Random Posts

Sunday, December 4, 2011

സഹായംതേടി ലക്ഷങ്ങള്‍: ജനസമ്പര്‍ക്കപരിപാടി വിശാലമായ വേദിയിലേക്ക്


പത്തനംതിട്ട: സാധാരണക്കാര്‍ക്ക് അതിവേഗം ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്ക് ഒഴുകിയെത്തുന്നത് ജനസമുദ്രം. പത്തനംതിട്ടയില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച അപേക്ഷകളുടെ ബാഹുല്യം നിമിത്തം വിശാലമായൊരിടത്തേക്ക് വേദി മാറ്റിനിശ്ചയിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുയാണ്. നേരത്തെ സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയമാണ് നിശ്ചയിച്ചിരുന്നതെങ്കില്‍ ലക്ഷക്കണക്കിനു ആളുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഉറപ്പായതോടെ പരിപാടി സെന്റ്സ്റ്റീഫന്‍സ് പള്ളിയങ്കണത്തിലേക്കു മാറ്റുകയായിരുന്നു. പരാതികളുടെ എണ്ണം കൂടിയതും പരിപാടി ദിവസം വരുന്നവരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് വേദി മാറ്റാന്‍ കാരണം.

നവംബര്‍ 30 വരെ ജില്ലയില്‍ ലഭിച്ച പരാതികളുടെ എണ്ണം മാത്രം പതിനയ്യായിരത്തില്‍ അധികമാണ്. കലക്ടറേറ്റില്‍ ഇവയുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. അതിനുശേഷമേ പരാതികളുടെ എണ്ണം കൃത്യമായി പറയാനാകൂ. ഉദ്യോഗസ്ഥതല ക്രമീകരണങ്ങളെക്കുറിച്ചാലോചിക്കുന്നതിന് ഇന്ന് നാലിനു കലക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേരും. ജനസമ്പര്‍ക്ക പരിപാടി വിജയിപ്പിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി പ്രതിനിധിയോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പ്രധാന വേദി മാറ്റുന്നത്.

പള്ളി ഓഡിറ്റോറിയത്തിലെ സ്‌റ്റേജില്‍ ജനസമ്പര്‍ക്ക ദിവസം പൂര്‍ണസജ്ജമായ ആശുപത്രി പ്രവര്‍ത്തിപ്പിക്കും. പ്രാഥമിക ചികില്‍സ, ഡോക്ടറുടെ ചികില്‍സ, അത്യാവശ്യം കിടത്തി ചികില്‍സയ്ക്കുള്ള സൗകര്യം, ആംബുലന്‍സ് സൗകര്യം എന്നിവ ഇവിടെയൊരുക്കും. രോഗികള്‍, വികലാംഗര്‍, വൃദ്ധര്‍ എന്നിവരുടെ കാര്യമായ പങ്കാളിത്തം ജനസമ്പര്‍ക്ക പരിപാടിക്കുണ്ടാകുമെന്നതിനാലാണ് ഇത്. നിന്നും മറ്റും ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്നവര്‍ക്ക് ആവശ്യമായ യാത്രാസൗകര്യവും ഉറപ്പാക്കും. രാത്രി കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസ് നടത്താന്‍ നടപടിയുണ്ടാകും. അതോടൊപ്പം നഗരത്തില്‍ ആവശ്യമായ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും. കഴിയുന്നത്ര പട്ടയങ്ങള്‍ ജനസമ്പര്‍ക്ക വേദിയില്‍ വിതരണം ചെയ്യും. ദേശീയ കുടുംബക്ഷേമനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യവും അന്നു വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേദിയില്‍ മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളും ആനുകൂല്യവിതരണം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ മാത്രമല്ല, സംസ്ഥാനമെമ്പാടും പരിപാടിക്ക് വമ്പിച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. കണ്ണൂരില്‍ നാളെ നടക്കാനിരിക്കുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്ക് ഇതുവരെ അരലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിനായി ടൗണ്‍സ്‌ക്വയറില്‍ കൂറ്റന്‍ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. 320 അടി നീളവും 160 അടി വീതിയുമുള്ള പന്തലാണ് ഒരുങ്ങുന്നത്. ഇവിടെ 36 കൗണ്ടറുകളും സജ്ജമാക്കും. പൊതുജനങ്ങളുടെ പരാതികള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കാണുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്ക പരിപാടി കഴിയുംവരെ ഇവിടെ ജാഗരൂകരായുണ്ടാവും. ഇതിനകം ലഭിച്ച പരാതികളില്‍ വിവിധ വകുപ്പുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇപ്പോള്‍ ലഭിക്കുന്ന അപേക്ഷകളില്‍ ഉടന്‍ നടപടിയെടുക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ മൂന്നിന് രാവിലെ 9.30ന് ജനസമ്പര്‍ക്ക പരിപാടി തുടങ്ങും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുപുറമെ മന്ത്രിമാരായ കെ.സി.ജോസഫ്, കെ.പി.മോഹനന്‍ തുടങ്ങിയവരും പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്കപരിപാടി ചരിത്രംകുറിച്ച് മുന്നേറുന്നു. ചുവപ്പുനാടയുടെ പതിവു നിസംഗതയില്‍ നിന്നും ജനഹൃദയങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പറിച്ചുനടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ജനസമ്പര്‍ക്കപരിപാടിക്ക് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം നിയോജകമണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ കഴിഞ്ഞദിവസം നടന്ന പരിപാടി ഉദാഹരണം. നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ദൈന്യകഥകളുറങ്ങുന്ന ഫയലുകളുടെ ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തീരായിരത്തോളം പരാതികള്‍ക്കാണ് ഒറ്റദിവസം കൊണ്ട് തീര്‍പ്പാക്കിയത്. ഒരു പകലും രാത്രിയും നീണ്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മഹായജ്ഞമായി മാറുകയായിരുന്നു.

