Random Posts

Thursday, December 22, 2011

വിനീതയ്ക്കും രമ്യയ്ക്കും അഞ്ചുലക്ഷം വീതം, ജനസാഗരം സാക്ഷി: സാന്ത്വനം മാത്രം നല്കി മുഖ്യന്‍


കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏറ്റവുംവലിയ വിജമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന ജനസമ്പര്‍ക്കപരിപാടി കോട്ടയത്തും ചരിത്രംകുറിച്ചു. സ്‌നേഹ സാന്ത്വന വാക്കുകളിലൂടെ ആശ്വാസം പകരുകയും സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത് മുഖ്യമന്ത്രി രോഗികള്‍ക്കരികിലെത്തി നേരിട്ട് വിതരണം ചെയ്യുന്ന കാഴ്ച എതിരാളികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അധികാരത്തിന്റെ വാതിലുകള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവര്‍ക്കു മുന്നിലെത്തി. ചുവപ്പു നാടയുടെ കുരുക്ക് പൊട്ടിച്ച് പരാതികളും സങ്കടങ്ങളും നേരില്‍ കേട്ടു. ക്ഷമയോടെയും സൗമനസ്യത്തോടെയും ഓരോ പരാതിക്കും പരിഹാരവാക്കുമായി മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക്കിറങ്ങിയെത്തി.

ഭരണയന്ത്രവും ക്ലിഫ് ഹൗസുമൊക്കെ നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിന് വഴിമാറിയ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത് പതിനായിരങ്ങളാണ്. അവരില്‍ രോഗികളും വികലാംഗരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും വൃദ്ധരും സാധാരണക്കാരുമൊക്കെയുണ്ടായരുന്നു. ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും ആള്‍രൂപമായി മുഖ്യമന്ത്രി അവര്‍ക്കൊപ്പം നിന്നു. കോട്ടയം നാഗമ്പടം സ്‌റ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി ഒരുക്കിയ വേദിയിലേക്ക് രാവിലെ മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കൃത്യം 9.30ന് തന്നെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലെത്തി. 15 മിനുട്ട് മാത്രമാണ് ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും 40 മിനുട്ടോളം നീണ്ടു. നേരത്തെ ലഭിച്ച പരാതിക്കുള്ള മറുപടിയായി തയ്യാറാക്കിയിരുന്ന 72 കൗണ്ടറുകളും ഇതിനകം ജനസഞ്ചയമായി മാറി.

ഉദ്ഘാടനച്ചടങ്ങിനുശേഷം ആംബുലന്‍സിലും വാഹനങ്ങളിലും എത്തിയ രോഗികളുടെ പരാതി കേള്‍ക്കാനാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. രോഗികളുമായെത്തിയ ആംബുലന്‍സുകളുടെയും ഓട്ടോറിക്ഷകളുടെയും നീണ്ടനിരയാണ് മുഖ്യമന്ത്രിയെ കാത്തിരുന്നത്. അവരുടെ അപേക്ഷയില്‍ മറുപടി കുറിച്ചും ചികിത്സാധനസഹായം നിര്‍ദ്ദേശിച്ചും മുഖ്യമന്ത്രി നീങ്ങി. . പലതരം രോഗങ്ങളാല്‍ അവശത അനുഭവിച്ച് ചലനശേഷി നഷ്ടപ്പെട്ടവരെ മുഖ്യമന്ത്രി ആംബുലന്‍സില്‍ ചെന്ന് കണ്ടു. എല്ലാവരുടെയും ആവലാതികളും സങ്കടങ്ങളും ക്ഷമയോടെ കേട്ട അദ്ദേഹം അവരെ സമാശ്വസിപ്പിച്ചു. ചികിത്സാ സഹായം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. വേദിക്കരികില്‍ താത്ക്കാലികമായി സജ്ജീകരിച്ച ആശുപത്രിയിലെത്തിയും രോഗികളായവരെ മുഖ്യമന്ത്രി നേരില്‍ക്കണ്ടു.

പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരും ചലനശേഷി നഷ്ടപ്പെട്ടവരും ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലും സ്‌ട്രെച്ചറിലും വീല്‍ച്ചെയറുകളിലുമായി മുഖ്യമന്ത്രിയെ കാണാനെത്തി. കോത്തല കാലായില്‍ സ്വദേശി മാധവന്‍ (60) രണ്ടു കാലും മുറിച്ചു മാറ്റി പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തന്റെ വീട്ടിലേക്ക് റോഡ് വേണമെന്ന അപേക്ഷയില്‍ ഉടന്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എട്ടുവര്‍ഷം മുന്‍പ് കനാലില്‍ വീണ് പരിക്കേറ്റ നെടുംപറമ്പില്‍ ജോസിന്(52) 25000 രൂപയും ജോസിനും ഭാര്യയ്ക്കും പെന്‍ഷന്‍ നല്‍കാനും മുഖ്യമന്ത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു. പേരൂര്‍ സ്വദേശി ജയരാജ് (39), പൂഞ്ഞാര്‍ സ്വദേശി സിബി ജോര്‍ജ് (40), തീക്കോയി സ്വദേശി ശശി (46), കൂട്ടിക്കല്‍ സ്വദേശി സുരേഷ്‌കുമാര്‍ (39), പുന്നത്തുറ സ്വദേശി പ്രിയാമോള്‍ (32) തുടങ്ങി അന്‍പതോളം പേരുടെ പരാതിയാണ് മുഖ്യമന്ത്രി ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലുമെത്തി സ്വീകരിച്ചത്. ഇവര്‍ക്കെല്ലാം സഹായധനം വാഗ്ദാനം ചെയ്യുകയും തുടര്‍ ചികിത്സയ്ക്ക് നടപടി സ്വീകരിക്കുകയും മരുന്നുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ക്രിക്കറ്റ് കളിക്കിടെ പതിനഞ്ചാം വയസ്സില്‍ പരിക്കു പറ്റി അരയ്ക്കുതാഴെ തളര്‍ന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി സ്വാമി രാജ് (25) ന് മുഖ്യമന്ത്രി ആംബുലന്‍സില്‍ എത്തി സഹായം വാഗ്ദാനം ചെയ്തു. 25,000 രൂപ ചികിത്സാസഹായധനം നല്‍കുകയും പെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതില്‍ പലര്‍ക്കും പെന്‍ഷന്‍ അനുവദിക്കുകയും ആശ്വാസവാക്കുകള്‍ പറയുകയും ചെയ്തു. സുഖമില്ലാത്ത മറ്റ് രോഗികളെ അവരുടെ അടുത്തെത്തി പരാതികള്‍ക്ക് പരിഹാരം കണ്ടു. രോഗികളുടെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി.എം.ഒ, എന്നിവരെ രോഗികള്‍ക്കരികിലേക്ക് വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി. ഇവരുടെ തുടര്‍ ചികിത്സയ്ക്കുവേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടു. പരിപാടിയിലേക്ക് നേരത്തെ ലഭിച്ച 60,000 പരാതികള്‍ക്കുപുറമേ ചൊവ്വാഴ്ച മാത്രം 10,000ത്തോളം അപേക്ഷകള്‍ കിട്ടിയിരുന്നു.

മുഖ്യമന്ത്രി രോഗികളുടെ പരാതികള്‍ സ്വീകരിക്കുന്ന സമയം ധനമന്ത്രി കെ.എം. മാണിയും റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാതികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. പുതിയ പരാതിക്കാരെക്കൊണ്ട് വേദിയുടെ ഇരുവശവും നിറഞ്ഞു. പലരും കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയത്. അപേക്ഷകരുടെ എണ്ണം നിയന്ത്രണാതീതമായതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസുദ്യോഗസ്ഥരും വളണ്ടിയര്‍മാരും ബുദ്ധിമുട്ടി. മുഖ്യമന്ത്രിയെ നേരില്‍ കാണേണ്ടാത്ത പരാതിക്കാരുടെ അപേക്ഷകള്‍ മന്ത്രി കെ.സി. ജോസഫ്, മോന്‍സ് ജോസഫ് എം.എല്‍.എ., സി.എഫ്. തോമസ് എം.എല്‍.എ. എന്നിവരും സ്വീകരിച്ചു തുടങ്ങി. കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടായിരുന്നെങ്കിലും നിരവധി സ്ത്രീകള്‍ തലകറങ്ങിവീണു. ഉച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി അംഗവൈകല്യമുള്ളവരെ കാണാന്‍ തുടങ്ങിയത്. പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ പലതവണ മൈക്കില്‍ വിളിച്ചുവരുത്തുന്നുണ്ടായിരുന്നു. രാത്രി ഏഴുമണിയോടെയാണ് അംഗവൈകല്യമുള്ളവരുടെ പരാതികള്‍ കേട്ടുതീര്‍ന്നത്.

പിന്നീടാണ് പുതിയ പരാതിക്കാരുടെ അരികിലെത്തിയത്. ജില്ലാകളക്ടര്‍ മിനി ആന്റണി, ജോസ് കെ. മാണി എം.പി. എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ധനസഹായത്തിന് 2000 മുതല്‍ 25,000 രൂപ വരെയാണ് മുഖ്യമന്ത്രി അനുവദിച്ചത്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ധനമന്ത്രിയുമടക്കം അധികാര കേന്ദ്രങ്ങളെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ചതോടെ ഭരണസംവിധാനം നെഹ്‌റു സ്‌റ്റേഡിയത്തിലായി. അവസാനപരാതിക്കാരനെയും കണ്ടശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത്. അപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞിരുന്നു.

ലഭിക്കുന്ന ഓരോ അപേക്ഷയിലും അനുകൂലമായി എന്തു ചെയ്യാം എന്ന സമീപനം വളര്‍ത്തിയെടുക്കുകയാണ് ജനസമ്പര്‍ക്കപരിപാടിയില്‍. അപേക്ഷ തീര്‍പ്പാക്കാനാകാത്തവയില്‍ അതിന്റെ കാരണം അപേക്ഷകന് അറിയാന്‍ കഴിയണം. അവഗണിക്കപ്പെടാതെ അപേക്ഷകളില്‍ അനുകൂലമായി എന്ത് ചെയ്യാമെന്ന സമീപനം വളര്‍ത്തിയെടുത്ത് ഈ സമീപനം സര്‍ക്കാരിന്റെ മുഖമുദ്രയാക്കുകയാണ് ലക്ഷ്യം. നിയമങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന സമീപനം പുലര്‍ത്തി ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ പാകത്തില്‍ സമീപനങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്‍ക്കത്ത ആശുപത്രിയില്‍ തീപ്പിടിത്തം ഉണ്ടായപ്പോള്‍ ജീവന്‍ ബലി നല്‍കിയും രോഗികളെ രക്ഷിച്ച രമ്യ, വിനീത എന്നീ നഴ്‌സുമാരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷത്തിന്റെ ധനസഹായം നല്‍കി. അപകടത്തില്‍പ്പെട്ടവരെ പരിചരിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സന്ധ്യയുടെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു