തിരുവനന്തപുരം: കേരളം ഭയാശങ്കകളോടെ നോക്കിക്കാണുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും പ്രഖ്യാപിത ശത്രുവായ വി.എസ് അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കി പിണറായി വിജയന്‍രംഗത്തെത്തി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ സ്വീകരിച്ച നിലപാട് കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ആവശ്യമില്ലാത്തതും അനവസരത്തിലുള്ളതുമായിരുന്നുവെന്നാണ് പിണറായിയുടെ ആരോപണം. സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് വി.എസിന്റെ പ്രസ്താവനയെ പിണറായി തള്ളിപ്പറഞ്ഞത്.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ പ്രകടിപ്പിച്ച നിലപാടില്‍ ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടാണ് പി.ബി. ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ചത്. പി.ബിയുടെ ആ നിലപാട് ഈ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ വി.എസിന്റെ പ്രസംഗത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ പി.ബി. നിലപാടിനെതിരെ വി.എസ്. നടത്തിയ പ്രസ്താവനയിലാണ് പാളിച്ച സംഭവിച്ചത്. വി.എസിന്റെ ഈ നിലപാട് നിരാകരിക്കാനും പി.ബി. തീരുമാനിച്ചതായി പിണറായി പറഞ്ഞു. കേരളത്തിലെ എല്ലാ സമുദായ സംഘടനകളുമായും സി.പി.എമ്മിന് നല്ല ബന്ധമാണുള്ളത്.പക്ഷേ സമുദായ സംഘടനകള്‍ക്ക് പാര്‍ട്ടിയെ സ്വാധീനിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ മാധ്യമങ്ങളുമായി ഇടപെടുന്ന കാര്യത്തില്‍ മികച്ച ഒരു തന്ത്രം സി.പി.എം. നേതാക്കള്‍ സ്വീകരിക്കണമെന്ന ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടതിന് പരിഹാസത്തില്‍പ്പൊതിഞ്ഞ മറുപടിയാണ് പിണറായി നല്‍കിയത്. ''മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള മികവ് ഞങ്ങള്‍ക്കില്ല. അത് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമില്ല. ഇവിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടും നടന്ന ചര്‍ച്ചകളും അപ്പപ്പോള്‍തന്നെ ചാനലുകളിലും പത്രങ്ങളിലും വരുന്നത് നിങ്ങളുടെ മികവുകൊണ്ടാണല്ലോ''യെന്നും പ്രതിനിധികളെ നോക്കി തൊഴുതുകൊണ്ട് പിണറായി പറഞ്ഞു.
അതേസമയം ജില്ലാസമ്മേളനങ്ങള്‍ പുരോഗമിക്കവേ പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മൃഗീയഭൂരിപക്ഷത്തോടെ പാര്‍ട്ടി പിടിക്കുന്ന കാഴ്ചയാണ് സംജാതമായിരിക്കുന്നത്. സമ്മേളനം നടന്ന തിരുവനന്തപുരത്തും കോഴിക്കോട്ടും ഔദ്യോഗികവിഭാഗം അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരുകയായിരുന്നു. തിരുവനന്തപുരത്തു കടകംപള്ളി സുരേന്ദ്രനെയും കോഴിക്കോട്ട് ടി.പി. രാമകൃഷ്ണനെയും ജില്ലാ സെക്രട്ടറിമാരായി വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി, കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ രണ്ടിടത്തും ഏകകണ്ഠമായി. സംസ്ഥാന സമ്മേളനവേദിയായ തിരുവനന്തപുരത്തും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന കോഴിക്കോട്ടും 'തല്‍സ്ഥിതി തുടരാന്‍ നേരത്തെ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പത്തനംതിട്ട, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ നാളെ തുടങ്ങും. സമ്മേളന വിലയിരുത്തലിനായും നടക്കാനിരിക്കുന്നവയെക്കുറിച്ചുള്ള ആലോചനകള്‍ക്കായും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു തിരുവനന്തപുരത്തു ചേരും.
കടകംപള്ളി രണ്ടാംതവണയാണു തിരുവനന്തപുരം സെക്രട്ടറിയാകുന്നത്. 41 അംഗ കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ ട്രഷറര്‍ വി.എസ്. സുനില്‍കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.ജി. മീനാംബിക, ഏരിയാ സെക്രട്ടറിമാരായ ആര്‍. രാമു, ഡി.കെ. മുരളി, പുത്തന്‍കട വിജയന്‍ എന്നിവര്‍ ഇടംപിടിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. ബിജു അവഗണിക്കപ്പെട്ടു. നാല് അംഗങ്ങള്‍ അനാരോഗ്യവും മറ്റും കണക്കിലെടുത്ത് ഒഴിവാക്കപ്പെട്ടു. വി.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എട്ടുപേര്‍ മാത്രമാണ്. 38 അംഗ സംസ്ഥാന സമ്മേളന പ്രതിനിധിപ്പട്ടികയിലും ഔദ്യോഗികചേരി ആധിപത്യം നേടി. മുന്‍ കഴക്കൂട്ടം എംഎല്‍എ ആയ കടകംപള്ളി (58) സംസ്ഥാന സഹകരണ ബാങ്ക് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമാണ്.
മൂന്നാംതവണയാണു ടി.പി. രാമകൃഷ്ണന്‍ (62) കോഴിക്കോട് ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള കമ്മിറ്റിയില്‍ നിന്നു നാലു പേര്‍ ഒഴിവായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ്, സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ശ്രീധരന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.കെ. നളിനി, കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, താമരശേരി ഏരിയാ സെക്രട്ടറി ആര്‍.പി. ഭാസ്‌കരന്‍ എന്നിവരാണു 39 അംഗ ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. 34 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും നിശ്ചയിച്ചു. രണ്ടു പട്ടികയിലും ഔദ്യോഗികചേരിക്കു വന്‍ ആധിപത്യമാണ്. മുന്‍ എംഎല്‍എയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാണു രാമകൃഷ്ണന്‍. വി.വി. ദക്ഷിണാമൂര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നു 2005ല്‍ ആണു രാമകൃഷ്ണന്‍ ആദ്യമായി ജില്ലാ സെക്രട്ടറി പദവിയില്‍ എത്തിയത്