കാക്കനാട് കളക്ടറേറ്റില്‍ കഴിഞ്ഞ ശനിയാഴ്ച 9.30നാണ് പരിപാടി തുടങ്ങിയത്. അവസാനത്തെ പരാതിക്കാരനേയും കണ്ട് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ പാതിരാത്രിയായിരുന്നു. കുറച്ച് കരിക്കിന്‍വെള്ളം മാത്രം കുടിച്ച്, ഒരേ നില്പില്‍ ആയിരങ്ങളെ നേരില്‍ കണ്ട് മുഖ്യമന്ത്രി അവരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു. കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥവൃന്ദം മുഖ്യന്ത്രിയുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തുനിന്നു. 7500 ഓളം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. അയ്യായിരത്തോളം പരാതികളില്‍ നേരത്തെ തന്നെ അതത് വകുപ്പുകളില്‍ തീര്‍പ്പാക്കിയിരുന്നു. മറ്റുള്ളവരെയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ടത്. എല്ലാ പരാതികളിലും മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചു.

പരാതിക്കാരും കൂടെ വന്നവരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ തിങ്ങിനിറഞ്ഞത്. എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കാന്‍ ആയിരത്തിലധികം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഇതില്‍ 700 പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്നുള്ള 250 പേര്‍ക്ക് പട്ടയം വിതരണംചെയ്തു. 50 ലക്ഷം രൂപയാണ് കുടുംബസഹായ നിധിയില്‍നിന്ന് വിതരണം ചെയ്തത്. മൊത്തം 500 പേര്‍ക്ക് 10,000 രൂപവീതം ഈയിനത്തില്‍ ലഭിച്ചു. ദുരിതാശ്വാസ, ചികിത്സാ ധനസഹായമായി 71 ലക്ഷം രൂപ ജനസമ്പര്‍ക്കവേദിയില്‍ അനുവദിച്ചു. 1400 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്‌കൂള്‍ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ യൂണിഫോം ഉടക്കിവീണ് മരിച്ച കുന്നത്തുനാട് മഠത്തിപ്പറമ്പില്‍ സാന്ദ്രയുടെ പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ ആശ്വാസധനം നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്.

ആംബുലന്‍സിലെത്തിയ നാല് രോഗികള്‍ക്കരികിലെത്തി മുഖ്യമന്ത്രി അവര്‍ക്ക് സഹായം നല്‍കി. പിന്നീട് സദസ്സിന്റെ മുന്‍നിരയിലിരുന്ന അഞ്ഞൂറോളം വികലാംഗര്‍ക്കരികിലേയ്‌ക്കെത്തി. ഓരോരുത്തരേയും കണ്ട് ആശ്വസിപ്പിക്കുകയും പരാതികള്‍ക്ക് തീര്‍പ്പ് കല്പിച്ച് ഫയലില്‍ ഉത്തരവുകളെഴുതുകയും ചെയ്തു. രാവിലെ 9.45ന് വികലാംഗര്‍ക്കിടയിലേയ്ക്ക് നീങ്ങിയ മുഖ്യമന്ത്രി3.40 നാണ് പൊതുപരാതികള്‍ കേള്‍ക്കാന്‍ വേദിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ ചികിത്സാസഹായം സംബന്ധിച്ച പരാതികള്‍ കേട്ട് എക്‌സൈസ് മന്ത്രി കെ. ബാബു തീര്‍പ്പുകള്‍ നല്‍കി. കുടുംബസഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

സ്‌ട്രെച്ചറിലും ക്രച്ചസ്സിലും വീല്‍ച്ചെയറിലും വന്നവര്‍, ഉറ്റവര്‍ എടുത്തുകൊണ്ടുവന്നവര്‍, അശരണര്‍, ആലംബഹീനര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കൈകാലുകള്‍ നഷ്ടമായവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, അനാഥര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍....ദൈന്യം നിറഞ്ഞ ജനജീവിതത്തിന്റെ ഭിന്നമുഖങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിറഞ്ഞത്. അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷമേ താന്‍ ഈ വേദി വിടൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടി തുടങ്ങിയത്. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയപ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാണുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്. കൂട്ടായ്മയുടെ ഈ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ജനസമ്പര്‍ക്കപരിപാടിക്കെതിരേ ചില കോണുകളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനത്തിനു വ്യക്തമായ മറുപടിയും മന്ത്രി നല്‍കി. ജനസമ്പര്‍ക്ക പരിപാടിയില്‍ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ പണം വാരിയെറിയുകയാണെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പിനെതിരെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സാങ്കേതികത്വം പറഞ്ഞ് ഉത്തരവാദിത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ തല്‍സമയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാല്‍ എല്ലാ റെക്കോഡുകളും ശരിയാണെന്ന് പറയാനാകില്ല. നൂറു പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ ഒന്നോ രണ്ടോ തെറ്റ് വന്നേക്കാം. തെറ്റുകള്‍ വരുമെന്ന് സംശയിച്ച് നൂറുപേര്‍ക്കും സഹായം നല്‍കേണ്ടെന്ന തീരുമാനം ശരിയാണെന്ന് താന്‍ കരുതുന്നില്‌ളെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എറണാകുളം ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ധനവകുപ്പിന്റെ മുന്നറിയിപ്പിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി ഇങ്ങനെ സംസാരിച്ചത്. താന്‍ ചെയ്യുന്നത് മുഴുവന്‍ ശരിയാണെന്ന് കരുതുന്നില്ല. എന്നാല്‍, തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താതിരിക്കില്ല. തെറ്റുകളും കുറവുകളുമുണ്ടെങ്കില്‍ അത് നിശ്ചയമായും ഉള്‍ക്കൊള്ളും. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ചിലപ്പോള്‍ ശരിയാകാം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണം. ചട്ടം വിട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാട്ടണം. ഏതൊക്കെ കാര്യങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ധനവകുപ്പ് തെറ്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് പരിശോധിക്കും.ധനവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് സ്വതന്ത്രമായ അഭിപ്രായമെഴുതി ബുധനാഴ്ച രാവിലെ സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കടമയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തെല്ലാം വിവദങ്ങളുണ്ടാക്കിയാലും ഉമ്മന്‍ചാണ്ടി എന്ന വാക്കിന് ആശ്വാസം എന്ന അര്‍ഥമാണ് പരിപാടിക്കെത്തുന്ന ജനം നല്‍കുന്നത്. ആയിരങ്ങളുടെ സങ്കടങ്ങളെ നീലയും വെള്ളയും കലര്‍ന്ന നിറമുള്ള ഒരു പേനകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി മാറ്റിയെഴുതി. ഒരു ഒപ്പ് ഒപ്പിയത് എത്രയോ മുഖങ്ങളിലെ കണ്ണീര്‍. സിംഹാസനങ്ങള്‍ വിട്ട് അധികാരം ആള്‍ക്കൂട്ടത്തെത്തേടി വരികയും അവരിലൊരാളാകുകയും ചെയ്തപ്പോള്‍ സഞ്ചരിക്കുന്ന സര്‍ക്കാരായി മാറി ഉമ്മന്‍ചാണ്ടി. ഏകാന്തത എന്നെ ശ്വാസം മുട്ടിക്കും എന്നു പറഞ്ഞ മനുഷ്യന് ഇന്നലെ അത്യാഹ്ലാദത്തിന്റെ ദിനമായിരുന്നിരിക്കണം. ജനസമ്പര്‍ക്കം എന്ന വാക്കിനെ അക്ഷരാര്‍ഥത്തില്‍ സത്യമാക്കിക്കൊണ്ട് അദ്ദേഹം ആളുകളിലലിഞ്ഞു. വേദനയിലും വിയര്‍പ്പിലും നനഞ്ഞ കടലാസുകള്‍ക്ക് നീലമഷികൊണ്ട് ജീവന്‍ നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും തൊടാവുന്ന ഒരാളായി മാറി. കണ്ണുനട്ടിരുന്നവര്‍ക്കും, കാണാന്‍കഴിയാത്തതിനാല്‍ കാതോര്‍ത്തിരുന്നവര്‍ക്കുമരികിലേക്കാണ് മുഖ്യമന്ത്രി പിന്നെ നടന്നുചെന്നത്