കൊച്ചി: കേരള നിയമസഭയിലെ ബേബി ഹൈബി ഈഡന്‍ എം.എല്‍.എ വിവാഹിതനാകുന്നു. ടി.വി അവതാരക കൂടിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പുത്തന്‍താരോദയമെന്നു വിശേഷിപ്പിക്കുന്ന ഹൈബി വിവാഹംചെയ്യുന്നത്. അടുത്ത ജനുവരി 30 നാണ് വിവാഹം. മൂന്നുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 27 കാരനായ ഹൈബി ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്റേയും ജാന്‍സിയുടേയും മകളായ അന്നയെ സ്വന്തമാക്കുന്നത്. ജനവരി 26ന് തൃശ്ശൂര്‍ പുത്തന്‍പള്ളിയിലാണ് മനസ്സമ്മതച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. 30ന് കലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വിവാഹം.
ഒരു ഓണക്കാല പരിപാടിക്കുവേണ്ടി സ്വകാര്യചാനലില്‍ ഹൈബിയുമായി അഭിമുഖം നടത്തുമ്പോഴാണ് ഇരുവരും ആദ്യംകാണുന്നത്. രാഷ്ട്രീയത്തിലെ യുവതലമുറയെ അണിനിരത്തിയുള്ള ഓണംഓര്‍മകള്‍ അവതരിപ്പിക്കാനെത്തിയതായിരുന്നു അന്ന. കെ.എസ്.യു. പ്രസിഡന്റായിരുന്നു അന്ന് ഹൈബി. ആദ്യകാഴ്ചയില്‍ പ്രണയമൊന്നും തോന്നിയില്ലെന്ന് ഹൈബി പറയുന്നു. പക്ഷേ ആ മുഖം മനസ്സില്‍ പതിഞ്ഞുവെന്ന് സമ്മതിക്കുന്നു. പിന്നീടുള്ള ഒരു വര്‍ഷത്തെ നിശ്ശബ്ദതയ്ക്കിടയില്‍ ഹൈബി, രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കിലേക്കും അന്ന എഫ്.എം. റേഡിയോലോകത്തേക്കും വളര്‍ന്നു. ഇരുവരും വീണ്ടും കണ്ടപ്പോള്‍ ഹൈബിക്ക് എന്‍.എസ്.യു. പ്രസിഡന്റെന്ന പദവിയുടെ അകമ്പടിയുണ്ടായിരുന്നു. ചാനല്‍മൈക്കുകളുടെ മുന്നിലല്ലാതെ തീര്‍ത്തും അനൗപചാരികമായ പരിചയം പുതുക്കല്‍ പ്രണയത്തിലേക്ക് വഴിമാറാന്‍ താമസ്സമുണ്ടായില്ല. ഇത്രയുംകാലം ഹൈബി കൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ച ബന്ധം ഇപ്പോള്‍ പരസ്യമാകുകയാണ്.
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ.യാണ് ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന്‍. മുന്‍ എം.പി. പരേതനായ ജോര്‍ജ് ഈഡന്റേയും പരേതയായ റാണിയുടേയും മകന്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. നിയമസഭയിലേക്കുള്ള ആദ്യപോരാട്ടത്തില്‍തന്നെ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ തിളക്കത്തിലായിരുന്നു ജയം.
തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ പഠിക്കുമ്പോള്‍ കഥകളിയിലും കഥാപ്രസംഗത്തിലും ചാക്യാര്‍കൂത്തിലും മോണോആക്ടിലും പലതവണ സര്‍വ്വകലാശാലാതലത്തില്‍ വിജയിയായിട്ടുണ്ട് അന്ന. പാനിപ്പട്ട് എ.പി.ഐ. ഐ.ടിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിനോക്കവേയാണ് ടി.വി. അവതാരകയായത്. പിന്നീട് എഫ്.എം.റേഡിയോകളിലും പ്രവര്‍ത്തിച്ചു.
