Random Posts

Thursday, December 22, 2011

ഉമ്മന്‍ ചാണ്ടി ഗിന്നസ് ബുക്കിലേയ്ക്ക്; അക്ഷരനഗരിക്ക് ആശ്വാസമായി ജനസമ്പര്‍ക്കപരിപാടി


കോട്ടയം: അക്ഷരനഗരിക്ക് ആശ്വാസമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്കപരിപാടി പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.എം മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ പ്രമുഖര്‍ വേദിയില്‍ അണിനിരന്നതോടെ പരിപാടിക്കെതിരേയുള്ള കുപ്രചാരണങ്ങളുടേയും മുനയൊടിയുകയാണ്. ഇതുവരെ ലഭിച്ച പരാതികളും നിവേദനങ്ങളും 60,429. ഇന്നും ആയിരങ്ങളാണ് പരാതിയുമായി വേദിയിലേക്കെത്തിയിരിക്കുന്നത്. ബിപിഎല്‍ ലിസ്റ്റ്, ബിപിഎല്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതിക്കാര്‍ ഇന്നു നേരിട്ടു വരേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രധാന പന്തലിലാണ് മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത്. ഇതിനു മുന്നിലായി ആറായി തിരിച്ച രണ്ട് ഉപപന്തലുകളിലാണു പൊതുജനങ്ങള്‍ ഇരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വേദിയുടെ വലതുവശത്തു മുന്നിലായി വികലാംഗര്‍ക്കും രോഗികള്‍ക്കുമുള്ള പ്രത്യേക പന്തലാണ്. ഇവരുടെ പരാതി മുഖ്യമന്ത്രി നേരിട്ടാണു സ്വീകരിക്കുന്നത്. പൊതുവിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് ഇവിടെ പ്രവേശനമില്ല. ശയ്യാവലംബികളായ രോഗികളെ കൊണ്ടുവന്നില്ലെങ്കിലും അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ പരിഗണിക്കും. ശയ്യാവലംബികളായ രോഗികളെ കൊണ്ടുവരുന്ന ആംബുലന്‍സുകള്‍ക്ക് റിങ് റോഡ് മുഖേന വേദിക്കരികില്‍ നേരിട്ടെത്താനാകും. മുഖ്യമന്ത്രി ഇവരുടെ അടുത്തെത്തി പരാതി കേള്‍ക്കും. ഈ വാഹനങ്ങള്‍ മാത്രമാവും സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുക. മുഖ്യമന്ത്രിയുടെ വേദിയുടെ തൊട്ടടുത്തു വിശ്രമമുറിയും തയാറാക്കിയിട്ടുണ്ട്. ഇടതുവശത്തു മറ്റു നേതാക്കള്‍ക്കായും വേദിയുടെ ഇടതുവശത്തു മുന്നിലായി മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രോഗികളായവര്‍ കയ്യില്‍ കരുതിയിരിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകളും പകര്‍പ്പുകളും കൗണ്ടറില്‍ കാണിക്കുന്നത് നിവേദനത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സഹായിക്കും.

കഴിവതും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഒഴിവാക്കണം. വലിയ കെട്ടുകളുമായി വന്നാല്‍ ഇതു പൊലീസ് വാങ്ങി സൂക്ഷിക്കും. മുഖ്യമന്ത്രിക്കു മുന്നില്‍ അര്‍ഹരായ അപേക്ഷകര്‍ക്കു മാത്രമേ എത്താനാകൂ. പൊതുജനങ്ങള്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ സൂക്ഷിക്കുന്ന 72 കൗണ്ടറുകളുണ്ട്. പ്രധാനവേദിക്ക് ഇരുവശങ്ങളിലുമാണ് ഇവ. ഓരോ വകുപ്പിനും പ്രത്യേകം കൗണ്ടറുകളുണ്ട്. കൗണ്ടറുകളുടെ വിവരവും സ്ഥാനവും പ്രധാന കവാടത്തിനു മുന്‍വശവും അന്വേഷണ കൗണ്ടറിനു സമീപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട കൗണ്ടര്‍ സംബന്ധിച്ച വിവരം അന്വേഷണ കൗണ്ടറില്‍നിന്നു ലഭിക്കും. പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും പ്രത്യേക കൗണ്ടറുണ്ട്. കൗണ്ടറുകളില്‍നിന്നു ലഭിക്കുന്ന ടോക്കണ്‍ ക്രമത്തിലാണു മുഖ്യമന്ത്രിയെ കാണാന്‍ കഴിയുക. സൗജന്യമായി അപേക്ഷകള്‍ തയാറാക്കാന്‍ ഹെല്‍പ് ഡെസ്‌കുകളുമുണ്ട്.

മാസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവില്‍ 3500 ഉദ്യോഗസ്ഥര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഹാജരായിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ ഉദ്യോഗസ്ഥര്‍ വിവിധ കൗണ്ടറുകളില്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങളെ സഹായിക്കാന്‍ 72 കൗണ്ടറുകളിലും ഉദ്യോഗസ്ഥര്‍ രാവിലെ ഹാജരാകും. സ്‌റ്റേഡിയത്തിനുള്ളിലും നഗരത്തിലും ക്രമസമാധനവും ഗതാഗതവും നിയന്ത്രിക്കുന്നതിനായി 1200 പൊലീസുകാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും സജ്ജരാണ്. രാത്രി വൈകിയും നീണ്ടുപോകുമെന്നതിനാല്‍ രണ്ടു ഘട്ടമായിട്ടാകും പൊലീസുകാര്‍ ഡ്യൂട്ടി ചെയ്യുക. രാവിലെ തുടങ്ങുന്ന ആദ്യസംഘത്തിന് ആറുവരെയും രണ്ടാം സംഘത്തിന് അതിനുശേഷവുമാകും ഡ്യൂട്ടി. സ്‌റ്റേഡിയത്തിലേക്കു സുഗമമായി എത്തിച്ചേരുന്നതിനും തിരികെ പോരുന്നതിനും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വീസ് നടത്തും. രാത്രി എട്ടിനുശേഷവും ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നതുവരെ വിവിധ സ്ഥലങ്ങളിലേക്കു സ്‌പെഷല്‍ ബസ് സര്‍വീസുകളുണ്ട്. ഇതുസംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തും.

