Random Posts

Monday, December 12, 2011

മുല്ലപ്പെരിയാര്‍: 15-ന് പ്രത്യേക നിയമസഭായോഗം ചേരുമെന്ന് ജയലളിത

കേരളജനതയ്ക്കും സര്‍ക്കാറിനും തമിഴ്‌നാട് എതിരല്ല

മുല്ലപ്പെരിയാര്‍പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ജനങ്ങളുടെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഡിസംബര്‍ 15-ന് പ്രത്യേക നിയമസഭായോഗം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ കേരളസര്‍ക്കാറിന്റെ അവകാശവാദം മുഖവിലയ്‌ക്കെടുക്കാതെ അണക്കെട്ടിന്റെ അവകാശം തമിഴ്‌നാട് വിട്ടുകൊടുക്കില്ലെന്നുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തില്‍ വൈകാരികമായി പ്രതികരിക്കാതെ സംയമനത്തിന്റെ പാതയിലൂടെ നീങ്ങണമെന്നും ജയലളിത തമിഴ്‌നാട്ടിലെ ജനങ്ങളോട് നിര്‍ദേശിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച്ശാസ്ത്രീയരേഖകള്‍ നിരത്തി തമിഴ്‌നാടിന്റെ ഭാഗത്തുള്ള നീതിയുക്തമായ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധിപ്പിച്ച് പ്രശ്‌നപരിഹാരം കാണാനാകുമെന്നാണ് തമിഴ്‌നാട് ഗവണ്‍മെന്റിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ വൈകാരികപ്രതികരണങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ജയലളിത അഭ്യര്‍ഥിച്ചു. കേരളത്തിലെ ഒരു വിഭാഗത്തിന്റെ സ്ഥാപിത താത്പര്യങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തെ ഗുരുതരമാക്കിയത്. താനോ തന്റെ ഗവണ്‍മെന്‍േറാ കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ എതിരല്ല. കേരളത്തിലെ ജനങ്ങളുമായി തമിഴ്‌നാടിന് ഒരു ശത്രുതയുമില്ല. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങളുടെ ജീവനോ സ്വത്തോ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ തന്റെ സര്‍ക്കാറിനും വേദനയുളവാക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നിനും ഒരു പരിഹാരമാകുന്നില്ലെന്നും ജയലളിത വ്യക്തമാക്കി. മുല്ലപ്പെരിയാര്‍പ്രശ്‌നം ശാസ്ത്രീയമായും വസ്തുതാപരമായും വിശകലനം ചെയ്യാന്‍ കേരളം ശ്രമിക്കണം. അതിര്‍ത്തി ജില്ലകളില്‍ താമസിക്കുന്നവര്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കാതെ സംയമനം പാലിച്ച് അക്രമങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും ജയലളിത ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു സുപ്രീംകോടതി നിയോഗിച്ച സമിതി മുല്ലപ്പെരിയാര്‍പ്രശ്‌നം പരിശോധിക്കുന്നതിനിടയില്‍ ഔദ്യോഗിക ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് തമിഴ്‌നാടിന്‍േറത്. ഞായറാഴ്ച ജയലളിത പുറത്തുവിട്ട പ്രസ്താവനയിലും സുപ്രീംകോടതി ഈ പ്രശ്‌നത്തില്‍ ആത്യന്തികമായ നീതി തങ്ങള്‍ക്കു നേടിത്തരുമെന്ന പ്രത്യാശയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.