Random Posts

Saturday, December 17, 2011

അരുണ്‍കുമാറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

പാടം നികത്തലിനുള്ള അനുമതിക്കായി വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്നു കോഴ വാങ്ങിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എസ്. അരുണ്‍കുമാറിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഈ മാസം 22 നകം വിശദീകരണം നല്‍കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അന്വേണത്തിന്റെ ഭാഗമായി 23 സാക്ഷികളെ ചോദ്യം ചെയ്യുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത വിജിലന്‍സിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹര്‍ജി ഭാഗം കോടതിയില്‍ വാദിച്ചു. വിജിലന്‍സ് മാനുവല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരായ അഡ്വ. വി.കെ. രാജുവിന്റെ അഭിഭാഷകന്‍ സന്തോഷ് മാത്യു കോടതിയില്‍ വാദിച്ചു.
അന്വേണ പുരോഗതി സംബന്ധിച്ച് വിജിലന്‍സ് എസ്.പി പി. രാധാകൃഷ്ണന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. അന്വേണത്തിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അരുണ്‍കുമാര്‍ ജോലി ചെയ്യുന്ന എെഎച്ച്ആര്‍ഡി ഓഫീസില്‍ നിന്നു ചില രേഖകള്‍ ലഭിക്കേണ്ടതുണ്ടെന്നും ഇതിന് നടപടികള്‍ സ്വീകരിച്ചതായും വിജിലന്‍സ് വെളിപ്പെടുത്തി.
പരാതിക്ക് ആസ്പദമായ ഇടപാട് നടന്നത് 2006 ല്‍ ആയതിനാല്‍ സാക്ഷികളെ കണ്ടെത്താനും രേഖകള്‍ പിടിച്ചെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. അന്വേണം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ വിവാദ സ്വാമി സന്തോഷ് മാധവന്‍ നല്‍കിയ പരാതിയില്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേണം നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. വി.കെ. രാജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
സന്തോഷ് മാധവന്റെ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിജിലന്‍സ് അന്വേണത്തിന് ഉത്തരവിട്ടത്. അന്വേണം കാര്യക്ഷമമല്ലെന്ന് പരാതിപ്പെട്ടാണ് ഹര്‍ജി.