Random Posts

Saturday, December 17, 2011

അച്യുതാനന്ദന് തിരിച്ചടി

മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍ലില്‍നിന്നു മോചിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരാതി നല്‍കിയ വി.എസ് അച്യുതാനന്ദന് സുപ്രീം കോടതിയില്‍ തിരിച്ചടി. പിള്ളയുടെ ശിക്ഷ ഇളവുചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നും ഇക്കാര്യത്തില്‍ വി.എസിന് ഹൈക്കോടതിയെയോ മറ്റ് അധികൃതരെയോ സമീപിക്കാമെന്നും ജസ്റ്റിസുമാരായ പി. സദാശിവം, ബി.കെ.എസ് ചൗഹാന്‍ എന്നിവരങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ശിക്ഷ വിധിക്കുകയെന്നതാണ് തങ്ങളുടെ ചുമതലയെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നടപ്പാക്കുക കൂടി തങ്ങളുടെ ചുമതലയാണോ എന്ന് വി.എസിനോട് ചോദിച്ചു.
തടവുകാരെ സര്‍ക്കാരുകള്‍ വിട്ടയക്കുന്ന സംഭവം ആദ്യമായല്ല. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴടക്കം മുമ്പും പ്രതികളെ വിട്ടയച്ചിട്ടുണ്ട്. പ്രതിദിനം നൂറുകണക്കിന് കേസുകളില്‍ വിധി പറയുന്ന കോടതിക്ക് വിധിക്കുന്ന ശിക്ഷകളെല്ലാം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി. പിള്ളയെ മോചിപ്പിച്ചതിനെതിരെ നിയമവിദ്യാര്‍ത്ഥിയായ മഹേഷ് മോഹന്‍ നല്‍കിയ ഹരജിയിലും ഇതേ നിലപാടാണ് കോടതി സ്വീകരിച്ചത്. അതേസമയം, ശിക്ഷ നടപ്പാക്കുന്നതിലും ഇളവു ചെയ്യുന്നതിലുമുള്ള നടപടിക്രമങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നു നിരീക്ഷിച്ച കോടതി പിള്ളയുടെ ശിക്ഷ ഇളവു ചെയ്തതില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട പിള്ളയെ കേരളപ്പിറവി ദിനത്തില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്കൊപ്പമാണ് ശിക്ഷ ഇളവ് നല്‍കി മോചിപ്പിച്ചത്.