കോട്ടയം: ആതുരസേവനമെന്ന മഹത്തായ ത്യാഗത്തിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ജ്വലിക്കുന്ന മാതൃകയായ കോതനല്ലൂര്‍ പുളിക്കല്‍ വിനീതയും ഉഴവൂര്‍ ഇടക്കോലി മാച്ചേരില്‍ രമ്യയും ഓര്‍മയായി. കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രി തീപിടിത്തത്തില്‍ മരിച്ച ഇരുവരുടെയും സംസ്‌കാരം ആയിരക്കണക്കിനു പേരുടെ സാന്നിധ്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയും ഇന്നലെ നടന്നു. നാടാകെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. കാല്‍ക്കത്തയില്‍നിന്നു ഞായറാഴ്ച രാത്രി മൃതദേഹങ്ങള്‍ എത്തിച്ചതു മുതല്‍ രണ്ടു വീടുകളിലും ഇരമ്പിയ കണ്ണീര്‍ക്കടല്‍ ഇന്നലെയും ശാന്തമായില്ല.
രമ്യയുടെ അമ്മ ഉഷയും സഹോദരന്‍ രാജേഷും ബന്ധുക്കളും കരഞ്ഞു തളര്‍ന്നു. രമ്യയുടെ കൂട്ടുകാരി, തീപിടിത്തത്തില്‍ പരുക്കേറ്റ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കഴിയുന്ന പുളിക്കല്‍ സന്ധ്യയുടെ അമ്മ ഷൈജയുടെ ദുഃഖവും അണപൊട്ടിയൊഴുകി. രമ്യയുടെ സഹപ്രവര്‍ത്തകയും അടുത്ത സുഹൃത്തുമാണ് സന്ധ്യ. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇടക്കോലിയിലേക്ക് എത്തിയ ആയിരങ്ങള്‍ രമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയത്തുനിന്നെത്തിയ പ്രത്യേക പൊലീസ് സേന സംസ്‌കാരത്തിനു മുന്നോടിയായുള്ള ബഹുമതി സമര്‍പ്പിക്കല്‍ ചടങ്ങുകള്‍ നടത്തി. തുടര്‍ന്ന് രമ്യയുടെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
ഞായറാഴ്ച രാത്രി മൃതദേഹം എത്തിച്ചതു മുതല്‍ നിലക്കാത്ത ജനപ്രവാഹമായിരുന്നു വിനീതയുടെ കോതനല്ലൂരിലെ പുളിക്കല്‍ വീട്ടിലേക്ക്. മകളുടെ ദുരന്തമറിഞ്ഞ് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ മേരിയെ ഇന്നലെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ചു. അച്ഛന്‍ കുഞ്ഞുമോനും സഹോദരി വിദ്യയും ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിച്ചു. വീട്ടില്‍ നടത്തിയ ചടങ്ങുകള്‍ക്കുശേഷം വിലാപയാത്രയായി മൃതദേഹം കോതനല്ലൂര്‍ സെന്റ് മേരീസ് (പാറേല്‍) പള്ളിയിലെത്തിച്ചു. കുര്‍ബാനയ്ക്കും മറ്റു ശുശ്രൂഷകള്‍ക്കും ശേഷം വൈകിട്ട് അഞ്ചുമണിയോടെ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു.
ഉഴവൂരിലെയും കോതനല്ലൂരിലെയും ഇന്നലത്തെ പകലിന് ഈ മുഖമായിരുന്നു. ഉഴവൂര്‍ ഇടക്കോലി മാച്ചേരില്‍ വീട്ടിലെ കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. ദുരിതങ്ങള്‍ക്കിടയില്‍ ജനിച്ചു കഷ്ടപ്പാടുകള്‍ എറെ സഹിച്ചു പഠിച്ച് കുടുംബത്തിനുവേണ്ടി കൊല്‍ക്കത്തയിലേക്കു വണ്ടികയറി ജീവിതയാത്രയില്‍ പിച്ചവച്ചു തുടങ്ങിയ രമ്യയെയും വിനീതയെയും അവസാനമായി കാണാന്‍ എത്തിയ എല്ലാവരുടെയും മിഴികള്‍ ഈറനണിഞ്ഞു. രമ്യയും കോതനല്ലൂര്‍ സ്വദേശിനി വീനീതയും കാണിച്ച ധീരതയ്ക്കു മുന്നില്‍ നാട് ഇന്നലെ തലകുനിക്കുകയായിരുന്നു.ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന രണ്ടുപെണ്‍കുട്ടികളുടെ സംസ്‌കാരത്തിനു സര്‍ക്കാരിന്റെ ആദരവും അപൂര്‍വമായി. മരണത്തിനു കീഴടങ്ങും മുന്‍പ് ആശുപത്രിയിലെ ഒട്ടേറെ രോഗികളെ രക്ഷപ്പെടുത്തി രണ്ടുപേരുടെയും ധീരതയ്ക്കുള്ള ആദരവായിരുന്നു അത്. പൊലീസ് സേന ചിട്ടയോടെ അര്‍പ്പിച്ച ആദരാഞ്ജലികള്‍.
രമ്യയെയും വിനീതയെയും നാടിന്റെ മനസ്സിലെ മറക്കാത്ത മുഖങ്ങളാക്കി മാറ്റി. രമ്യയുടെ മൃതദേഹം കിടത്തിയ വീട്ടുമുറ്റത്തും സംസ്‌കാരം നടന്ന തൊടിയിലും അഞ്ചു പൊലീസുകാര്‍ക്കുപോലും നില്‍ക്കാന്‍ സ്ഥലമില്ലായിരുന്നു. പക്ഷേ, അസൗകര്യങ്ങളുടെ ആധിക്യം ആദരവില്‍ ഒട്ടും കുറവുവരുത്തിയില്ല. എല്ലാം നന്നായി തന്നെ നടന്നു.ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണു രമ്യയും വിനീതയും യാത്രപറഞ്ഞത്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന പഴയ വീടിനു പകരം പുതിയൊരു കൊച്ചുവീടെന്ന സ്വപ്നം ഇരുവര്‍ക്കുമുണ്ടായിരുന്നു. ിദ്യാഭ്യാസത്തിനായി എടുത്ത വായ്പ തിരിച്ചടച്ചാലുടന്‍ പുതിയ വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ തയാറെടുക്കുകയായിരുന്നു അവര്‍. ഉഴവൂര്‍ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും രമ്യയ്ക്കു പുതിയ വീട് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
റയില്‍പാളത്തോടു ചേര്‍ന്നുള്ള സ്ഥലത്തു താമസിച്ചിരുന്ന വിനീതയുടെ കുടുംബത്തിനു വീടുനിര്‍മിക്കാനും ചില തടസ്സങ്ങളുണ്ട്. അതെല്ലാം എങ്ങനെ മറികടക്കുമെന്നറിയാതെ കുഴയുകയാണ് ഈ കുടുബം. നാളത്തെ മന്ത്രിസഭായോഗത്തില്‍ രമ്യയുടെയും വിനീതയുടെയും കുടുംബത്തിനു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇരുവരുടേയും വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുമെന്ന് എസ്ബിഐ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്






