
മുഖ്യമന്ത്രിയായിരിക്കേ അടുത്ത ബന്ധുവിന് ചട്ടം ലംഘിച്ച് ഭൂമി പതിച്ചു നല്‍കിയ സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുള്ള വ്യക്തമായ പങ്ക്
വിജിലന്‍സ് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ക്രമക്കേടുകളുടെ വ്യക്തമായ തെളിവുകള്‍ ഇതിനകം അന്വേഷണസംഘത്തിന് ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദനും മുന്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രനുമടക്കം എട്ടു പേരെ പ്രതികളാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. അച്യുതാനന്ദനും കെ പി രാജേന്ദ്രനും പുറമേ ചീഫ് സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, ലാന്‍ഡ് റവന്യു കമ്മീഷണറായിരുന്ന മുരളീധരന്‍, കാസര്‍ഗോട്ടെ മുന്‍ ജില്ലാ കലക്ട്ര്‍മാരായ കൃഷ്ണന്‍കുട്ടി, ആനന്ദ് സിംഗ്, വി എസിന്റെ മാതൃസഹോദരീ പുത്രന്‍ ടി കെ സോമന്‍ തുടങ്ങിയവരായിരിക്കും പ്രതികളാവുക. ചട്ടവിരുദ്ധമായി വി എസിന്റെ ബന്ധുവായ സോമന് ഭൂമി നല്‍കിയതില്‍ ഇവര്‍ക്കൊക്കെയുള്ള പങ്കാളിത്തം സംബന്ധിച്ച രേഖകളെല്ലാം വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനില്‍ നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് എസ് പി ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. ഇന്നലെ വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷില്‍ നിന്നും മൊഴിയെടുത്തു. മുഖ്യമന്ത്രിയായിരിക്കെ, അടുത്ത ബന്ധുവായ ടി.കെ.സോമന് കാസര്‍കോട്ട് ഷേണി വില്ലേജില്‍ രണ്ടേക്കര്‍ 33 സെന്റ് ഭൂമി നിയമവിരുദ്ധമായി പതിച്ചുനല്‍കാന്‍ വി.എസ്.കൂട്ടുനിന്നുവെന്ന വിവരം ഇടതുസര്‍ക്കാരിന്റെ അവസാനനാളിലാണ് പുറത്തു വന്നത്. അന്നത്തെ ഇടതുമന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും സംഭവം പുറത്തായതിലുള്ള നീരസം വി എസ് റവന്യൂമന്ത്രി കെ പി രാജേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നു. യു ഡി എഫ് അധികാരത്തിലെത്തിയ ശേഷമാണ് ആരോപണം വിജിലന്‍സ് വകുപ്പിന് കൈമാറിയത്. വിവാദ ഭൂമി ഇടപാട് റദ്ദാക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് വിജിലന്‍സ് എസ്.പി.ഹബീബ് റഹ്മാന്‍,കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി. കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം
ആരോപണങ്ങള്‍ വി.എസ്.നിഷേധിച്ചതായാണ് അറിയുന്നത്. വിമുക്തഭടന്‍ എന്ന നിലയ്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യമാണ് ടി.കെ.സോമന്‍ എന്നയാള്‍ക്ക് തന്റെ സര്‍ക്കാര്‍ ചെയ്തതെന്നും അതില്‍ വ്യക്തിപരമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും വി.എസ്.മൊഴി നല്‍കിയെങ്കിലും ഇത് കേസെടുക്കാതിരിക്കാനുള്ള കാരണമാകുന്നില്ലെന്നാണ് സൂചന. ഒരേക്കര്‍ കൂടുതല്‍ സ്ഥലം വിമുക്തഭടന്മാര്‍ക്ക് നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. വി എസിന്റെ സ്വാധീനത്തില്‍ 2.33 ഏക്കര്‍ സ്ഥലമാണ് സോമന് നല്‍കിയത്. മറ്റ് സ്വന്തമായ സ്ഥാലമോ വസ്തുവകകളോ ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഭൂമി നല്‍കാന്‍ പാടില്ല. സോമന് ആലപ്പുഴയില്‍ സ്വന്തമായി വസ്തുവകകളും വരുമാനവുമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. ചട്ടം മറികടന്നാണ് സോമന് ഭൂമി നല്‍കിയത്. ഇത്തരത്തില്‍ ചട്ടം മറികടക്കണമെങ്കില്‍ പൊതുതാല്‍പര്യം വേണം. അതിന് മന്ത്രിസഭയുടെ അനുവാദവും വേണം. ഇവിടെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ് ഉണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തി. വി എസിന്റെ സ്വാധീനത്തിനു വഴങ്ങി മതിയായ അന്വേഷണങ്ങള്‍ നടത്താതെ ഇടപാടിന് കൂട്ടുനിന്നതാണ് ഉദ്യോഗസ്ഥര്‍ക്കും വിനയായത്.
കാസര്‍ഗോഡ് വിജിലന്‍സ് ഡി വൈ എസ് പി അടുത്തയാഴ്ചയോടെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിലേക്കയക്കുമെന്നാണ് സൂചന. തുടര്‍ന്നായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. സാധാരണ കേസുകള്‍ എഫ് ഐ ആറിട്ടതിനു ശേഷമാണ് അന്വേഷിക്കാറുള്ളതെങ്കില്‍ വിജിലന്‍സ് കേസുകള്‍ അന്വേഷിച്ച് കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ എഫ് ഐ ആറിടുകയുള്ളൂ. വിജിലന്‍സിന് ലഭിക്കുന്ന മൊഴികളേക്കാള്‍ രേഖകളാണ് പ്രസക്തമായ തെളിവുകള്‍. വി എസും കൂട്ടാളികളും കുടുങ്ങാന്‍ പോകുന്നത് വ്യക്തമായ തെളിവുകളുള്ള കേസില്‍ തന്നെയെന്ന് ചുരുക്കം.