ആരോഗ്യവിഭാഗത്തിന്റെ ടീം എല്ലാവിധ മെഡിക്കല്‍ സംവിധാനങ്ങളോടുംകൂടി പ്രധാന വേദിയുടെ വലതുവശത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. 150 നഴ്‌സിങ് വിദ്യാര്‍ഥികളുടെ സേവനം സ്‌റ്റേഡിയത്തിലുണ്ട്. വികലാംഗര്‍ക്കും രോഗികള്‍ക്കും വീല്‍ചെയര്‍ - സ്‌ട്രെച്ചര്‍ സൗകര്യങ്ങളും റെഡി. ജനസമ്പര്‍ക്ക പരിപാടിയിലുള്ള മുഴുവന്‍പേര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. സ്‌റ്റേജിന്റെ ഇടതുവശത്തുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ടെക്‌നിക്കല്‍ വിങ്ങും പ്രവര്‍ത്തിക്കുന്ന ഹാളിലാണു ബിരിയാണിപ്പൊതി വിതരണം ചെയ്യുക. കൗണ്ടറുകള്‍ക്കു പിറകില്‍ നാലിടത്തു ന്യായവില ലഘുഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ 10 ഇടങ്ങളില്‍ ശുദ്ധജലസൗകര്യം ഒരുക്കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണാര്‍ഥം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍നിന്ന് മന്ത്രി കെ.എം.മാണിയുടെ ചിത്രം ഒഴിവാക്കിയെന്ന് നേരത്തെ ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. കെ.എം. മാണിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണം നേരത്തേ ആരംഭിച്ചിരുന്നു. 60000 ഓളം പരാതികള്‍ ലഭിച്ച പരിപാടിക്കായി 'വികസനവും കരുതലും' എന്ന തലക്കെട്ടില്‍ തയാറാക്കിയ വലിയ ഫ്‌ളക്‌സില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കോട്ടയം എം.എല്‍.എയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചിത്രങ്ങളാണ് ചേര്‍ത്തിരുന്നത്.

നഗരത്തിലെങ്ങും നിറഞ്ഞ ഫ്‌ളക്‌സ് ബോര്‍ഡില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നും ജനങ്ങള്‍ക്കൊപ്പം എന്ന വാചകവും ചേര്‍ത്തിരുന്നു. ബഹുവര്‍ണ ഫ്‌ളക്‌സില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തോളോടുതോള്‍ ചേര്‍ന്ന് കൈപിടിച്ച് മുന്നേറുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയം മാണിയുടെ ചെവിയിലെത്തിക്കുകയായിരുന്നു. 'വികസനത്തിന്റെ പുതുവസന്തം 'കരുതലിന് കരസ്പര്‍ശം' എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ധനമന്ത്രി കെ.എം.മാണി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രി പുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്‌കോണ്‍ഗ്രസ് തമ്മിലുള്ള പടലപ്പിണക്കമാണ് ഫ്‌ളക് സ്‌ബോര്‍ഡില്‍നിന്ന് മാണിയുടെ ചിത്രം ഔട്ടാകാന്‍ കാരണമെന്നും പ്രചാരണമുണ്ടായിരുന്നു.

ജനങ്ങളില്‍നിന്നു നേരിട്ടു ലഭിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു തല്‍സമയം പരിഹാരം കണ്ടെത്തിയ ഭരണകര്‍ത്താവെന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടും. ഇതിനു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആന്ധ്രാപ്രദേശിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നെങ്കിലും ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. കേരള മാതൃകയില്‍ ജനസംബര്‍ക്ക പരിപാടി ആവിഷ്‌കരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണു ജനസമ്പര്‍ക്ക പരിപാടി ഇതുവരെ നടന്നത്.

ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതു തൃശൂര്‍ ജില്ലയിലാണ്. എണ്‍പത്തിമൂവായിരത്തിലേറെ പരാതികളാണ് ത്യശൂരില്‍ മുഖ്യമന്ത്രിയെ കാത്തിരുന്നത്. ഇതില്‍ 48,000 പരാതികള്‍ക്കും അന്നുതന്നെ പരിഹാരം കണ്ടെത്തി.എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിയാണ് ഏറ്റവും ദീര്‍ഘിച്ചത്. തുടര്‍ച്ചയായി 19 മണിക്കൂറാണ് ഒരു വേദിയില്‍ മാത്രം നിന്നു മുഖ്യമന്ത്രി പരാതി സ്വീകരിച്ചത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് ഇനി ജനസമ്പര്‍ക്കപരിപാടി നടത്താനുള്ളത്. കോട്ടയത്ത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് 60,429 പരാതികളാണ്. തൃശൂര്‍ കഴിഞ്ഞാല്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മൂന്നാം സ്ഥാനം മലപ്പുറത്തിനാണ്. വ്യക്തിഗത ആനുകൂല്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്യുന്നത്. ലഭിച്ച പരാതികളില്‍ ഭൂമിസംബന്ധമായ പരാതികളും റേഷന്‍ കാര്‍ഡിലെ എ.പി.എല്‍.ബി.പി.എല്‍ പട്ടികയിലെ അപാകത പരിഹരിക്കണമെന്ന അപേക്ഷകളും പിന്നീടേ പരിഗണിക്കൂ