അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ ഭരണം തകര്‍ച്ചയുടെ നെല്ലിപ്പലകയിലെത്തിച്ച് കരിന്തിരി കത്തിച്ച കേരളത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും കൈത്തിരി കൊളുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്.
അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയൊരുക്കി അധ്വാനിക്കുന്നവരുടെയും ജീവിതഭാരത്താല്‍ തളര്‍ന്നവരുടെയും കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്കപരിപാടി കോട്ടയം ജില്ലയില്‍ ചരിത്രമാകും. അരലക്ഷത്തിലേറെപ്പേര്‍ കണ്ണീരില്‍ ചാലിച്ചെഴുതിയ പരിദേവനങ്ങള്‍ക്കും ആവലാതികള്‍ക്കും മാനുഷിക പരിഗണന മാനദണ്ഡമാക്കി ഇന്ന് മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിക്കും. ജനബാഹുല്യം കൊണ്ടും പരാതിക്കരുടെ എണ്ണം കൊണ്ടും ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടി മുഖ്യമന്ത്രിയുടെ ജില്ല എന്ന നിലയിലും ഇതിനകം ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പാന്‍ കനിവിന്റെ കരങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, കെ.സി.ജോസഫ്, ആന്റോ ആന്റണി എം.പി, ജോസ് കെ.മാണി എം.പി, എം.എല്‍.ഏമാര്‍, ജില്ലയില്‍ നിന്നുള്ള മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.
കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ 9-ന് ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമാകും. 60,429 പരാതികളാണ് മൂന്നാം തിയതി വരെ ലഭിച്ചിട്ടുള്ളത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് കോട്ടയത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ദിവസങ്ങളായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജിവനക്കാരും ഉദ്യോഗസ്ഥരും എണ്ണയിട്ട യന്ത്രം കണക്കേ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയുടെ കണ്ണീരൊപ്പാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തിന് പിന്തുണയായി. അപേക്ഷ സ്വീകരിക്കാനുള്ള നിശ്ചിത സമയത്തിനു ശേഷവും പരാതികളുമായെത്തിയ അപേക്ഷകരുടെ പ്രവാഹം മൂലം പരിപാടിക്ക് നിശ്ചയിച്ചിരുന്ന വേദി രണ്ടു വട്ടം മാറ്റേണ്ടി വന്നു. കെപിഎസ് മേനോന്‍ ഓഡിറ്റോറിയമാണ് ജനസമ്പര്‍ക്കപരിപാടിക്ക് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപേക്ഷകരുടെ ബാഹുല്യം മൂലം പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് വേദി മാറ്റിയെങ്കിലും പിന്നീട് കൂടുതല്‍ സൗകര്യപ്രദമായ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ജനസമ്പര്‍ക്ക പരിപാടി മാറ്റുകയായിരുന്നു. ഡിസംബര്‍ മൂന്നു വരെയാണ് പരാതികള്‍ സ്വീകരിക്കാനായി സമയപരിധി നിശ്ചയിച്ചിരുന്നത്. നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുരുങ്ങി വര്‍ഷങ്ങളായി നല്‍കിയ പരാതികളുടെ ചുവപ്പു നാടകള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അഴിക്കാനാവുമെന്ന പ്രത്യാശയിലാണ് വലിയൊരു വിഭാഗം.
Tuesday, December 20, 2011
Home »
» മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്
By Anonymous 12/20/2011 08:26:00 AM






