും ചെയ്തു. സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായ 1970 ലെ രണ്ടാം മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ചേര്‍ന്നു. കെട്ടുറപ്പുള്ള ഒരു ഭരണം കാഴ്ചവച്ചു. 1977ല്‍ 111 സീറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടമാണ് കോണ്‍ഗ്രസുള്‍പ്പെട്ട മുന്നണി കൈവരിച്ചത്.
എണ്‍പതുകളിലാണ് കമ്യൂണിസ്റ്റ് കക്ഷികളില്ലാത്ത ഐക്യജനാധിപത്യമുന്നണി ശക്തിയാര്‍ജ്ജിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ കക്ഷികളെയും ഈ മുന്നണിയിലേയ്ക്കു കൊണ്ടുവരാന്‍ കെ.കരുണാകരന്‍ മുന്‍കൈയെടുത്തു. എന്‍.ഡി.പി., എസ്.ആര്‍.പി., ജനതാ (ജി) തുടങ്ങിയ കക്ഷികളും പില്‍ക്കാലത്ത് ജെ.എസ്.എസ്., സി.എം.പി., ആര്‍.എസ്.പി. വിഭാഗങ്ങള്‍ എന്നിവയും ജനാധിപത്യച്ചേരിയില്‍ നിലയുറപ്പിച്ചു.എല്ലാ ഘടകകക്ഷികള്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ കെ. കരുണാകരന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുപോലെ, എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുമുള്‍പ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കി. ഐക്യജനാധിപത്യമുന്നണി ഒരു രാഷ്ട്രീയ ശക്തിദുര്‍ഗ്ഗമായി നിലനിന്നതുകൊണ്ടാണ്, മാര്‍ക്‌സിസ്റ്റ് നേതൃമുന്നണിയുടെ സ്വേച്ഛാധിപത്യഭരണത്തിന് കൂച്ചുവിലങ്ങിടാന്‍ ഒരോ ഘട്ടത്തിലും കഴിഞ്ഞത്.
കേരളരാഷ്ട്രീയത്തില്‍ കെ.കരുണാകരന്‍ നല്‍കിയ രണ്ടാമത്തെ സംഭാവന, തന്റെ സഹപ്രവര്‍ത്തകരും പിന്‍ഗാമികളുമാകാന്‍ പ്രാപ്തിയുള്ള ഒരു രണ്ടാംനിരനേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവന്നു എന്നുള്ളതാണ്. കഴിവുള്ളവരെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ സമാര്‍ത്ഥ്യം അന്യാദൃശമായിരുന്നു. ന്യായമായ കാര്യങ്ങളെ രാഷ്ട്രീയലക്ഷ്യംവച്ച് എതിര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നിരുന്നില്ല.
എതിര്‍പക്ഷത്തിന്റെ നല്ല അഭിപ്രായങ്ങളെ മാനിക്കാനും സദാ തയ്യാറായിരുന്നവെന്ന് പ്രതിപക്ഷ കക്ഷിനേതാക്കള്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. രാഷ്ട്രീയനേതാവ് എന്നനിലയിലും ഭരണാധികാരി എന്നനിലയിലും ഒരു പച്ചമനുഷ്യന്‍ എന്നനിലയിലും കെ.കരുണാകരനില്‍നിന്നും പുതിയ തലമുറയ്ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്.






