ന്യൂഡല്‍ഹി:രാജ്യമെങ്ങും സമരങ്ങളും, അനുകൂല കോടതിയുത്തരവുകളും ഉണ്ടെങ്കിലും നഴ്‌സുമാരുടെ സങ്കടകഥകള്‍ക്ക് വിരാമമാകുന്നില്ല. അധികൃതരുടെ ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ നഴ്‌സുമാരുടെ തൊഴില്‍പീഡനത്തിന് പരിഹാരം കാണാനാകൂവെന്ന വ്യക്തമായ സൂചനകളാണ് ആശുപത്രി അധികൃതര്‍ കാണിക്കുന്ന മര്‍ക്കടമുഷ്ടിയിലൂടെ ലഭികുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ച് ഡല്‍ഹിയിലെ ആശുപത്രികള്‍ മലയാളികളടക്കമുള്ള നഴ്‌സുമാരെ പീഡിപ്പിക്കുകയാണ്.
അതിനിടെ കേരളത്തിലെ നഴ്‌സിങ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ ഏറ്റെടുക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മിനിമം വേജസ് ഏര്‍പ്പെടുത്തുക, സേവന, വേതനവ്യവസ്ഥകള്‍ ഏകീകരിക്കുക, ജോലി സമയം മൂന്നു ഷിഫ്റ്റാക്കി നിജപ്പെടുത്തുക, നഴ്‌സിങ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 മുതല്‍ 23 വരെ ജനകീയ ആരോഗ്യകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുന്നതോടെ സമരത്തിന് കുറച്ചു കൂടി രാഷ്ട്രീയ മാനം കൈവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
രണ്ടു മലയാളി നഴ്‌സുമാര്‍ കൂടി ഈ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുന്ന വിഷയത്തില്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആലുവ സ്വദേശിനി ലീന പാപ്പച്ചന്‍, കാസര്‍കോട് സ്വദേശി ജസീന്താബായി എന്നിവരാണ് ഹര്‍ജിക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ മുഖേനയാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മൂല്‍ഛന്ദ് ആസ്പത്രിയില്‍ ജൂനിയര്‍ നഴ്‌സായ ലീന പാപ്പച്ചന്‍ മറ്റൊരു ആസ്പത്രിയില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പു കാണിച്ചിട്ടും സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായില്ല. ജസീന്താബായിക്കും ഇതേ അനുഭവമായിരുന്നു. നഴ്‌സുമാര്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ആസ്പത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നഴ്‌സുമാര്‍ക്കായി അഡ്വ. ജോസ് എബ്രഹാം ഹാജരായി. ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ ബെഞ്ച് ബുധനാഴ്ച ഹര്‍ജി പരിഗണിക്കും.
ഡല്‍ഹിയിലെപ്പോലെ കേരളത്തിലും നഴ്‌സുമാരുടെ സങ്കടകഥകള്‍ തുടരുകയാണ്. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരളത്തിലെ ചില ആശുപത്രികളില്‍ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ അവകാശനിഷേധം നടന്നതായി കണ്ടെത്തി. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദേശാനുസരണം കൊല്ലം ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ഇ.കെ. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ജൂബിലി, ദയ ആശുപത്രികളില്‍ നടന്ന പരിശോധനയിലാണ് നഴ്‌സുമാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ജോലിസമയം വിശ്രമമടക്കം ഒമ്പതര മണിക്കൂറായിരിക്കെ ഈ രണ്ട് ആശുപത്രികളിലും തുടര്‍ച്ചയായ 15 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിയെടുപ്പിക്കുന്നതായി തെളിഞ്ഞു.
നഴ്‌സുമാരെക്കൊണ്ട് അധികസമയം ജോലിയെടുപ്പിക്കുന്നുണ്ടെങ്കിലും മറ്റാനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും കണ്ടെത്തി. ശമ്പളമടക്കം മൂന്നു മാസത്തെ പ്രസവാവധി നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. പ്രസവാവധി എടുക്കുന്ന സ്ഥിരംജീവനക്കാരായ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും സ്‌ക്വാഡ് കണ്ടെത്തി. ഇത്തരത്തില്‍ അവധിയെടുത്ത ഭൂരിഭാഗം നഴ്‌സുമാരെയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 300 ഓളം സ്റ്റാഫ് നഴ്‌സുമാരോട് നേരിട്ട് വിവരങ്ങളന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഒരു സ്വകാര്യ ആശുപത്രിയില്‍ മിനിമം ശമ്പളമായ 5400 രൂപ പോലും നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ല. 3000 മുതല്‍ 3500 വരെയാണ് ശമ്പളമിനത്തില്‍ മാനേജ്‌മെന്റ് ഇവര്‍ക്ക് നല്‍കുന്നത്. വരുംദിവസങ്ങളില്‍ ജില്ലയിലെ മറ്റു പ്രധാനപ്പെട്ട ആശുപത്രികളിലും സ്‌ക്വാഡ് പരിശോധന നടത്തും







