ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ ജയലളിതയ്‌ക്കൊപ്പവും കേരളത്തില്‍ ജനങ്ങള്‍ക്കൊപ്പവും നില്‍്കുന്ന സിപിഎം കേന്ദ്രനേതൃത്വം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ വിവാദപ്രസ്താവന വെള്ളംചേര്‍ക്കാതെ വിഴുങ്ങും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പോളിറ്റ്ബ്യൂറോ നിലപാടിനെതിരേ വി.എസ് ശക്തമായി രംഗത്തുവന്നുവെങ്കിലും അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നാണ് തത്വത്തില്‍ ധാരണ. പാര്‍ട്ടി പോളിറ്റ്്ബ്യൂറോയെ പരസ്യമായി ലംഘിച്ചത് സംഘടനാപരമായി വലിയ കുറ്റമാണെങ്കിലും പി.ബിയെ കൊച്ചാക്കി വി.എസ് വളരുമെന്ന പേടിയിലാണ് നടപടി വേണ്ടെന്ന തീരുമാനത്തിനു പിന്നില്‍. വിഎസിനെതിരേ നടപടി വേണമെന്ന് ഒരുവിഭാഗം കേരള നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പി.ബി തല്‍ക്കാലം അതിനു വഴങ്ങില്ല.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിനെതിരായ നിലപാടാണു പിബി സ്വീകരിച്ചതെന്നും പ്രസ്താവന തിരുത്താന്‍ തയാറാകണമെന്നും കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വിഎസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് പിബി അഭിപ്രായം മാറ്റുമെന്ന് ആശിക്കുന്നു. പുതിയ അണക്കെട്ടെന്ന ആവശ്യത്തെക്കുറിച്ചു പിബി മൗനം പാലിക്കുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും പറയാനും എഴുതാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. പ്രസ്താവന കേരളവികാരത്തിനു ഗുണകരമാകില്ല. പിബിയുടെ പ്രസ്താവനയില്‍ തമിഴ്‌നാടിനു വെള്ളം നല്‍കണമെന്ന ആവശ്യത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയതിനെയും അച്യുതാനന്ദന്‍ വിമര്‍ശിച്ചു. ഈ വാര്‍ത്താസമ്മേളനത്തിനു ശേഷം ഡല്‍ഹിയില്‍ പ്രതികരിച്ച പിബി അം ഗം സീതാറാം യെച്ചൂരി, പ്രസ്താവനയും നിലപാടും തിരുത്തില്ലെന്നു വ്യക്തമാക്കി.
വിഎസിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മറ്റൊരു പിബി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സംസ്ഥാന താത്പര്യത്തിനു വിരുദ്ധമായി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച അഡ്വക്കെറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നിലപാടുമാറ്റം വഞ്ചനാപരമാണ്. നടക്കാനിരിക്കുന്ന സര്‍വകക്ഷിയോഗത്തിനും നിയമസഭാ സമ്മേളനത്തിനും പുതിയ സാഹചര്യത്തില്‍ പ്രസക്തിയില്ലാതായെന്നും അദ്ദേഹം ആരോപിച്ചു. എജി നല്‍കിയ സത്യവാങ്മൂലം കേരളത്തിന്റെ കേസ് അട്ടിമറിക്കുന്നതും ജനവികാരത്തെ മുറിവേല്‍പ്പിക്കുന്നതുമാണ്. ഇത് അദദേഹത്തിന്റെ സ്വന്തം അഭിപ്രായമാകാന്‍ സാധ്യതയില്ല. നേരത്തെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എതിര്‍കക്ഷിയായ തമിഴ്‌നാടിന്റെ വക്കീലായിരുന്നു ദണ്ഡപാണി. