തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അതിശക്തമായ സമരപരിപാടികള്‍ക്ക് ഇന്നു തുടക്കമാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിരോധനമന്ത്രി എ.കെ ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സമ്മര്‍ദ്ദശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് സമരപരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ കേരളത്തിലെ നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതില്‍ കേരളം വിജയം കണ്ടുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.എം. ആഗസ്തി ഇന്ന് വണ്ടിപ്പെരിയാറില്‍ നിരാഹാരസമരം തുടങ്ങുന്നതോടെ സമരത്തിന്റെ ആദ്യഘട്ടത്തിലേക്ക് സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വം കാലെടുത്തുവയ്ക്കു. ഉച്ചക്ക് രണ്ടു മണിക്ക് വണ്ടിപ്പെരിയാറില്‍ ജനകീയ കൂട്ടായ്മയും നടക്കും.
ഡിസംബര്‍ 12 ന് 140 നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും കെ.പി.സി.സി അടിയന്തര എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച എക്‌സിക്യൂട്ടീവ് പുതിയ അണക്കെട്ടു പണിയണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസ്‌സാക്കി. പ്രശ്‌നം കോടതിയിലാണെങ്കിലും കോടതി വഴിയുള്ള പരിഹാരത്തിനായി കാത്തിരിക്കാനാവില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. ഒരു കോടതിക്കും ഡാം തകരുന്നത് പ്രവചിക്കാനോ പ്രതിരോധിക്കാനോ കഴിയില്ല. ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോടതിക്ക് പുറത്തു വച്ച് എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകണം. ഡാമിന്റെ ജലനിരപ്പ് 120 അടിയായി നിജപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന അടിയന്തരഘട്ടം നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതലുകളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തിയെന്ന് എക്‌സിക്യൂട്ടീവിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും സോണിയാഗാന്ധിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് ആശങ്ക അറിയിക്കുകയും കോടതിക്ക് പുറത്ത് പരിഹാരം കാണുന്നതിന് ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യ നിലപാട് കാരണം ഒത്തുതീര്‍പ്പിന് വഴി തെളിയാത്തത് നിര്‍ഭാഗ്യകരമാണ്. ജയലളിത നിലപാട് മാറ്റണം. പ്രധാനമന്ത്രിയും കേന്ദ്രത്തിലുള്ള മലയാളി മന്ത്രിമാരും പ്രശ്‌നം പരിഹരിക്കാന്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. അതില്‍ പ്രതീക്ഷയുണ്ട്.
ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് ഒടുവില്‍ തമിഴ്‌നാട് തയ്യാറായത് കാര്യങ്ങള്‍ ശരിയായ ദിശയില്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണെന്നും കെ.പി.സി.സി വിലിയുത്തുന്നു. മന്ത്രിമാര്‍ വിലക്ക് ലംഘിച്ച് സമരത്തില്‍ പങ്കെടുത്തത് ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പ്രാര്‍ത്ഥനായജ്ഞത്തിലാണ് പങ്കെടുത്തതെന്ന് രമേശ് മറുപടി നല്‍കി. ഘടകകക്ഷികള്‍ക്ക് സമരം നടത്താനുള്ള അവകാശമുണ്ട്. അതില്‍ തെറ്റില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസല്ല ആരായാലും അനാവശ്യമായി പ്രകോപനമുണ്ടാക്കുന്ന സമരം ചെയ്യരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞദിവസം വരെ മുല്ലപ്പെരിയാര്‍ സമരഭൂമിയില്‍ നിറഞ്ഞുനിന്നത് കേരള കോണ്‍ഗ്രസ് നേതൃത്വം തന്നെയായിരുന്നു. ധനമന്ത്രി കെ.എം മാണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചപ്പാത്തില്‍ നടന്ന സമരത്തില്‍ ആയിരങ്ങളാണ് ആവേശത്തോടെ അണിചേര്‍ന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളള പാര്‍ട്ടിപ്രവര്‍ത്തകര്‍ ചപ്പാത്ത് പാലം അടക്കിവാഴുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടു ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവാസപ്രാര്‍ഥനായജ്ഞം അനുഷ്ഠിക്കാന്‍ മന്ത്രി കെ.എം. മാണി എത്തിയത് അണികള്‍ക്കും നാട്ടുകാര്‍ക്കും വന്‍ ആവേശമായി. കൃത്യം 9.30ന് തന്നെ മന്ത്രി കെ.എം. മാണി ചപ്പാത്തിലെത്തി. തുടക്കം പ്രധാനവേദിയിലെ പ്രസംഗത്തോടെയായിരുന്നു. ജനങ്ങളുടെ വികാരം നെഞ്ചിലേറ്റിയ ഓരോവാക്കും നിറഞ്ഞ കയ്യടിയോടെയാണു ജനം വരവേറ്റത്. നിലവിലുളള സമരപ്പന്തലിനു സമീപമായി തയാറാക്കിയ സമരപ്പന്തലിലായിരുന്നു ഉപവാസ സമരം.
