
സി.പി.എം ഭരിക്കുന്ന തലശേരി നഗരസഭയ്‌ക്കെതിരെ മാലിന്യപ്രശ്‌നത്തില്‍ നടന്നു വരുന്ന സമരം ഉദ്ഘാടനം ചെയ്യാനെത്തിയ കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണനെ സി പി എം സംഘം ആക്രമിച്ചു.
സമരസമിതി പ്രവര്‍ത്തകരായ വനിതകള്‍ക്കും മര്‍ദ്ദനമേറ്റു. രാമകൃഷ്ണനെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നോല്‍ പെട്ടിപ്പാലം മാലിന്യസമരം അമ്പത് ദിവസം പിന്നിട്ടതുമായി ബന്ധപ്പെട്ട് പുന്നോല്‍ പെട്ടിപ്പാലം മാലിന്യ വിരുദ്ധ വിശാല സമര മുന്നണി സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് രാമകൃഷ്ണനു നേരെ കയ്യേറ്റമുണ്ടായത്. രാമകൃഷ്ണന്‍ തലശേരി നഗരസഭയ്ക്കു മുമ്പില്‍ പ്രസംഗിക്കുമ്പോള്‍ നഗരസഭാ ഓഫിസിനുള്ളില്‍ നിന്നിറങ്ങി വന്ന സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു മുന്നില്‍ വലയം തീര്‍ത്തു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് കൂടുതല്‍ സംഘര്‍ഷമൊഴിവാക്കിയത്. പെട്ടിപ്പാലത്ത് ജാതി-മത-കക്ഷി രാഷ്ട്രീയഭേദമന്യേ മാലിന്യവിരുദ്ധ സമരം നടത്തിവരുന്ന വിശാലസമരമുന്നണിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയും ഗുണ്ടാസംഘം അക്രമിച്ചു. 50 പന്തം കൊളുത്തിയുള്ള പ്രതീകാത്മക പ്രതിഷേധത്തിനാണ് സമരസമിതി ആഹ്വാനം ചെയ്തരുന്നത്. എന്നാല്‍ തയ്യാറാക്കിവച്ച പന്തങ്ങളത്രയും സി.പി.എം ഗുണ്ടാസംഘം നശിപ്പിച്ചു.
പെട്ടിപ്പാലം മാലിന്യനിക്ഷേപകേന്ദ്രം ഉള്‍ക്കൊള്ളുന്ന ന്യൂമാഹി പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറഖാലിദിനെയും അക്രമികള്‍ കടുത്ത രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. സമരസമിതി ചെയര്‍മാന്‍ എന്‍ വി അജയകുമാര്‍, സമരസഹായസമിതി ജില്ലാ കമ്മിറ്റി അംഗം പോള്‍ ടി സാമുവല്‍, വിശാല സമരമുന്നണി നേതാക്കളായ റസിയ ലത്തീഫ,്‌സജ്ജാദ്,ശബ്‌നനൗഫല്‍, റുബീന ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനാധിപത്യ രീതിയില്‍ ജീവിക്കാനുള്ള അവകാശത്തിനും ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സമരം ചെയ്യുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച നടപടി സാമൂഹിക നീതിക്ക് നിരക്കാത്തതും ജനവിരുദ്ധവുമാണെന്ന് സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 6 മണിമുതല്‍ വൈകുന്നേരം 6വരെ തലശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും.