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം കൂറുമാറ്റമാണ്. ഈ സാഹചര്യത്തില്‍ എജിയെ പുറത്താക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എജിയുടേതിനു സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. കേന്ദ്രത്തെ ന്യായീകരിക്കുന്നതിനു വേണ്ടിയുള്ള മലക്കംമറിച്ചിലാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതാണു സര്‍ക്കാരിന്റെ നിലപാടെങ്കില്‍ സര്‍വകക്ഷിയോഗത്തിലും നിയമസഭാ സമ്മേളനത്തിലും സഹകരിച്ചിട്ടു കാര്യമില്ല. അദ്ദേഹത്തെ പുറത്താക്കാതെ പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു പരിപാടികള്‍ക്കും സഹകരിക്കില്ലെന്നും വിഎസ് പറഞ്ഞിരുന്നു. വി എസിന്റെ ഇന്നലത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ താക്കീത് ചെയ്യണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാന്‍ കേരള സിപിഎമ്മിലെ വി എസ് വിരുദ്ധര്‍ അനൗപചാരികമായി ആലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നതു മാത്രമല്ല ഇതിനു കാരണം. കേരളത്തിലെ ജനവികാരത്തിനൊപ്പം, പാര്‍ട്ടിയെ ധിക്കരിച്ചു പോലും നില്‍ക്കുന്നു എന്നു വരുത്താനാണ് വി എസ് ശ്രമിക്കുന്നതെന്നു വിലയിരുത്തിയാണ് ഈ പിന്മാറ്റം. അതിന്റെ പേരില്‍ വി എസിനെ പ്രതിക്കൂട്ടിലാക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ശക്തമായിരിക്കുന്ന ജനവികാരം പാര്‍ട്ടിക്ക് എതിരാകുമെന്നാണു ഭയം.
ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ച് പിബി നിലപാടു തിരുത്തണമെന്ന് വി എസ് ആവശ്യപ്പെടുകയായിരുന്നു. അതു പറയാന്‍ എന്ന നിലയിലല്ല മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയതെങ്കിലും ചോദ്യത്തിനുള്ള ഉത്തരമായി അക്കാര്യത്തില്‍ വെളിപ്പെടുത്തിയത് ആലോചിച്ചുറപ്പിച്ച നിലപാടായിരുന്നു. വലിയ വാര്‍ത്തയാകുമെന്നു മനസിലാക്കിത്തന്നെയായിരുന്നു ഇത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം സുപ്രീംകോടതിയിലാണെന്നും അതില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പി ബി യോഗം ചേര്‍ന്ന് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞത്. കോടതി വിധി വരുന്നതുവരെയുള്ള സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിലപാട് കേരളത്തിലെ ജനവികാരത്തിന് എതിരാണെന്നാണു വി എസിന്റെ പരസ്യ വിമര്‍ശനം. ജനങ്ങളുടെ അഭിപ്രായത്തിന് യോജിച്ച വിധത്തില്‍ പി ബി അഭിപ്രായം മാറ്റുമെന്നു താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ ആവശ്യം നടക്കാത്തതാണെന്നു മുതിര്‍ന്ന നേതാവായ വി എസിന് നന്നായി അറിയാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ പ്രമുഖ നേതാവ് ഇന്നലെ രാത്രി താനുമായി സംസാരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനോടു തുറന്നടിച്ചു. എന്നാല്‍ തന്നെ ഉദ്ധരിച്ച് ഈ പ്രതികരണം പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതായത്, ദേശീയ പാര്‍ട്ടിയായ സിപിഎമ്മിന് കേരളത്തിലെ ജനങ്ങളുടെ മാത്രം വികാരം മാനിച്ച് നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. മറ്റു ദേശീയ കക്ഷികളുടെ കാര്യവും ഇതുതന്നെയാണ്. ഇപ്പോള്‍ പിബിക്ക് പുറത്താണെങ്കിലും മുമ്പ് അദ്ദേഹം പി ബിയില്‍ അംഗമായിരുന്നപ്പോള്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന തര്‍ക്കങ്ങളില്‍ സ്വീകരിച്ചത് ഇതേവിധത്തിലുള്ള സമീപനമാണ്.കാവേരി നദീജല തര്‍ക്കത്തില്‍ മുഖ്യ കക്ഷികളായിരുന്ന കര്‍ണാടകയുടെയോ തമിഴ്‌നാടിന്റെയോ നിലപാടിനെ ഏകപക്ഷീയമായി സിപിഎം പിന്തുണച്ചിരുന്നില്ല. എന്നാല്‍ അതാതു സംസ്ഥാനങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് മിതവാദപരവും പക്വവുമായ നിലപാടു സ്വീകരിക്കാന്‍ സംസ്ഥാന ഘടകങ്ങളെ അനുവദിക്കുകയും ചെയ്തു. ബന്ദിപ്പൂര്‍ വന മേഖലയിലൂടെയുള്ള കേരളത്തില്‍ നിന്നുള്ള രാത്രികാല വാഹന ഗതാഗതത്തിനെതിരേ കര്‍ണാടക രംഗത്തു വന്നപ്പോഴും സിപിഎം ഏക പക്ഷീയമായി ആവേശം കാണിച്ചിരുന്നില്ല. കാവേരി തര്‍ക്ക കാലത്ത് വി എസും പി ബി അംഗമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പി ബി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരേ അച്ചടക്ക നടപടി കഴിയില്ലെന്നു നന്നായി മനസിലാക്കിയാണ് വി എസിന്റെ പരാമര്‍ശങ്ങള്‍.
ഒന്നാമതായി, മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ സിപിഎമ്മിലെ പരമോന്നത സമിതിയല്ല പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റിയാണ് പരമോന്നത സമിതി. രണ്ടു കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള സമിതി മാത്രമാണ് പി ബി. ആ സമിതി ഏതെങ്കിലും പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന നിലപാടെടുക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് അധികാരമുണ്ട്. പിബിയുടെ ഇടക്കാല പ്രസ്താവനകളൊന്നും നയപരമായ തീരുമാനമല്ല. അത്തരം പ്രസ്താവനകളെ വിമര്‍ശിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് ഭരണഘടനയില്‍ പറയുന്നില്ലത്രേ. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വി എസ് അത്തരമൊരു നിലപാട് പരസ്യമായി സ്വീകരിച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരികയുമില്ല. കേന്ദ്ര കമ്മിറ്റി യോഗത്തിലായിരുന്നു വി എസ് ഈ വിയോജിപ്പു പ്രകടിപ്പിക്കേണ്ടത് എന്നു മാത്രമാണ് നേതൃത്വത്തിന് പരമാവധി പറയാവുന്നത്. എന്നാല്‍ കേരളത്തില്‍ കത്തി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിന്നീട് എപ്പോഴെങ്കിലും അഭിപ്രായം പറഞ്ഞിട്ടു കാര്യമില്ല. മറ്റൊരു കാര്യം,
പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായ സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഒരുതരത്തിലുമുള്ള അച്ചടക്ക നടപടി സാധ്യമല്ല എന്നതാണ്. സാധ്യമാണെങ്കില്‍പോലും അത് തനിക്കു ഗുണകരമാകുമെന്നാണ് വി എസ് വിലയിരുത്തുന്നത്. വാര്‍ത്താ സമ്മേളനം നടത്തുന്നതിനു മുമ്പ് വി എസ് പാര്‍ട്ടിയില്‍ തന്റെ വിശ്വസ്തരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ഇതൊന്നുമറിയാതെയാണ് അദ്ദേഹത്തിന്റെ സഹായിയായ പാര്‍ട്ടി പ്രവര്‍ത്തകന്‍ വാര്‍ത്താ സമ്മേളനത്തിനിടെ വി എസിനെ തിരുത്താന്‍ ശ്രമിച്ചത്. പിബി നിലപാടു തിരുത്തണമെന്നു പറഞ്ഞപ്പോള്‍ അതു കുഴപ്പമാകില്ലേ എന്ന തരത്തില്‍ സഹായി വി എസിന്റെ അടുത്തുപോയി സ്വകാര്യമായി ചോദിക്കുകയായിരുന്നു. വി എസ് അത് അവഗണിക്കുകയും ചെയ്തുവത്രെ