മുന്‍നിരയില്‍ മാണിക്കൊപ്പം ജോസ് കെ. മാണി എം.പി., എംഎല്‍എമാരായ എന്‍. ജയരാജ്, മോന്‍സ് ജോസഫ് തുടങ്ങിയവരാണുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പന്ത്രണ്ടരയോടെ മടങ്ങി. വിവിധ സ്ഥലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകര്‍ തിക്കിത്തിരക്കിയതോടെ പാലത്തിലൂടെയുളള ഗതാഗതം നിരവധി തവണ തടസ്സപ്പെട്ടു. പൊലീസും വോളന്റിയര്‍മാരും പണിപ്പെട്ടാണു ഗതാഗതം നേരേയാക്കിയത്. കെ.എം. മാണിയേയും, സമീപത്തെ പന്തലില്‍ അനിശ്ചിതകാലനിരാഹരം അനുഷ്ഠിക്കുന്ന എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, കെ. അജിത് എന്നിവരെയും കാണാന്‍ തുടക്കത്തില്‍ രണ്ടായി വഴി ക്രമീകരിച്ചുവെങ്കിലും ഇതെല്ലാം കാറ്റില്‍പ്പറക്കുമെന്ന അവസ്ഥ വന്നു. തുടര്‍ന്നു സന്ദര്‍ശകരെ ഒറ്റവരിയായി രണ്ടു പന്തലിലുള്ളവരേയും കണ്ടു തിരികെയിറങ്ങാനുളള സംവിധാനമൊരുക്കി. എന്നിട്ടും തിരക്കിനു കുറവുണ്ടായിരുന്നില്ല.
മുന്‍നിരയിലിരിക്കുകയായിരുന്ന മന്ത്രി കെ.എം. മാണിയുടെ കണ്ണുകള്‍ പലപ്പോഴും മുന്നിലുളള ജനക്കൂട്ടത്തിനു തൊട്ടുപിന്നിലൂടെ കടന്നുപോകുന്ന വിവിധ ജാഥകളുടേയും പ്രകടനങ്ങളുടേയും കൊടികളിലായിരുന്നു. ഇടയ്ക്കു ചാനല്‍ പ്രവര്‍ത്തകര്‍ മൈക്ക് നീട്ടിയതോടെ പലപ്പോഴും സന്ദര്‍ശകരുടെ നിര ദീര്‍ഘമായി നീണ്ടു. പൂക്കളും മിഠായികളുമായി കുട്ടികളും, മാലകളുമായി അമ്മമാരും കളം നിറഞ്ഞതോടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം ജനങ്ങള്‍ ഏറ്റെടുത്തു. ഒരോമണിക്കൂര്‍ പിന്നിടുമ്പോഴും ആവേശം മാനംമുട്ടുന്ന കാഴ്ചയായിരുന്നു ചപ്പാത്തില്‍. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുളളവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയതോടെ ചപ്പാത്ത് എന്ന കൊച്ചുഗ്രാമം തിരക്കുകൊണ്ടു വീര്‍പ്പുമുട്ടി. മണിക്കൂറുകളോളമാണു കട്ടപ്പന - കുട്ടിക്കാനം റോഡില്‍ ഗതാഗതം സ്തംഭിച്ചത്.
