Random Posts

Monday, December 5, 2011

കേരളത്തിലെ ദേവാലയങ്ങളില്‍ മുല്ലപ്പെരിയാറിനുവേണ്ടി പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തി; ബ്രിട്ടനിലും ഇന്ന് പ്രാര്‍ത്ഥനാ ദിനം


കൊച്ചി: കെ.സി.ബി.സിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും മുല്ലപ്പെരിയാര്‍ ദിനം ആചരിച്ചു. ബ്രിട്ടനിലും സീറോ മലബാര്‍ സഭാ അല്‍മായ കൂട്ടായ്മയായ സെന്റ് തോമസ് കാത്തലിക്‌ ഫോറം ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുകയാണ്. ദിനാചരണത്തിന്റെ ഭാഗമായി ദൈവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തി. മതബോധനവിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരികള്‍ തെളിച്ചും പ്രതിജ്ഞ ചൊല്ലിയും മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങുകളും നടത്തി.

കത്തോലിക്കാസഭയിലെ സാമൂഹിക പ്രവര്‍ത്തനവിഭാഗങ്ങളും സംഘടനകളും മുല്ലപ്പെരിയാര്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രതീകാത്മകമായി മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കെ.സി.ബി.സി.യുടെ ആഹ്വാനമനുസരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും ഇന്നു നടക്കും. ഉപ്പുതറയില്‍നിന്ന് ആരംഭിക്കുന്ന സമര അഭിവാദന റാലി ചപ്പാത്ത് സമരപ്പന്തലില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം രൂപതാ മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. തിങ്കളാഴ്ച ചപ്പാത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ബസേലിയൂസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ സംസാരിക്കും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടഭീഷണിയില്‍ കഴിയുന്ന 35 ലക്ഷം ജനങ്ങളോട് ഐക്യദാര്‍ഢ്യവും സാഹോദര്യവും പ്രഖ്യാപിച്ചു കൊണ്ട് കേരള കത്തോലിക്കാസഭ 2011 ഡിസംബര്‍ 4 ഞായര്‍ മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കുമ്പോള്‍ ആ ദിവസം UKSTCF പ്രാര്‍ഥനാ ദിനമായി ആചരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനകളില്‍ പങ്കുചെര്‍ന്നും നമ്മുടെ സഹോദരരുടെ ജീവനും സ്വത്തിനും സംരക്ഷണം താമസംവിനാ നടപ്പിലാക്കുന്നതിനു അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവുകാന്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂക്ഷകള്‍ നടത്തിയും ഉപവാസം എടുത്തും ആചരിക്കുവാന്‍ കേന്ദ്ര സമിതി അഭ്യര്‍ഥിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുവാനും, ഇതര സംസ്ഥാനവുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ നടത്തി ഐക്യവും സമാധാനവും നഷ്ടപ്പെടാതെ രമ്യമായി പരിഹരിക്കുവാന്‍ അധികാരികള്‍ തയ്യാറാകുവാനും, സര്‍വ്വോപരി നമ്മുടെ സഹോദരരും, മാതാപിതാക്കളും അതീവ സുരക്ഷിതരായിരിക്കുവാനും പ്രാര്‍ഥനയില്‍ പ്രത്യേകം ഊന്നല്‍ നല്‍കും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇന്നത്തെ ബീഭത്സമായ അപകട അവസ്ഥയില്‍ ലക്ഷക്കണക്കിന്‌ മനുഷ്യ ജീവനും അവരുടെ സ്വത്തിനും അടിയന്തിര സുരക്ഷാ നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ കഴിയട്ടെ എന്നും കാത്തലിക ഫോറം ദേശീയ സമിതി ആശംസിച്ചു. രാഷ്ട്രീയ കക്ഷി ഭാഷാ-മത ഭേദമന്യേ ഒന്നിച്ചു നിന്ന് ഈ ദേശീയ പ്രശ്നത്തില്‍ ഒരു ശാശ്വത പരിഹാരം ഉടനുണ്ടാക്കുവാന്‍ ഇടവരട്ടെ എന്നും UKSTCF അഭിലഷിക്കുന്നു. അധികാര വര്‍ഗ്ഗത്തിന്റെ നിസ്സംഗതക്കെതിരെ പ്രവാസി വിശ്വാസി മക്കളുടെ കടുത്ത പ്രതിഷേധവും ആശങ്കയും കേന്ദ്ര സംസ്ഥാന നേതൃത്വത്തെ കാത്തലിക് ഫോറം അറിയിക്കാനും തീരുമാനിച്ചു.

മുല്ലപ്പെരിയാറില്‍ സമരം ശക്തമാവുകയാണ്. ഇടുക്കി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഏജന്‍സികളും മറ്റു സര്‍ക്കാര്‍ സ്വകാര്യസ്‌കൂളുകളും കോളേജുകളും ചേര്‍ന്ന് ബുധനാഴ്ച ചപ്പാത്ത്മുതല്‍ കളക്ടറേറ്റ്‌വരെ 55 കിലോമീറ്റര്‍ ദൂരത്തില്‍ വിദ്യാര്‍ഥിച്ചങ്ങല തീര്‍ക്കും. 60,000 കുട്ടികള്‍ അണിനിരക്കും. കട്ടപ്പനയില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും.