Random Posts

Sunday, December 11, 2011

ഒരാഴ്ചയ്ക്കകം കേന്ദ്രവുമായി ധാരണാപത്രം

മുല്ലപ്പെരിയാര്‍ അണക്കെട്ടും ജലനിരപ്പും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി ധാരണാപത്രം ഒരാഴ്ചയ്ക്കുള്ളില്‍ ഒപ്പിടുമെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ബന്ധപ്പെട്ട രേഖകളെല്ലാം ഡല്‍ഹിയിലുള്ള കേരള റസിഡന്റ് കമ്മീഷണര്‍ക്ക് കൈമാറി. നടപടികള്‍ ഏകോപിപ്പിക്കാനുള്ള ചുമതല റസിഡന്റ് കമ്മീഷണര്‍ക്കാണ്. ശാസ്ത്ര-സാങ്കേതിക വകുപ്പിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതോടൊപ്പം ദേശീയ-അന്തര്‍ദേശീയതലത്തില്‍ പ്രശസ്തരായ ഭൂഗര്‍ഭ ശാസ്ത്രജ്ഞരുമായി സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഹൈ വെലോസിറ്റി റേഡിയോ ഫ്രീക്വന്‍സി സ്റ്റേഷന്റെ പ്രവര്‍ത്തനം മുല്ലപ്പെരിയാറില്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെയും പരിസരപ്രദേശത്തേയും ചെറിയ ചലനങ്ങള്‍പോലും നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. അവ വിദഗ്ധര്‍ വിലയിരുത്തും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വീഡിയോ ക്യാമറ സംവിധാനം സജ്ജമാക്കുകയാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പുമായിട്ടുള്ള കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. അവ തിരുവനന്തപുരത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.
അണക്കെട്ടിന്റെ അടിത്തറ ശക്തമാക്കണമെന്നുള്ള നിര്‍ദേശം പ്രശസ്ത ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ ഡോ. കയാല്‍ മുന്നോട്ടുവെച്ചുകഴിഞ്ഞു. ഭൂഗര്‍ഭ സര്‍വേയുടെ മുന്‍ ഡയറക്ടര്‍ ജനറലാണ് അദ്ദേഹം. ശനിയാഴ്ച ഇടുക്കി മേഖലയില്‍ സെ്കയിലില്‍ 2.4 തീവ്രതയുള്ള ഭൂചലനങ്ങളില്‍ ആശങ്കവേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കംചെന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റിക്ടര്‍ സെ്കയില്‍ വര്‍ധിക്കാന്‍ ഇടയായാല്‍ അത് അപകട സാധ്യത ഉളവാക്കുന്നു. ഫലപ്രദമായ ഭൂഗര്‍ഭ സര്‍വേ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, അതിനായി സ്ഥിരം സംവിധാനംകൂടി വേണ്ടിയിരിക്കുന്നു.
സമീപപ്രദേശങ്ങളിലെ 18 വില്ലേജുകളിലായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അതിന്റെ മുന്നോടിയായി സ്‌കൂളുകളില്‍ സുരക്ഷാ ക്ലബുകള്‍ രൂപവത്കരിക്കുന്നുണ്ട്.
പഠന-നിരീക്ഷണത്തിന്റെ മുന്നോടിയായി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍ സമീപത്തെ എല്ലാ വില്ലേജുകളും സന്ദര്‍ശിക്കും. അതിനുശേഷം മൂന്നുമാസം നിരന്തരമായി സര്‍വേ ആവശ്യമാണ്. അതോടൊപ്പമാണ് വീഡിയോ ക്യാമറവഴി ചിത്രങ്ങളും സന്ദേശങ്ങളും കൈമാറുക. ശാസ്ത്രജ്ഞന്മാരും വിദഗ്ധരും സ്ഥിരമായി സമീപപ്രദേശങ്ങളില്‍ ക്യാമ്പ്‌ചെയ്യുന്നതാണ്.
പഠന-നിരീക്ഷണങ്ങള്‍ സംസ്ഥാന പോലീസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, ജലസേചന വകുപ്പുകള്‍ക്ക് കൈമാറും. എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥരുമായി വിദഗ്ധര്‍ കൂടിയാലോചന നടത്തുന്നതാണ്.
അണക്കെട്ടിന്റെ പല ഭാഗങ്ങളിലും ചോര്‍ച്ചയുള്ളത് രേഖപ്പെടുത്തിയ ചിത്രങ്ങള്‍ ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ 15ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് കൈമാറും. മൂന്നംഗ കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് അബ്രഹാം അറിയിച്ചു. സര്‍ക്കാറിന്റെ പുതിയ സത്യവാങ്മൂലവും അന്ന് കോടതിയില്‍ ഫയല്‍ ചെയ്യും.