മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തില്‍ തമിഴ് നാടില്‍ നിന്നുള്ള തീര്‍ഥാടകരെ അക്രമിക്കുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ നല്‍കി അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാന്‍ വേണ്ടിയാണിതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വളരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ഇല്ലാത്ത സംഭവങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് അതത് സമയങ്ങളില്‍ ഇടപെട്ട് പിന്‍വലിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് തമിഴ്‌നാടിനു പോലും എതിര്‍ക്കാന്‍ കഴിയില്ല. തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കാര്യത്തില്‍ ഒരു ഹിഡണ്‍ അജണ്ടയും കേരളത്തിന് ഇല്ല. പുതിയ ഡാം പണിയുന്നത് ഇടുക്കി ഡാമിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോവാനാണെന്നാണ് തമിഴ്‌നാടിന്റെ വാദം. ഇതു സംബന്ധിച്ച് തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലും അവര്‍ ഈ നിലപാടാണ് സ്വീകരിച്ചത്.അതാണ് അവരുടെ എതിര്‍പ്പിനു കാരണമെങ്കില്‍ അതിനു പരിഹാരം ഉണ്ടാക്കും. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നതു തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒന്നുകില്‍ ഇരുസംസ്ഥാനങ്ങളും നേരിട്ട് ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ കേന്ദ്രം ഇടപെട്ട് ചര്‍ച്ചയ്ക്ക് വേദിയൊരുക്കണം. ചര്‍ച്ചയെ എന്തിന് തമിഴ്‌നാട് എതിര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
പുതിയ ഡാം എന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. തമിഴ്‌നാടിന്റെ അംഗീകാരം കൂടി നേടിയെടുത്ത് അത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പുതിയ ഡാം എന്നതല്ലാതെ മറ്റൊരു പോംവഴി ആലോചനയില്‍ ഇല്ല. തമിഴ്‌നാട് ചര്‍ച്ചയ്ക്ക് തയ്യാറാവും എന്ന ശുഭാപ്തി വിശ്വാസമാണ് കേരളത്തിന് ഉള്ളത്. ഏതുവിധത്തിലുള്ള ഉറപ്പും നല്‍കാന്‍ കേരളം തയ്യാറാണ്. തമിഴ്‌നാടിന്റെ മനോഭാവം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Friday, December 23, 2011
Home »
» മുല്ലപ്പെരിയാര്‍: തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍: തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
By Anonymous 12/23/2011 09:10:00 AM