രാഷ്ട്രീയ മര്യാദകള്‍ പാലിച്ചും കൃത്യമായ വഴിയിലൂടെയുമാണ് ഹൈബി ഈഡനെന്ന ചെറുപ്പക്കാരന്‍ ദേശീയ രാഷ്ട്രീയത്തില്‍ എന്‍എസ്‌യു പ്രസിഡണ്ട് സ്ഥാനവും അതിനുശേഷം എംഎല്‍എ പദവിയും സ്വന്തമാക്കിയത്. രാഷ്ട്രീയ എതിരാളികള്‍ പോലും സൗഹൃദത്തോടെ മാത്രം കാണുന്ന വ്യക്തിത്വമാണ് ഹൈബിയുടേത്. സ്‌കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തില്‍ യാതൊരു താല്‍പര്യവും ഹൈബിക്കുണ്ടായിരുന്നില്ല. അവിടെ സ്‌പോര്‍ട്‌സ് ഇനങ്ങളിലായിരുന്നു ശ്രദ്ധ. പ്രീഡിഗ്രി അവസാന ബാച്ചില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ചേര്‍ന്നു. രാഷ്ട്രീയ പാരമ്പര്യം ഉണ്ടായിട്ടും അതേക്കുറിച്ച് വലിയ അറിവ് ഉണ്ടായിരുന്നില്ല. കോളേജില്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐക്കാരും, കെഎസ്‌യുക്കാരും തന്നെ കാണാന്‍ വന്നിരുന്നുവെന്ന് പിന്നീട് ഹൈബി ഓര്‍ക്കുന്നു. കെഎസ്‌യുവിന്റെ നേതാവായിരുന്ന അനൂപ് ആണ് എന്നെ കോളേജ് രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ആദ്യ വര്‍ഷം എന്നോട് ഇലക്ഷനില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിന്നില്ല. എന്‍എസ്എസിന്റെ വോളണ്ടിയറായി പ്രവര്‍ത്തിച്ച കാലഘട്ടമാണ് മാറ്റങ്ങള്‍ സൃഷ്ടിച്ചത്. കുട്ടികളോട് ഇടപഴകാനുള്ള ഒരു സാഹചര്യമണ്ടുായി. സ്‌റ്റേജ് ഫിയര്‍ മാറി. രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യമായി മത്സരിക്കുന്നത്. കോളേജ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് അന്നാണ്.
ഡിഗ്രി ആദ്യ വര്‍ഷം യുയുസിയായി വിജയിച്ചു. രണ്ടാം വര്‍ഷം ജനറല്‍ സെക്രട്ടറിയായി. മൂന്നാം വര്‍ഷം കോളേജ് തിരഞ്ഞെടുപ്പില്‍ ചെയര്‍മാനായി വിജയിക്കുന്ന വര്‍ഷമാണ് പിതാവ്, ജോര്‍ജ്ജ് ഈഡന്‍ മരിച്ചത്. തേവര കോളേജില്‍ പഠിച്ച 5 വര്‍ഷത്തില്‍ നാല് വര്‍ഷവും മത്സരിച്ച് ജയിച്ചു. സേക്രഡ് ഹാര്‍ട്ട്‌സിലെ അന്തരീക്ഷം, അവിടുത്തെ കെഎസ്‌യു, എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ഹൈബിയെ നല്ല വിദ്യാര്‍ത്ഥി നേതാവാക്കി. അക്കാഡമിക്‌സിന്റെ കാര്യത്തിലും, ആത്മവിശ്വാസത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കി.
ബിരുദം പൂര്‍ത്തിയാക്കിയ ശേഷം നിയമം പഠിക്കാനായി തിരുവനന്തപുരം ലോ അക്കാഡമിയില്‍ ചേര്‍ന്നു. ആ സമയത്ത് കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡണ്ട് എന്ന പദവിയുണ്ടായിരുന്നു ഹൈബിക്ക്. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളുമായിട്ടും മറ്റു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായും ബന്ധപ്പെടാന്‍ അവസരമൊരുങ്ങി. അതിന് ശേഷം സ്‌റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തെത്തി. ആ സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച സമയത്താണ് ദേശീയ പ്ലാറ്റ്‌ഫോമില്‍ എത്തിപ്പെടുന്നത്. പ്രായപരിധിയിലുള്ള നേതാക്കന്‍മാരെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചപ്പോഴാണ് അവിചാരിതമായി എന്‍എസ്‌യു പ്രസിഡണ്ടായി ഹൈബി നിയമിക്കപ്പെടുന്നത്. അതിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അവസാന നിമിഷം സീറ്റ് നഷ്ടപ്പെട്ടു. പിന്നീടാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതും വിജയിക്കുന്നതും






