തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ സൗഹൃദമത്സരം. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് 27ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.മോഹന്‍ലാല്‍ ക്യാപ്ടനായുള്ള കേരള സ്ട്രൈക്കേഴ്‌സില്‍ താരറാണിമാരുള്‍പ്പെടെ അണിനിരക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്‌സില്‍ മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും വാണിജ്യ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമുണ്ടാകും.
ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ വീക്ഷിക്കാന്‍ 100, 200, 500, 1000 എന്നീ നിരക്കുകളില്‍ പ്രവേശന ടിക്കറ്റുകള്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലൂടെ ഉടന്‍ വിതരണം ആരംഭിക്കും. അതേസമയം സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന് വേണ്ടി തീവ്രപരിശീലനത്തിലാണ് മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ താരസംഘമായ കേരള സ്ട്രൈക്കേഴ്‌സ്. പരിശീലന മത്സരങ്ങളിലെ വിജയങ്ങളോടെ വരവറിയിച്ച ടീമിനൊപ്പം മോഹന്‍ലാലും ചേര്‍ന്നു.
സ്‌പെയിനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്ന ലാല്‍ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് പിറ്റേന്ന് രാവിലെതന്നെ ഗ്രൗണ്ടിലെത്തി. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട് ടീമിന്റെ നായകന്‍വന്നതോടെ ആവേശത്തിലേക്കുണര്‍ന്നു. ആര്‍പ്പുവിളികളോടെയാണ് കാമ്പസ് ലാലിനെ സ്വീകരിച്ചത്. ആദ്യം വാം അപ്പ്. പിന്നെ ഗ്രൗണ്ടിനു ചുറ്റും ജോഗിങ്. രജത് മേനോനും മണിക്കുട്ടനും നിഖിലും മുന്നയും വിവേക് ഗോപനുമൊക്കെ പച്ചയും നീലയും കലര്‍ന്ന ടീം ജഴ്‌സിയില്‍ നെറ്റ് പ്രാക്ടീസിലായിരുന്നു. ചുവപ്പ് ടീഷര്‍ട്ടും ക്രീം പാന്റുമായിരുന്നു ലാലിന്റെ വേഷം. ''സിനിമയ്ക്ക് ആകെയൊരു ആവേശമായില്ലേ....'' സണ്‍ക്രീം തേച്ച് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ ലാല്‍ ചോദിച്ചു.
പഴയകാല രഞ്ജി ടീമിനെതിരായ മത്സരത്തില്‍ സ്ട്രൈക്കേഴ്‌സിന്റെ ഉജ്ജ്വല പ്രകടനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നായകന് കളിയുടെ വിശദാംശങ്ങളറിയാന്‍ ഉത്സാഹം. ''ജനവരി 21 ഹൈദരാബാദിലാണ് നമ്മുടെ ആദ്യമത്സരം...'' ലാല്‍ പറഞ്ഞു. കളിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ പന്തുപോലെ വേഗത്തില്‍, ''പിന്നേ...'' എന്ന മറുപടി. നിഖിലാണ് ലാലിന്റെ പന്തുകള്‍ നേരിട്ടത്. കൃത്യമായി പിച്ചുചെയ്യുന്ന പന്തുകള്‍ പലപ്പോഴും വിക്കറ്റിനെത്തന്നെ ഉന്നമിട്ടു. ചിലത് തോളുചരിച്ച് നടന്ന പഴയ ലാലിനെപ്പോലെ സ്വിങ് ചെയ്ത് അത്ഭുതപ്പെടുത്തി. ''ലാലൂ...'' എന്ന വിളിയോടെയാണ് കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍ മോഹന്‍ലാലിന് ബൗളിങ് തന്ത്രങ്ങള്‍ പകര്‍ന്നത്. സംവിധായകന്റെ വാക്കുകള്‍ക്കെന്നപോലെ ലാല്‍ അതിനൊക്കെയും ശ്രദ്ധയോടെ കാതോര്‍ത്തു.
രജത്തിന്റെ ഒരു പന്ത് നിഖിലിന്റെ മിഡില്‍ സ്റ്റമ്പെടുത്തപ്പോള്‍ 'വെരിഗുഡ് ബോള്‍' എന്ന ഉച്ചത്തിലുള്ള പ്രശംസയായിരുന്നു പ്രോത്സാഹനം. ഉച്ചയ്ക്ക് ഒരുമണിക്കും വെയിലെന്ന വില്ലന്‍ ലാലിന് മുന്നില്‍ തോറ്റു. രണ്ടുതവണയായി ബൗളിങ് പരിശീലനം നടത്തിയ ലാല്‍ വിയര്‍പ്പാറ്റാതെ ഉടന്‍ പാഡുകെട്ടി ഇറങ്ങി. മണിക്കുട്ടന്റെ പേസിനും വിവേകിന്റെ സ്പിന്നിനും കരുതലോടെയായിരുന്നു ലാല്‍ ബാറ്റുവീശിയത്. ലെഗ്‌സൈഡില്‍ വരുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് സേനന്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്തിരുന്നു. ഇടയ്ക്ക് ചില സംശയങ്ങള്‍. അതിനുള്ള കോച്ചിന്റെ ഉത്തരം ഉടന്‍തന്നെ ബാറ്റിങ്ങിലേക്ക് പകര്‍ത്തല്‍.
ടീം രണ്ടായി തിരിഞ്ഞുള്ള മത്സരത്തിനു ശേഷമാണ് ലാല്‍ മടങ്ങിയത്. ജനവരി 22ന് 'മുംബൈ ഹീറോസി'നെ കൊച്ചിയിലും 28ന് 'ചെന്നൈ റൈനോസി'നെ ചെന്നൈയിലും ഫിബ്രവരി നാലിന് 'ബംഗാള്‍ ടൈഗേഴ്‌സി'നെ ഹൈദരാബാദിലും അഞ്ചിന് 'കര്‍ണാടക ബുള്‍ഡോസേഴ്‌സി'നെ കൊല്‍ക്കത്തയിലുമാണ് 'കേരള സ്ട്രൈക്കേഴ്‌സ്' നേരിടുന്നത്. 11ന് ചെന്നൈയിലാണ് സെമി. 12ന് ഹൈദരാബാദില്‍ ഫൈനല്‍.