ബസുകള്‍ വാടകയ്‌ക്കെടുത്താണു ഹൈറേഞ്ചിലെ വിവിധപ്രദേശങ്ങളില്‍ നിന്നു ജനങ്ങള്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയത്. ഹൈറേഞ്ചിലെ തണുപ്പിനെ സമരത്തിന്റെ ചൂടുകൊണ്ടോടിച്ച ജനങ്ങള്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നു തെളിയിച്ച സമരമായിരുന്നു ഇന്നലെ കണ്ടത്. പതിനായിരങ്ങളാണ് ഇന്നലെ ഒറ്റദിവസം കൊണ്ടു ചപ്പാത്തില്‍ എത്തിയത്. മുല്ലപ്പെരിയാറില്‍ ഒരു ദുരന്തമുണ്ടായാല്‍ അത് പ്രകൃതി ദുരന്തമെന്നു കണക്കുകൂട്ടാനാവില്ലെന്നും തികച്ചും മനുഷ്യനിര്‍മ്മിതമായ ഒന്നായിരിക്കും അതെന്നും മന്ത്രി കെ.എം.മാണി പ്രസ്താവിച്ചു. ചപ്പാത്തിലെ നിരാഹാരപ്പന്തലില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. തന്റേത് പ്രതിഷേധ സമരമല്ലെന്നും തികച്ചും മാനുഷികമായ പരിഗണന വെച്ചു നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ ദുരന്തമാവും അത്. 116 വര്‍ഷം പഴക്കമുള്ള ഒരു മണ്‍ചിറയാണ് ഡാം. കാലപ്പഴക്കം കൊണ്ട് കേടുപാടുകളും വിള്ളലുകളും ചോര്‍ച്ചയും സംഭവിച്ചിട്ടുണ്ട്. അതിനു പുറമേയാണ് തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങള്‍ വരുത്തിയ കേടുപാടുകള്‍. 40 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഡാം കേരളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. എന്നാല്‍ ഇന്ന് നാം വിചാരിച്ചാല്‍ ദുരന്തം തടയാന്‍ സാധിക്കും. 136 അടി ജലനിരപ്പ് ഡാമിനു താങ്ങാന്‍ സാധിക്കില്ല എന്നുറപ്പുള്ള സ്ഥിതിയ്ക്ക് ജലനിരപ്പ് 120 അടിയായി കുറച്ചിലെങ്കില്‍ സംഭവിക്കുന്ന ദുരന്തം തികച്ചും മനുഷ്യനിര്‍മ്മിതം മാത്രമായിരിക്കും. നിലവില്‍ ലഭിക്കുന്ന ജലം തുടര്‍ന്നും നല്‍കാമെന്ന് കേരളം പ്രധാനമന്ത്രിയ്ക്കും സുപ്രീം കോടതിയ്ക്കും ഉറപ്പു നല്‍കിയിട്ടുള്ള സ്ഥിതിയ്ക്ക് എത്രയും വേഗം ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ മന്ത്രിയാണെന്നു പറഞ്ഞ് മാറിയിരിക്കുവാന്‍ മനുഷ്യത്വം അനുവദിക്കാത്തതു കൊണ്ടാണ് താന്‍ ഉപവാസമിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചപ്പാത്തിലെ നിരാഹാരപ്പന്തലില്‍ കഴിഞ്ഞ 1810 ദിവസമായി നിരാഹാര സമരം നടത്തി വരുന്ന സമരസമിതി നേതാക്കളെ പേരെടുത്ത് പറഞ്ഞ് അഭിവാദ്യമര്‍പ്പിച്ചാണ് കെ.എം.മാണി വാര്‍ത്താ സമ്മേളനമാരംഭിച്ചത്. വൈകാരികമായി സംസാരിച്ച കെ.എം.മാണി ഒരു മനുഷ്യ നിര്‍മ്മിത ദുരന്തം നടന്നാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം തമിഴ്‌നാടിനായിരിക്കുമെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.






