ഭൂചലനം മുല്ലപ്പെരിയാര്‍ ഡാമിന് സമ്മര്‍ദം കൂട്ടുന്നുണ്ടെന്നും ഇത് ബലക്ഷയത്തിന്‍െറ ആക്കം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും റൂര്‍ക്കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) പഠന റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അനുബന്ധ തേക്കടി -കൊടൈക്കനാല്‍ ഭ്രംശ മേഖലയെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 6.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ ഡാം തകരുമെന്ന് നേരത്തേതന്നെ ഐ.ഐ.ടി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിന്‍െറ അടിത്തട്ടില്‍ 1.51 ഗ്രാവിറ്റിയുള്ള ആഘാതം ഭൂചലന അനുബന്ധ സമ്മര്‍ദം മൂലം സംഭവിച്ചതായി രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട്, ഡാമിന് പൊതുവെ 0.16 ഗ്രാവിറ്റി സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍, ഡാം അടിത്തട്ടില്‍ മൂന്ന് ഗ്രാവിറ്റിയുള്ള സമ്മര്‍ദവും പൊതു സമ്മര്‍ദം 0.03 എന്നുമാണ് ജലകമീഷന്‍െറ റിപ്പോര്‍ട്ട്.
ഭൂചലനം മൂലം ഡാമുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദം ഡാമിന്‍െറ തകര്‍ച്ചക്കുവരെ കാരണമാകുമെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍. കൂടിയ സമ്മര്‍ദ സാധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാവേരി ഭ്രംശ മേഖലയിലെ ചലനങ്ങളും മുല്ലപ്പെരിയാറിനെ ബാധിക്കാമെങ്കിലും ശക്തി കുറഞ്ഞ തോതിലായിരിക്കും. എന്നാല്‍, തേക്കടി -കൊടൈക്കനാല്‍ മേഖലയിലുണ്ടാകുന്ന ചലനത്തിന്‍െറ ആഘാതത്തോളം വരില്ലിത്. ഇവിടെ ഭൂകമ്പമാപിനിയില്‍ ഏഴുവരെ രേഖപ്പെടുത്തണം അപകടകരമാകാന്‍. ഭ്രംശമേഖലയും അണക്കെട്ടും തമ്മിലുള്ള ദൂരം കുറയുന്തോറും ഭൂചലനത്തിന്‍െറ പ്രഹരശേഷി കൂടും.
ഭൂകമ്പ സാധ്യതയുള്ള ലോകത്തിലെ പ്രധാന ഒമ്പത് അണക്കെട്ടുകളിലൊന്ന് ഇടുക്കിയാണെന്ന് പ്രമുഖ സീസ്മോളജിസ്റ്റ് ഹര്‍ഷ് കെ.ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിറഞ്ഞുകിടക്കുന്ന അണക്കെട്ടുകളില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തിന്‍െറ സമ്മര്‍ദം ഹൈറേഞ്ചില്‍ ഭൂകമ്പത്തിന് കാരണമാകുന്നതായി ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഭൂകമ്പ വിഭാഗവും കണ്ടെത്തിയിരുന്നു. ഭൂമിക്ക് മുകളില്‍ ശക്തമായ ആഘാതം ചെലുത്തുംവിധം അണക്കെട്ടുകള്‍ പെരുകുന്നത് അത്യന്തം അപകടകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പെരിയാറ്റിലും പോഷക നദികളിലുമായി ഇടുക്കിയില്‍ 22 അണക്കെട്ടുകളുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ പ്രഹര ശേഷിയുള്ള എട്ട് ഉള്‍പ്പെടെ 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായും ഐ.ഐ.ടിയുടെ പഠനമുണ്ട്. കമ്പത്തുനിന്ന് മുല്ലപ്പെരിയാര്‍ വഴി മറ്റൊരു വിള്ളലുമുണ്ട്. ഈ ഭ്രംശ മേഖലകളില്‍ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ്. റിക്ടര്‍ സ്കെയിലില്‍ 6.5 വരെ ശക്തി രേഖപ്പെടുത്താവുന്ന ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി -കൊടൈക്കനാല്‍ ഭ്രംശ മേഖല, മൂല്ലപ്പെരിയാറില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ്. മുല്ലപ്പെരിയാര്‍ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിലുണ്ട്.
അണക്കെട്ട് നിര്‍മാണത്തിന്‍െറ സാങ്കേതിക വിജ്ഞാനവും പ്രായോഗിക പരിജ്ഞാനവും ശൈശവ ദിശയിലായിരുന്ന കാലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത്. ഭൂചലന വേളയില്‍ ഉണ്ടാകുന്ന അധികബലം നേരിടാനുള്ള സംവിധാനം അണക്കെട്ടിന്‍െറ നിര്‍മാണത്തില്‍ അന്ന് പരിഗണിച്ചിട്ടില്ല. സുര്‍ക്കിയും ചുണ്ണാമ്പും കല്ലുംകൊണ്ട് നൂറ്റാണ്ടുമുമ്പ് ഡാം പണിയുമ്പോള്‍ ഭൂചലന സാധ്യത മുന്നില്‍ക്കണ്ടിരുന്നില്ല. അന്ന് ഭൂകമ്പ സാധ്യത കുറഞ്ഞ പ്രദേശമായാണ് ഭൗമ ശാസ്ത്രജ്ഞന്മാര്‍ കേരളത്തെ കണ്ടിരുന്നത്. എന്നാല്‍, ഇന്ന് റിക്ടര്‍ സ്കെയിലില്‍ 6 മുതല്‍ 6.5 വരെ തീവ്രത രേഖപ്പെടുത്താവുന്ന ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള സോണ്‍ മൂന്നിലാണ് കേരളം.






