Random Posts

Monday, December 12, 2011

ഹസാരെ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്

അണ്ണ ഹസാരെ രാഷ്ട്രീയം കളിക്കുകയാണെന്നും പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സുശക്തമായ ലോക്പാല്‍ സംവിധാനം ആവശ്യപ്പെട്ട് ഹസാരെ വീണ്ടും പ്രക്ഷോഭത്തിനിറങ്ങിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

പ്രതിഷേധിക്കാനും സമരം നടത്താനും ഹസാരേക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി സമ്മതിച്ചു. എന്നാല്‍ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ ഹസാരെ നടത്തുന്ന വിമര്‍ശനം ഇക്കാര്യത്തില്‍ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്നാണ് വ്യക്തമാക്കുന്നതെന്ന് ആല്‍വി കുറ്റപ്പെടുത്തി. ലോക്പാല്‍ബില്‍ സംബന്ധിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടുണ്ട്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും വിവിധ പാര്‍ട്ടി പ്രതിനിധികളടങ്ങിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത് പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ജന്തര്‍മന്തറില്‍ ഇരുന്നുകൊണ്ട് നിയമങ്ങള്‍ നിര്‍മിക്കാനാവില്ല. ഇനി ഇക്കാര്യത്തില്‍ ചുമതല നിറവേറ്റാന്‍ പാര്‍ലമെന്റിനെ അനുവദിക്കുകയാണ് അണ്ണ ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

ബില്ലിനെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റിന്റെ ചുമതലയാണ്. ഭരണഘടന പ്രകാരമാണ് പാര്‍ലമെന്റ് മുന്നോട്ടുപോകുന്നത്, അല്ലാതെ മുദ്രാവാക്യങ്ങള്‍ക്കനുസൃതമായല്ല. ഒരു വ്യക്തിയും പാര്‍ലമെന്റിനും ഭരണഘടനയ്ക്കും മുകളിലല്ല-കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

നിയമനിര്‍മാണംകൊണ്ടുമാത്രം അഴിമതി അവസാനിപ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ സമൂഹ മനഃ സ്ഥിതിയില്‍ മാറ്റമുണ്ടാകുകയാണാവശ്യം. എല്ലാ തലത്തിലും അഴിമതിക്കെതിരായ സമരം കോണ്‍ഗ്രസ് തുടരും-റഷീദ് ആല്‍വി പറഞ്ഞു. പാര്‍ലമെന്റിനെ അനാവശ്യമായ സമ്മര്‍ദത്തിലാക്കുകയാണ് ഹസാരെസംഘം ചെയ്യുന്നതെന്ന് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി കഴിഞ്ഞദിവസം കുറ്റപ്പെടുത്തി.