Random Posts

Friday, December 2, 2011

ഭീകരമായ അപകടം മുന്നിലുള്ളപ്പോള്‍ നിശബ്ദമാകാനാവില്ല: ഉമ്മന്‍ചാണ്ടി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമവായത്തിന്റെ അന്തരീക്ഷം പ്രതീക്ഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അപകടകരമായി ഉയരുകയും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 26 തവണ ഭൂചലനങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ജലനിരപ്പ് 120 അടിയിലേക്കു കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി
തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നു. ഈസ്ഥിതിയില്‍ സുപ്രീം കോടതിയിലും എമ്പവേര്‍ഡ് കമ്മിറ്റിയിലുമുള്ള നിയമപരവും സാങ്കേതികവുമായ തര്‍ക്കങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തുനില്‍ക്കാതെ ജനനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജലനിരപ്പ് കുറക്കേണ്ടത് അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ തമിഴ്നാടിന് നിലവിലുള്ള തോതില്‍ത്തന്നെ വെള്ളം ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള കാര്യമാണ്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉത്ക്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും ജനങ്ങളുടെ ഉത്കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. 2011 ജൂലൈക്ക് ശേഷം മാത്രം 26 തവണയാണ് ഭൂചലനങ്ങളാണ് ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.8 വരെയാണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി എെ. എെ.റ്റിയുടെ പഠനം മുന്നറിയിപ്പ് നല്‍കയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തേയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്‍ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ഡല്‍ഹി എെ. എെ. റ്റിയുടെ പഠനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീകരമായ അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു..